Asianet News MalayalamAsianet News Malayalam

'എന്റെ ടെന്‍ഷന്‍ നീ പത്താംക്ലാസിലാണ് എന്നതല്ല'; ഒരച്ഛന്റെ വ്യത്യസ്തമായ കുറിപ്പ്...

'രാവിലെ അച്ചിയുണര്‍ന്നു നോക്കുമ്പോള്‍ മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്നു. ചെടികളുടെ തടങ്ങള്‍ മാത്രമല്ല അവയുടെ ഉടലും ഈറനായിരിക്കുന്നു. ചെടികളെ തഴുകിയെത്തുന്ന കാറ്റിനു പോലുമുണ്ട് തണുപ്പ്.  സൈക്കിള്‍ ബെല്ലടിച്ചു. മകള്‍ സ്‌കൂളിലേക്ക് യാത്രയാകുകയാണ്...'

fathers note on daughters examination tension and few ideas to overcome examination tensions
Author
Trivandrum, First Published Mar 6, 2019, 4:52 PM IST

എസ്എസ്എല്‍സി പരീക്ഷയാണ് നമ്മളില്‍ മിക്കവാറും പേരും ജീവിതത്തില്‍ ആദ്യമായി നേരിടുന്ന നിര്‍ണ്ണായകമായ പരീക്ഷ. ബാക്കിയെല്ലാം പത്താംക്ലാസിന് ശേഷം മാത്രമേ വരുന്നുളളൂ. മക്കള്‍ എസ്എസ്എല്‍സി എഴുതാന്‍ പോകുമ്പോള്‍ അവരെക്കാള്‍ 'ടെന്‍ഷന്‍' ആണ് മാതാപിതാക്കള്‍ക്ക്. പഠിച്ചതെല്ലാം വരില്ലേ, നന്നായി എഴുതാന്‍ കഴിയില്ലേ, നല്ല ഗ്രേഡ് കിട്ടില്ലേ... അങ്ങനെ നൂറ് ആശങ്കകളായിരിക്കും മാതാപിതാക്കള്‍ക്ക്. 

ഒമ്പതാംക്ലാസില്‍ നിന്ന് വിജയിച്ച് പത്തിലേക്ക് മക്കള്‍ കടക്കുമ്പോള്‍ തൊട്ട് തുടങ്ങും ചിലര്‍ക്ക് ഇത്തരം ആശങ്കള്‍. ഇത് മനസ്സിലടയ്ക്കിവയ്ക്കാതെ ദിവസത്തില്‍ അമ്പത് തവണ പറയുകയും വേണം. പലപ്പോഴും കുട്ടിയുടെ മാനസികാവസ്ഥയെ അസ്വസ്ഥതപ്പെടുത്തുകയോ കുട്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയോ ആണ് തങ്ങള്‍ ഇതിലൂടെ ചെയ്യുന്നതെന്ന് മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നില്ലയെന്നതാണ് വാസ്തവം. 

ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയുടെ സമയമാണ്. കുട്ടികളും മാതാപിതാക്കളും ഒരുപോലെ 'ടെന്‍ഷന്‍' അടിച്ചുനടക്കുന്ന ഈ സമയത്ത് വ്യത്യസ്തമാവുകയാണ് ഒരച്ഛന്റെ ഫേസ്ബുക്ക് കുറിപ്പ്. മകള്‍ പത്താംക്ലാസിലാണ് എന്നതുകൊണ്ട് 'ടെന്‍ഷന്‍' തലയില്‍ വച്ച് നടക്കാന്‍ തന്നെക്കൊണ്ടാകില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുയാണ് ജെ.ബിന്ദുരാജ് എന്ന അച്ഛന്‍.

കുറിപ്പ് വായിക്കാം...

ഇന്നലെ വൈകിട്ട് ആറരയ്ക്ക് മകള്‍ വിളിച്ചു. 

''അച്ചീ, അച്ചി വന്നിട്ട് എനിക്കൊരിടം വരെ പോണം.''
''എവിടാടീ?''
''ഷൂസും വേറെ കുറച്ചു സാധനങ്ങളുമൊക്കെ വാങ്ങണം.''
''നിന്റെ കൈയില്‍ കാശുണ്ടല്ലോ. നിനക്കങ്ങ് വാങ്ങിച്ചാല്‍ പോരെ. വേണേല്‍ അമ്മേം കൂട്ടിക്കോ.''
''ഞാന്‍ അച്ചി വരാന്‍ വെയിറ്റ് ചെയ്യുകയാണ്. അച്ചി വന്നിട്ടേ പോകുന്നുള്ളു.''

ഞാന്‍ ഒന്നു ശങ്കിച്ചു. എല്ലാ കാര്യവും ഒറ്റയ്ക്ക് ചെയ്യണമെന്ന് നിര്‍ബന്ധമുള്ള എന്റെ മകള്‍ ഇതെന്താണ് ഇപ്പോ പതിവില്ലാതെ ഞാന്‍ കൂട്ടുചെല്ലണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്?
ഞാന്‍ വീട്ടിലെത്തി, അവളേയും കൂട്ടി സ്‌കൂട്ടറില്‍ യാത്രയായി.

''അച്ചി, നാളെ എന്റെ പത്താം ക്ലാസ് തുടങ്ങുകയാണ്.''- അവള്‍ക്കെന്തോ എന്നോട് പേഴ്സണലായി പറയാനുണ്ടെന്ന് മനസ്സിലായി. അതിനാണ് എന്നോട് വരാന്‍ പറഞ്ഞത്.

''അതിന്? അതിത്ര വലിയ സംഭവമൊന്നുമല്ലല്ലോ. അതു കഴിഞ്ഞ് വേറെയും കുറെ ക്ലാസുകള്‍ വരും.''- ഞാന്‍.
''അതല്ല. പത്താം ക്ലാസ്സാകുമ്പോള്‍ നന്നായി പഠിക്കണമെന്നും നല്ല മാര്‍ക്ക് മേടിക്കണമെന്നുമൊക്കെ പാരന്റ്സ് പറയാറുണ്ടല്ലോ....''- മകള്‍.
''ഞാനങ്ങനെയൊന്നും ഇക്കാലമത്രയും നിന്നോട് പറഞ്ഞിട്ടില്ലല്ലോ. പത്താം ക്ലാസില്‍ നീ സാധാരണ പോലെ പഠിക്കുന്നു. പാസ്സായാല്‍ അടുത്ത ക്ലാസിലേക്ക് പോകും,'' ഞാന്‍.
''മറ്റു കുട്ടികളുടെയൊക്കെ വീട്ടില്‍ അച്ഛനന്മമാര്‍ വലിയ ടെന്‍ഷനിലാ.''- മകള്‍.
''എന്തിന്? പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് നേടണമെന്നും അതിനുശേഷം പ്ലസ് ടുവിന് ചേരണമെന്നും പിന്നെ ഡിഗ്രി പഠിക്കണമെന്നും ജോലി നേടണമെന്നും കരിയറില്‍ വിജയിക്കണമെന്നും പറഞ്ഞല്ലല്ലോ നീ ഈ ഭൂലോകത്ത് ജനിച്ചത്. പിന്നെ എന്തിനാ ടെന്‍ഷന്‍? ഇതൊക്കെ മനുഷ്യര്‍ ജീവിതം സങ്കീര്‍ണമാക്കാന്‍ വേണ്ടി സൃഷ്ടിച്ച കാര്യങ്ങളല്ലേ?''- ഞാന്‍ ഓളെ റിലാക്സ്ഡ് ആക്കി.

''എന്നാലും എല്ലാരും ടെന്‍ഷനടിക്കുമ്പോള്‍ അച്ചിയും എന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കില്ലേ?''
''ഇല്ല. എന്റെ ടെന്‍ഷന്‍ പത്താം ക്ലാസ്സിലായി എന്നുപറഞ്ഞ് നീ രാവിലെ മുറ്റത്തെ ചെടികള്‍ക്ക് വെള്ളമൊഴിക്കാതെ നടക്കുകയും അവ വൈകുന്നേരം വാടിക്കരിഞ്ഞ് നില്‍ക്കുമോ എന്നു മാത്രമാണ്. എന്തു ചൂടാല്ലേ ഇപ്പോ?''- ഞാന്‍.
ഷൂസും അനുബന്ധ സാമഗ്രികളുമൊക്കെ വാങ്ങി അച്ചിയും മകളും മടങ്ങി.

രാവിലെ അച്ചിയുണര്‍ന്നു നോക്കുമ്പോള്‍ മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്നു. ചെടികളുടെ തടങ്ങള്‍ മാത്രമല്ല അവയുടെ ഉടലും ഈറനായിരിക്കുന്നു. ചെടികളെ തഴുകിയെത്തുന്ന കാറ്റിനു പോലുമുണ്ട് തണുപ്പ്. 
സൈക്കിള്‍ ബെല്ലടിച്ചു. മകള്‍ സ്‌കൂളിലേക്ക് യാത്രയാകുകയാണ്. എന്തിനാണാവോ? അവള്‍ എന്നേ ബിരുദാനന്തര ബിരുദം നേടിക്കഴിഞ്ഞിരിക്കുന്നു.

-ജെ ബിന്ദുരാജ്

മക്കളെ ധൈര്യപൂര്‍വ്വം പരീക്ഷകളെ നേരിടാന്‍ ഒരുക്കിയെടുക്കാം...

വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ബിന്ദുരാജ് എന്ന അച്ഛന്‍ മകളുടെ വിദ്യാഭ്യാസത്തെ കുറിച്ചും, ഭാവിയെ കുറിച്ചുമെല്ലാം പങ്കുവച്ചത്. ഇങ്ങനെ ആശങ്കകള്‍ പരമാവധി കുറച്ച്, സമാധാനപൂര്‍വ്വം ഭാവിയെപ്പറ്റി സംസാരിക്കുമ്പോള്‍ കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും വര്‍ധിക്കുന്നു. പലപ്പോഴും അമിതമായ ശിക്ഷണമാണ് അവരുടെ വിദ്യാഭ്യാസവും വ്യക്തിത്വവികസനവുമെല്ലാം അപകടത്തിലാക്കുന്നത്. ഇനി പരീക്ഷക്കാലത്തെ നേരിടുന്ന ഒരു കുട്ടിയെ എങ്ങനെയെല്ലാം പിന്തുണയ്ക്കാമെന്ന് നോക്കാം. അതിനുള്ള ചില പൊടിക്കൈകള്‍ പറയാം...

fathers note on daughters examination tension and few ideas to overcome examination tensions

1. എപ്പോഴും പരീക്ഷയെപ്പറ്റിത്തന്നെ കുട്ടികളോട് സംസാരിക്കരുത്. അത് അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയേ ഉള്ളൂ.  

2. കുട്ടിയുടെ ഭാവിയെപ്പറ്റി മാതാപിതാക്കള്‍ ചെറിയൊരു ആശങ്കയെങ്കിലും കാണാതിരിക്കില്ല. എന്നാല്‍, ആ ആശങ്ക പ്രകടിപ്പിക്കാനുള്ള സമയമല്ല, അവരുടെ പരീക്ഷക്കാലം. പരീക്ഷാസമയത്ത് ഇത്തരം ആശങ്കകള്‍ പങ്കുവയ്ക്കുന്നത് കുട്ടികളില്‍ കൂടുതല്‍ ഭാരം അനുഭവപ്പെടാന്‍ കാരണമാകും. 

3. ഒരു വീടാകുമ്പോള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ അവിടെയുണ്ടായേക്കും. സാമ്പത്തികവും വൈകാരികവുമൊക്കെയായ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതൊന്നും പരീക്ഷാസമയത്ത് കുട്ടിയെ അലോസരപ്പെടുത്താനിടയാക്കുന്ന കാരണങ്ങളാക്കരുത്. വഴക്കോ, വാക്കേറ്റമോ പോലുള്ള അസുഖകരമായ സംഭവങ്ങളെല്ലാം പരമാവധി ഒഴിവാക്കണം. 

4. കുട്ടിയുടെ ഭക്ഷണമുള്‍പ്പെടെ മറ്റ് പതിവുകള്‍ ആരോഗ്യകരമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സൈക്കിളിംഗ്, ജോഗിംഗ്, നീന്തല്‍, ഗാര്‍ഡനിംഗ് എന്നുതുടങ്ങിയ എന്ത് ശീലങ്ങളും പരീക്ഷയ്ക്ക് വേണ്ടി മാറ്റിവയ്പിക്കരുത്. അത് പുതിയ ആശങ്കകള്‍ അവരുടെ മനസ്സിലുണ്ടാക്കാന്‍ കാരണമായേക്കും. 

5. പരീക്ഷക്കാലത്ത് കുട്ടികള്‍ക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തുക. 

6. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, കുട്ടിയുടെ മനസ്സില്‍ അമിതമായ 'ടെന്‍ഷന്‍' ഉണ്ടോയെന്നതാണ്. അങ്ങനെയുണ്ടെങ്കില്‍ അത് തിരിച്ചറിയുകയും, അതിനെ ഒഴിവാക്കാനായി കുട്ടിയെ സഹായിക്കുകയും ചെയ്യണം. രസകരമായ സംഭാഷണങ്ങള്‍, സ്‌നേഹപൂര്‍വ്വമുള്ള പെരുമാറ്റം- ഈ രീതികളിലൂടെയെല്ലാം കുട്ടിയെ സ്വാധീനിക്കാവുന്നതാണ്.
 

Follow Us:
Download App:
  • android
  • ios