Asianet News MalayalamAsianet News Malayalam

കൂട്ടകോപ്പിയടി; എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 34 മൊബൈലുകള്‍ പിടികൂടി

96 പേര്‍ എഴുതിയ പരീക്ഷയില്‍ 34 വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. പരീക്ഷാ ഹാളിലെ ഒരു വിദ്യാര്‍ത്ഥി കോപ്പിയടിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. 

34 mobile phones seized in examination hall from the Ernakulam Govt medical college
Author
Kalamassery, First Published Dec 22, 2018, 9:17 AM IST

എറണാകുളം: കളമശ്ശേരി ഗവ.മെഡിക്കല്‍ കോളേജില്‍ കൂട്ടകോപ്പിയടി. മൊബൈല്‍ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 34 മൊബൈലുകള്‍ കോളേജ് അധികൃതര്‍ പിടികൂടി. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെഡിസിന്‍ ഇന്‍റേണല്‍ പരീക്ഷയിലാണ് കൂട്ടകോപ്പിയടി പിടികൂടിയത്. കോപ്പിയടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.ജേക്കബ് കെ ജേക്കബ്, ഡോ.ജോ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായി വകുപ്പ് മോധാവി ഡോ.ജില്‍സ് ജോര്‍ജ് പറഞ്ഞു. 

കഴിഞ്ഞ 19 -ാം തിയതിയാണ് പരീക്ഷ നടന്നത്. 96 പേര്‍ എഴുതിയ പരീക്ഷയില്‍ 34 വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. പരീക്ഷാ ഹാളിലെ ഒരു വിദ്യാര്‍ത്ഥി കോപ്പിയടിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. രക്ഷിതാക്കള്‍ ഇ മെയില്‍ വഴി കോളേജ് അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് കൂട്ടകോപ്പിയടി പുറത്തറിയുന്നത്. 

തുടര്‍ന്ന് നടന്ന പരീക്ഷയ്ക്കിടെ നടത്തിയ പരിശോധനയില്‍ പരീക്ഷാ ഹാളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടുകയായിരുന്നു. ഇന്‍റേണല്‍ പരീക്ഷയാണെങ്കിലും ഈ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് അയച്ചു കൊടുക്കണം. ആരോഗ്യ സര്‍വ്വകലാശാല പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിരുന്നു.  

പരീക്ഷാ ഹാളില്‍ മൊബൈല്‍ ജാമര്‍ ഉണ്ടെങ്കിലും കോപ്പിയടി പിടിച്ചപ്പോഴാണ് ഇത് പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിഞ്ഞത്. കൂട്ടകോപ്പിയടിയെ കുറിച്ച് ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും പരീക്ഷ മാറ്റിവെക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios