Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് പരീക്ഷാഭവനിൽനിന്ന് പതിനേഴ് ഉത്തരക്കടലാസുകൾ കാണാതായി

 അസൽ നമ്പർ കീറിയെടുക്കാൻ ഉദ്യോഗസ്ഥർ പരീക്ഷ കടലാസുകൾ പരിശോധിച്ചപ്പോഴാണ് പേപ്പറുകളിൽ എണ്ണക്കുറവ് കണ്ടെത്തിയത്. 

17 answers seats missing from calicut university
Author
Calicut, First Published Oct 1, 2019, 7:14 PM IST

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാഭവനിൽ നിന്ന് വിദൂര പഠന വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മൂല്യ നിർണയത്തിനായി അധ്യാപകർക്ക് അയക്കാനുള്ള ഉത്തരക്കടലാസുകളാണ് ഫോൾസ് നമ്പർ ചേർത്ത ശേഷം അടുക്കിവച്ച കെട്ടിൽ നിന്ന് അപ്രത്യക്ഷമായത്.

അസൽ നമ്പർ കീറിയെടുക്കാൻ ഉദ്യോഗസ്ഥർ പരീക്ഷ കടലാസുകൾ പരിശോധിച്ചപ്പോഴാണ് പേപ്പറുകളിൽ എണ്ണക്കുറവ് കണ്ടെത്തിയത്. സംഭവത്തിൽ പരീക്ഷ കൺട്രോളർ ഡോ പി ശിവദാസൻ പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ശക്തമായ അന്വേഷണമുണ്ടാകുമെന്നും ഉത്തരക്കടലാസുകൾ ആസൂത്രിതമായി മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നും  പി ശിവദാസൻ പറഞ്ഞു.

സംഭവത്തിൽ ആദ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി വൈസ് ചാൻസലർ പറഞ്ഞു. ജോയിന്റ് കൺട്രോളർ കെ പി വിജയൻ, ജോയിറന്റ് റജിസ്ട്രാർ പിപി അജിത എന്നിവർക്കാണ് ആദ്യന്തര അന്വേഷണത്തിന്റെ ചുമതല. സർവകലാശാലയിൽ നിന്ന് മുൻപും ഇത്തരത്തിൽ ഉത്തരകടലാസുകളും ബിരുദ സർട്ടിഫിക്കറ്റുകളും കാണാതായിയിട്ടുണ്ട്. അന്നൊക്കെ പുനപരീക്ഷ നടത്തിയാണ് ഉദ്യോഗസ്ഥർ തടിയൂരിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി എടുക്കാനാണ് സർവകലാശാലയുടെ നീക്കം.  

 

Follow Us:
Download App:
  • android
  • ios