Asianet News MalayalamAsianet News Malayalam

നീളം കൂടിയ തലമുടി, ഉയരം കുറഞ്ഞ സ്ത്രീ...; 2019ല്‍ ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത് 80 ഇന്ത്യക്കാർ

നിലാൻശി പട്ടേല്‍ എന്ന പതിനാറുകാരിയാണ് ഏറ്റവും നീണ്ട തലമുടിയുള്ള കൗമാരക്കാരി എന്ന് ​ഗിന്നസ് റെക്കോർഡിന് അർഹയായത്. അഞ്ചടി ഏഴിഞ്ച് ആണ് നിലാൻശിയുടെ മുടിയുടെ നീളം.

80 Indians In Guinness World Records
Author
New Delhi, First Published Nov 1, 2019, 1:08 PM IST

ദില്ലി: ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരി, ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ, കടലാസ് കപ്പുകളുടെ ഏറ്റവും വലിയ ശേഖരം തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നായി എൺപത് ഇന്ത്യക്കാരാണ് ഇത്തവണ ഗിന്നസ് ലോക റെക്കോർഡില്‍ ഇടംനേടിയത്. ഗിന്നസ് നേട്ടങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ 'ഗിന്നസ് ലോക റെക്കോർഡ് 2020' ലാണ് ഇന്ത്യക്കാരുടേതടക്കം ആയിരക്കണക്കിന് ലോക റെക്കോഡുകൾ ഇടംപിടിച്ചത്.

നിലാൻശി പട്ടേല്‍ എന്ന പതിനാറുകാരിയാണ് ഏറ്റവും നീണ്ട തലമുടിയുള്ള കൗമാരക്കാരി എന്ന ​ഗിന്നസ് റെക്കോർഡിന് അർഹയായത്. അഞ്ചടി ഏഴിഞ്ച് ആണ് നിലാൻശിയുടെ മുടിയുടെ നീളം. നാഗ്പൂരിൽനിന്നുള്ള ജ്യോതി അമാഗെ ആണ് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ. 24.7 ഇഞ്ച് ആണ് ജ്യോതി അമാഗെയുടെ ഉയരം.

736 യൂണിറ്റ് പേപ്പർ കപ്പുകളുടെ ശേഖരവുമായാണ് തമിഴ്നാട്ടുകാരനായ വി ശങ്കരനാരായണൻ ​ഗിന്നസിൽ ഇടംപിടിച്ചത്. ഒരു രാജ്യത്തിനുള്ളിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്ത റെക്കോർഡ് ജോഷ്ന മിശ്ര, ദുർഗ ചരൺ എന്നിവർ സ്വന്തമാക്കി. 2018 ഫെബ്രുവരി 18 മുതൽ മാർച്ച് 30 വരെയാണ് ഇരുവരും ചേർന്ന് 29,119 കിലോമീറ്റർ സ‍ഞ്ചരിച്ചത്.

പൂനൈയിലെ ശ്രീധർ ചില്ലൈയുടെ 909.9 സെൻ്റിമീറ്റർ നീളമുള്ള നഖവും ഗിന്നസിൽ ഇടംനേടിയിട്ടുണ്ട്. ശ്രീധർ ചില്ലയുടെ ഇടതെ കയ്യിലാണ് നീണ്ട നഖങ്ങളുള്ളത്. അതേസമയം, ഇന്ത്യയുടെ അഭിമാനത്തിന് മങ്ങലേൽക്കുന്ന വിധത്തിലുള്ള റെക്കോർഡുകളും ഇന്ത്യയിൽ നിന്ന് ഇത്തവണ ​ഗിന്നസ് റെക്കോർഡിലെത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മലിനപ്പെട്ട നഗരമായി ഉത്തർപ്രദേശിലെ കാൺപൂരിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് വ്യാഴാഴ്ചയാണ് ഗിന്നസ് നേട്ടങ്ങളുടെ പുതിയ പതിപ്പ് പുറത്തിറക്കിയത്. അതിശയ മൃഗങ്ങൾ, ഭൂപ്രകൃതി, കായികനേട്ടങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പുതിയ ലക്കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എല്ലാ പ്രായക്കാരുടെയും വിജ്ഞാനത്തിനും വിനോദത്തിനുമുള്ളവ പുസ്തകത്തിലുണ്ടെന്ന് പ്രസാധകർ അവകാശപ്പെട്ടു. 

Follow Us:
Download App:
  • android
  • ios