Asianet News MalayalamAsianet News Malayalam

Valentine's Day 2024 : ഡേറ്റിംഗ്, സിറ്റുവേഷൻഷിപ്പ്... ; പ്രണയദിനത്തിൽ മനസിലാക്കാം ബന്ധങ്ങളുടെ പാറ്റേണ്‍

പുതിയ ആളുകളെ മീറ്റ് ചെയ്യാൻ സാഹചര്യങ്ങൾ ഉള്ളപ്പോഴും റിലേഷൻഷിപ് കളങ്കമറ്റതായിരിക്കണം എന്ന് പുതുതലമുറയും ആഗ്രഹിക്കുന്നുണ്ട്. വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പുകളിൽപോലും തട്ടിപ്പുകൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതും ഡേറ്റിംങിന്റെ മറ്റൊരു അപകട വശമാണ്.

valentines day 2024 understand the pattern of relationships on valentines day
Author
First Published Feb 13, 2024, 7:28 PM IST

പ്രണയം പഴയതുപോലെ ആത്മാർത്ഥമല്ല എന്നൊക്കെ പലരും പറഞ്ഞു കേൾക്കാറുണ്ട്. ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ സംവിധാനങ്ങൾ പ്രായഭേദമെന്യേ എല്ലാവരുടെയും ഫോണിൽ ലഭ്യമായ ഈ കാലത്ത് പ്രണയങ്ങൾ എല്ലാം കാപട്യമാണ് എന്ന്  പറയാൻ കഴിയുമോ? ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ ആളുകളോട് സംസാരിക്കുമ്പോൾ ഇന്നും ഈ കാലത്തും ആത്മാർഥ പ്രണയങ്ങൾക്ക് വലിയ വില നൽകുന്ന ആളുകൾ ഒരുപാടുപേരുണ്ട്. ഇന്ന് സാധാരണയായി ചെറുപ്പക്കാർ പറയാറുള്ള ചില റിലേഷൻഷിപുമായി ബന്ധപ്പെട്ട വാക്കുകൾ.

ഡേറ്റിംഗ്...

ഡേറ്റിംഗ് എന്നത് വളരെ സാധാരണയായി ഇപ്പോൾ ചെറുപ്പക്കാർ ഉപയോഗിക്കുന്ന ഒരു വാക്കാണ്. കുറച്ചു നാൾ ഡേറ്റ് ചെയ്തതിനുശേഷം പരസ്പരം മനസ്സിലാക്കിയതിനുശേഷം കല്യാണം ആകാമെന്നാണ് പലരും ചിന്തിക്കുന്നത്. ധാരാളം ഡേറ്റിംഗ് ആപ്പുകളും ഇൻറർനെറ്റിൽ ലഭ്യമാണ്. അത് അവരവരുടെ താല്പര്യപ്രകാരമുള്ള വ്യക്തികളെ മീറ്റ് ചെയ്യാനുള്ള ഉപാധിയായി പലരും ഉപയോഗിച്ച് വരുന്നു. 

പക്ഷേ ഡേറ്റിംഗ് ആപ്പുകളിലൂടെ കണ്ടെത്തുന്ന വ്യക്തികൾക്ക് കമ്മിറ്റ്മെന്റ് ഇല്ല എന്നും, കൂടുതൽ ആത്മാർത്ഥമായി എന്നും ഒപ്പം നിൽക്കുന്ന വ്യക്തിയെ അവിടെ കണ്ടെത്താൻ കഴിയുന്നില്ല എന്നും പലരും പറയാറുണ്ട്. ഇന്ന് ഈ കാലത്തും ആത്മാർത്ഥതയുള്ള ഒരു ജീവിതപങ്കാളി എന്നത് പുതുതലമുറയും ആഗ്രഹിക്കുന്നു എന്നതിന്റെ ഒരു ലക്ഷണമാണ് അത്. 

പുതിയ ആളുകളെ മീറ്റ് ചെയ്യാൻ സാഹചര്യങ്ങൾ ഉള്ളപ്പോഴും റിലേഷൻഷിപ് കളങ്കമറ്റതായിരിക്കണം എന്ന് പുതുതലമുറയും ആഗ്രഹിക്കുന്നുണ്ട്. വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പുകളിൽപോലും തട്ടിപ്പുകൾ ഒളിഞ്ഞിരിക്കുന്നുണ്ട്  എന്നതും ഡേറ്റിംങിന്റെ മറ്റൊരു അപകട വശമാണ്.

സിറ്റുവേഷൻഷിപ്പ്...

നിങ്ങൾ ഡേറ്റ് ചെയ്യുന്ന വ്യക്തി പൂർണ്ണമായും നിങ്ങളുടെ പങ്കാളിയാണ് എന്ന് ഉറപ്പിച്ചിട്ടില്ല. എന്നാൽ ഫ്രണ്ട് ആണോ എന്ന് ചോദിച്ചാൽ അതുമല്ല. ഇത് രണ്ടിനും ഇടയിലുള്ളതാണ് സിറ്റുവേഷൻഷിപ്. 

ഫ്ലിങ് ...

കമ്മിറ്റ്മെന്റ് ഇല്ലാത്ത അവസ്ഥ എന്ന് പറയാം. അതുകൊണ്ടുതന്നെ ഒരുമിച്ചുള്ള ഭാവിയെപ്പറ്റി സംസാരിക്കുകയോ, കൂട്ടുകാരെയോ ബന്ധുക്കളെയോ പരിചയപ്പെടുത്തുകയോ ഇല്ല. താത്കാലികമായി സെക്ഷ്വൽ ഇന്റിമസിക്കപ്പുറം വൈകാരികമായ അടുപ്പം ഉണ്ടാകില്ല.

പ്രണയ പരാജയം ഇന്ന് യുവാക്കളെ എങ്ങനെ ബാധിക്കുന്നു...

പ്രണയം പഴയതുപോലെ ആത്മാർത്ഥമല്ല എന്ന് പലരും പറയുമെങ്കിലും പ്രണയപരാജം എല്ലാ കാലത്തും ദു:ഖം തന്നെയാണ്. കുറച്ചു നാൾ ഒപ്പം ഉണ്ടായിരുന്ന വ്യക്തി പെട്ടെന്ന് ഒന്നും പറയാതെ അപ്രത്യക്ഷനാവുക, അല്ലെങ്കിൽ പിന്നെയും പിന്നെയും പ്രതീക്ഷ നൽകികൊണ്ട് ഒടുവിൽ ഉപേക്ഷിച്ചുപോകുക എന്നീ അനുഭവങ്ങൾ വല്ലാതെ മനസ്സു നോവിക്കുന്നതാണ്. പ്രണയ പരാജയം കൊണ്ട് ഡിപ്രെഷനിലേക്കു പോകുന്നവരും ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നവരും കുറവല്ല. 

വൺ സൈഡ് ലവ് തകരുന്നതും, പ്രിയപ്പെട്ട വ്യക്തി നോ പറയുമ്പോൾ തകർന്നുപോകുന്നതും എല്ലാം എല്ലാ കാലത്തെയും പോലെ ഇന്നും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രേമലു പോലെയുള്ള സിനിമകളെ യുവാക്കൾ ഏറ്റെടുക്കുന്നത്.

ആത്മവിശ്വാസക്കുറവ് എങ്ങനെ ബാധിക്കുന്നു...?

വീട്ടിലുള്ളവരും, സുഹൃത്തുക്കളുമായി നല്ല വൈകാരിക അടുപ്പം ഇല്ലാത്തവരും മുൻപ് പ്രണയം തകർന്ന അനുഭവം ഉള്ളവരും പ്രണയത്തെ/ വൈകാരികമായി ഒരാളുമായി എടുക്കുന്നതിനെ ഭയപ്പെട്ടേക്കാം. എന്നെ ആർക്കും ഇഷ്ടപ്പെടില്ല, എന്നെ ആരും കല്യാണം കഴിക്കില്ല എന്നെല്ലാമുള്ള ആത്മവിശ്വാസക്കുറവിൽ മുന്നോട്ടു പോകുന്ന ആളുകൾ ഉണ്ട്.

ഇക്കൂട്ടർ ആലോചിക്കാതെ ടോക്സിക് ആയ ഒരു ബന്ധത്തിൽ ഭാവിയിൽ പെട്ടുപോകാനും വലിയ മാനസിക ബുദ്ധിമുട്ടനുഭവിക്കാനും സാധ്യത കൂടുതലാണ്. പൊതുവേ എല്ലാ കാര്യത്തിനും എന്നപോലെ ആത്മവിശ്വാസവും പോസിറ്റീവ് ചിന്തകളും നിലനിർത്താൻ കഴിഞ്ഞാൽ മാത്രമേ റിലേഷൻഷിപ്സ് നന്നായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

 

Follow Us:
Download App:
  • android
  • ios