Asianet News MalayalamAsianet News Malayalam

വാളയാര്‍ കേസ്; 'കണ്ണീരോടെയും ഞെട്ടലോടെയും വായിച്ച കുറിപ്പ്'

കേസിലെ കോടതിവിധിയിൽ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങൾ മുൻനിർത്തിയാണ് ഡോ. ജിനേഷ് പി എസിന്‍റെ കുറിപ്പ്. പല തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് സൂചന നല്‍കുന്ന വിവരണങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലുള്ളത്. മാത്രമല്ല, ആത്മഹത്യ ചെയ്തുവെന്ന വാദത്തെ സംശയത്തിലാക്കുന്ന തരത്തിലുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലടങ്ങിയിരിക്കുന്നു. കണ്ണീരോടെയും ഞെട്ടലോടെയുമാണ് ഇത് വായിച്ചതെന്ന് പലരും ഡോക്ടറുടെ കുറിപ്പിന് താഴെ അഭിപ്രായപ്പെടുത്തിയിരിക്കുന്നു...
 

forensic medicine specialist writes about walayar girls death
Author
Trivandrum, First Published Nov 4, 2019, 1:44 PM IST

വാളയാറില്‍ പതിമൂന്നും ഒമ്പതും വയസ് പ്രായമായ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഉത്തരമില്ലാതെ പല ചോദ്യങ്ങളും സംശയങ്ങളും അവശേഷിക്കുന്നു. കേസില്‍ ആരോപണവിധേയരായ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി പുറപ്പെടുവിച്ച വിധിയില്‍ മരിച്ച പെണ്‍കുട്ടികളിലൊരാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായകമായ വിശദാംശങ്ങളുമുണ്ട്.

പല തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് സൂചന നല്‍കുന്ന വിവരണങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലുള്ളത്. മാത്രമല്ല, ആത്മഹത്യ ചെയ്തുവെന്ന വാദത്തെ സംശയത്തിലാക്കുന്ന തരത്തിലുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലടങ്ങിയിരിക്കുന്നു. 

സുപ്രധാനമായ ഈ വിവരണങ്ങളെയെല്ലാം എടുത്തുനിരത്തിക്കൊണ്ട് ചോദ്യങ്ങളുയര്‍ത്തുകയാണ് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം സ്‌പെഷ്യലിസ്റ്റായ ഡോ. ജിനേഷ് പി എസ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 

കണ്ണീരോടെയും ഞെട്ടലോടെയുമാണ് ഇത് വായിച്ചതെന്ന് പലരും ഡോക്ടറുടെ കുറിപ്പിന് താഴെ അഭിപ്രായപ്പെടുത്തിയിരിക്കുന്നു. ഏറെ മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയ ശേഷമാണ് താന്‍ ഇതെഴുതിത്തീര്‍ത്തതെന്ന് ഡോ. ജിനേഷും പ്രതികരിക്കുന്നു. അത്രമാത്രം നമ്മളെ മുറിപ്പെടുത്തുന്ന അനുഭവങ്ങള്‍, ആ കുട്ടികള്‍ നേരിട്ടുവെന്നതാണ് സത്യമെങ്കില്‍ ആ സത്യം പുറത്തുവരണമെന്നും, അതിനായി നീതിന്യായ വ്യവസ്ഥയില്‍ ഇനിയും വിശ്വാസമര്‍പ്പിക്കുന്നുവെന്നും കുറിപ്പ് വായിച്ചവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

ഡോ. ജിനേഷ് പി എസ് എഴുതിയത്...

'മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകള്‍ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം. മലദ്വാരത്തിന് തിരശ്ചീനമായി 3.3 സെന്റീമീറ്റര്‍ വ്യാസം. മലദ്വാരവും കനാലും വിശാലമായി കാണപ്പെട്ടു. മുറിവുണങ്ങി നേര്‍രേഖയില്‍ ഉള്ള പാടുകള്‍ മലദ്വാരത്തിന്റെ വക്കില്‍ ഉടനീളം കാണപ്പെട്ടു, പ്രസരിക്കുന്ന രീതിയില്‍. പുതിയ മുറിവുകളൊന്നും മലദ്വാരത്തിലും കനാലിലും ഇല്ലായിരുന്നു.'

കോടതിവിധിയില്‍ ഉള്ള പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളാണ്. കൂടാതെ മലദ്വാരത്തിന്റെ ഫോട്ടോയും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരുന്നു.

ഇതുകൂടാതെ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിലെ ഒപ്പീനിയന്‍ നല്‍കുന്ന ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്:

'മുന്‍പ് പലതവണ മലദ്വാരത്തിലൂടെ പെനട്രേഷന്‍ നടത്തിയതിനെ സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ട്'

ഇതിനെക്കുറിച്ച് ആ വിധിയില്‍ വന്നിരിക്കുന്നത്:

'മലദ്വാരത്തിലൂടെ പെനെട്രേഷന്‍ നടത്തി എന്ന് ഡോക്ടര്‍ നല്‍കിയ ഒപ്പീനിയന്‍ കണ്‍ക്ലൂസീവ് പ്രൂഫ് അല്ല.'

പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് നല്‍കാന്‍ ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. പീഡനം നടക്കുന്നത് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ആണെങ്കില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സെമന്‍ അല്ലെങ്കില്‍ പുരുഷ ബീജം കിട്ടാനുള്ള സാധ്യതയും ഇല്ല.

പ്രതിസ്ഥാനത്തുള്ളവരുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ പ്രോസിക്യൂഷനും പോലീസിനും ഹാജരാകാന്‍ പറ്റിയില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം, അത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ്. പക്ഷേ ചിത്രങ്ങള്‍ സഹിതം വിശദമായ പോസ്റ്റ്‌മോര്‍ട്ടം പരിശോധന റിപ്പോര്‍ട്ട് നല്‍കിയിട്ടും പീഡനം നടന്നതായി തെളിയിക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നതെങ്കില്‍ ഒന്നും പറയാനില്ല.

പോസ്റ്റ്‌മോര്‍ട്ടം പരിശോധന റിപ്പോര്‍ട്ട് ഒരു കൊറോബറേറ്റീവ് എവിഡന്‍സ് മാത്രമാണ് എന്ന് മനസിലാക്കാതെ പറയുന്നതല്ല. പക്ഷേ, ഇങ്ങനെയൊരു സാഹചര്യത്തില്‍ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ എന്തെങ്കിലും നടക്കും എന്ന് തോന്നുന്നില്ല.

ഞാന്‍ പറയുന്നതില്‍ സംശയം തോന്നുന്നുണ്ടെങ്കില്‍ ഈ പോസ്റ്റ് വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിയുണ്ട്. ഈ വിവരണം സ്വന്തം മലദ്വാരവും ആയി ഒന്ന് താരതമ്യം ചെയ്താല്‍ മതി. 3 സെന്റില്‍ മീറ്ററില്‍ കൂടുതല്‍ അളവ് എന്നു പറയുമ്പോള്‍ എന്താണ് എന്ന് ആലോചിച്ചു നോക്കൂ ? അതും ഒരു ചെറിയ കുട്ടിയുടെ ശരീരത്തില്‍ ? ഇല്ലെങ്കില്‍ ഏതെങ്കിലും പുസ്തകങ്ങളില്‍ നിന്നും ലഭിക്കുന്ന പീഡനം നടന്ന മലദ്വാരത്തിന്റെ ചിത്രങ്ങള്‍ എടുത്ത് ഒന്ന് താരതമ്യം ചെയ്തു നോക്കൂ... ഇതില്‍ കൂടുതല്‍ ലളിതമായി പറഞ്ഞു തരാന്‍ ആവില്ല.

'മരണകാരണം തൂങ്ങി മരണം എന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. എന്നാല്‍ കുട്ടിയുടെ പ്രായവും ഉപ്പൂറ്റി മുതല്‍ വലതുകൈയുടെ നടുവിരല്‍ അറ്റം വരെയുള്ള പരമാവധി നീളവും (151 cm) പരിഗണിച്ചാല്‍ കെട്ടി തൂക്കിക്കൊന്നത് ആവാനുള്ള സാധ്യത ഉള്ളതിനാല്‍ സംഭവം നടന്ന മുറിയിലെ അളവുകള്‍ പരിശോധിച്ച് അന്വേഷണം നടത്തി സ്ഥിരീകരിക്കണം.'

പോസ്റ്റ്‌മോര്‍ട്ടം പരിശോധന ചെയ്ത ഡോക്ടര്‍ മരണകാരണമായി പറഞ്ഞിരുന്നതാണ്.

കുട്ടിയുടെ ഉയരം 129 സെന്റീമീറ്റര്‍. ഉപ്പൂറ്റി മുതല്‍ വിരലറ്റം വരെയുള്ള നീളം 151 സെന്റീമീറ്റര്‍. തൂങ്ങിയ ഉത്തരത്തിന്റെ ഉയരം 246 സെന്റീമീറ്റര്‍.

ആ മുറിയില്‍ ഒടിഞ്ഞ ഒരു കസേരയും ഒരു കട്ടിലും ഉണ്ടായിരുന്നു എന്ന കാരണത്താല്‍ ആത്മഹത്യയാവാം എന്ന് അന്വേഷ സംഘം അനുമാനിച്ചു എന്നാണ് വിധിയില്‍ നിന്നും മനസ്സിലാവുന്നത്. കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഒരു ചെറിയ കുട്ടിയുടെ കാര്യമാണിത്. കട്ടിലിന്റെയും കസേരയുടെയും ഉയരത്തെ കുറിച്ചൊരു ചോദ്യം പോലും പ്രോസിക്യൂട്ടര്‍ ചോദിച്ചിട്ടില്ല.

സാധാരണഗതിയില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ക്രൈം സീന്‍ വിസിറ്റ് ചെയ്യുന്ന ഒരു പരിപാടിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം അപേക്ഷ കൊടുക്കുമ്പോഴാണ് ഇങ്ങനെ പോവുക. മരണം നടന്ന സ്ഥലം പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ചും ഇതുപോലുള്ള സാഹചര്യങ്ങളില്‍, ഒരു റിപ്പോര്‍ട്ടില്‍ ഇത്ര കൃത്യമായി ഒരു കാര്യം എടുത്തു പറഞ്ഞ സാഹചര്യത്തില്‍...

രണ്ട് വിധിപ്പകര്‍പ്പുകള്‍ വായിച്ചിട്ടും പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷം ഡോക്ടര്‍ ക്രൈം സീന്‍ വിസിറ്റ് ചെയ്തതായി മനസ്സിലായിട്ടില്ല.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കുശേഷം ക്രൈം സീന്‍ വിസിറ്റ് നടത്തിയിട്ട് അത് രേഖപ്പെടുത്താത്തതാണോ എന്നറിയില്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് മുന്‍പ് ഡോക്ടര്‍ സീന്‍ വിസിറ്റ് ചെയ്യുന്നതിനെക്കുറിച്ചല്ല ഞാന്‍ എഴുതിയിരിക്കുന്നത്. കാരണം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷമാണ് മരണകാരണം കണ്ടുപിടിക്കുന്നതും മുറിയിലെ അളവുകള്‍ പരിശോധിക്കണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപെടുത്തുന്നതും.

സത്യത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത് ?

ഇതിനിടയില്‍ കാര്യമായി പഠിക്കാതെയാണ് വിഷയങ്ങള്‍ അവതരിപ്പിച്ചത് എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞതായി വാര്‍ത്ത.

ആഭ്യന്തരവകുപ്പും നിയമവകുപ്പും ഒരേ പോലെ ഉത്തരവാദികളാണ്, ആഭ്യന്തരമന്ത്രിക്കും നിയമ മന്ത്രിക്കും ഉത്തരവാദിത്വം ഉണ്ട്.

ഒരു പുനരന്വേഷണം അല്ലാതെ മറ്റൊരു വഴിയും ഉണ്ടെന്ന് തോന്നുന്നില്ല. അത് നീതിപൂര്‍വ്വം നടക്കും എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരാണ്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ആണ്. സാധ്യമായതെല്ലാം ചെയ്തിരിക്കും എന്ന് നിയമസഭയില്‍ ഉറപ്പുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ ഉത്തരവാദിത്വം നിറവേറ്റിയേ പറ്റൂ.

 

Follow Us:
Download App:
  • android
  • ios