Asianet News MalayalamAsianet News Malayalam

പല്ലുവേദനയ്ക്ക് പരിഹാരമായി മുഴുവന്‍ പല്ലും പറിച്ചു; ഭിന്നശേഷിക്കാരി മരിച്ചു

സര്‍ജറി കഴിഞ്ഞുവന്നപ്പോള്‍ ഇവരുടെ ഒരു പല്ല് പോലും അവശേഷിച്ചിരുന്നില്ല. എല്ലാ പല്ലുകളും നശിച്ചതിനെ തുടര്‍ന്നാണ് നീക്കം ചെയ്തതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതേസമയം സര്‍ജറിക്ക് ശേഷം വൈകാതെ തന്നെ റേച്ചല്‍ അവശനിലയിലാവുകയായിരുന്നു

woman died after underwent surgery to remove all teeth
Author
Worcestershire, First Published Dec 14, 2018, 11:54 AM IST

ലണ്ടണ്‍: പല്ലുവേദനയ്ക്ക് പരിഹാരമായി മുഴുവന്‍ പല്ലും പറിച്ചതിനെ തുടര്‍ന്ന് അവശയായ ഭിന്നശേഷിക്കാരി മരിച്ചു. ഇംഗ്ലണ്ടിലെ വോസെസ്റ്റര്‍ഷെയറില്‍, റേച്ചല്‍ ജോണ്‍സ്റ്റണ്‍ എന്ന നാല്‍പത്തിയൊമ്പതുകാരിയാണ് മരിച്ചത്. 

നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വീസിന്റെ (എന്‍.എച്ച്.എസ്) കീഴിലുള്ള ക്ലിനിക്കില്‍ പല്ലുവേദനയേയും പല്ല് തേയ്മാനത്തേയും തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയതായിരുന്നു റേച്ചല്‍. പരിശോധനയ്ക്ക് ശേഷം ഒരു  ചെറിയ സര്‍ജറി നടത്താമെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചത്. 

എന്നാല്‍ സര്‍ജറി കഴിഞ്ഞുവന്നപ്പോള്‍ ഇവരുടെ ഒരു പല്ല് പോലും അവശേഷിച്ചിരുന്നില്ല. എല്ലാ പല്ലുകളും നശിച്ചതിനെ തുടര്‍ന്നാണ് നീക്കം ചെയ്തതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതേസമയം സര്‍ജറിക്ക് ശേഷം വൈകാതെ തന്നെ റേച്ചല്‍ അവശനിലയിലാവുകയായിരുന്നു. തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു മുന്നോട്ടുപോയിരുന്നത്. എന്നാല്‍ മരുന്നുകള്‍ക്കും ചികിത്സയ്ക്കും റേച്ചലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

ആശുപത്രിക്കെതിരെ പരാതിയുമായി റേച്ചലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പല്ലുവേദനയായി ചികിത്സക്കെത്തിയ രണ്ട് പേരുടെ കൂടി മുഴുവന്‍ പല്ലും സര്‍ജറിയിലൂടെ നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതായി സൂചനയില്ല.
 

Follow Us:
Download App:
  • android
  • ios