Asianet News MalayalamAsianet News Malayalam

പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പട്ടികയില്‍ അപാകതയെന്ന് പരാതി

വീടുകളുടെ നാശനഷ്ടം ശതമാനത്തില്‍ നിശ്ചയിച്ചതിലാണ് കൂടുതലായും അപാകത ആരോപിക്കുന്നത്. ഒരു പോറല്‍ പോലും ഏല്‍ക്കാത്ത വീടുകളുള്ളവര്‍ ഉയര്‍ന്ന ശതമാനത്തിലുള്ള പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

allegation against flood affected home list in wayanad
Author
Wayanad, First Published Nov 29, 2018, 7:12 PM IST

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. തലപ്പുഴ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ പട്ടിക പുറത്തുവന്നതോടെയാണ് വ്യാപകമായി പരാതിയുയര്‍ന്നിട്ടുള്ളത്. രാഷ്ടീയ സ്വാധീനം മൂലം അനര്‍ഹരായവര്‍ പലരും പട്ടികയില്‍ കയറികൂടിയതായാണ് ആക്ഷേപം. അതേസമയം അര്‍ഹരായവര്‍  പട്ടികയില്‍ നിന്ന് പുറത്തായെന്നും പരാതിയുണ്ട്. വീടുകള്‍ പൂര്‍ണമായും തകര്‍ന്നതും കേടുപാടുകള്‍ സംഭവിച്ചതും അടക്കം 1079 പേരുടെ പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം പഞ്ചായത്ത് പുറത്തിറക്കിയത്. 

അഞ്ച് വിഭാഗമാക്കി പട്ടിക തരംതിരിച്ചിട്ടുണ്ട്. 15 ശതമാനം കേടുപാട് സംഭവിച്ച വീടുകള്‍, 16 മുതല്‍ 29 ശതമാനം വരെ കേടുപാട് സംഭവിച്ചവ, 30 മുതല്‍ 59 ശതമാനം വരെ, 60 മുതല്‍ 74 ശതമാനം വരെ, 75 ശതമാനവും തകര്‍ന്ന വീടുകള്‍ എന്നിങ്ങനെയാണ് പട്ടിക. ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായത്തിന്റെ തോത് നിശ്ചയിച്ചിരിക്കുന്നത്. 15 ശതമാനം വീട് തകര്‍ന്നവര്‍ക്ക് 10,000 രൂപ, 16-29 വരെയുള്ളവര്‍ക്ക് 60,000 രൂപ, 30-59 വരെയുള്ളവര്‍ക്ക് ഒന്നേകാല്‍ലക്ഷം രൂപ, 60-74 വരെയുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപ, 75 ശതമാനവും തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം രൂപ എന്ന രീതിയിലാണ് തുക നല്‍കുന്നത്. 

വീടുകളുടെ നാശനഷ്ടം ശതമാനത്തില്‍ നിശ്ചയിച്ചതിലാണ് കൂടുതലായും അപാകത ആരോപിക്കുന്നത്. ഒരു പോറല്‍ പോലും ഏല്‍ക്കാത്ത വീടുകളുള്ളവര്‍ ഉയര്‍ന്ന ശതമാനത്തിലുള്ള പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിള്ളല്‍ വന്നത് മൂലം താമസയോഗ്യമല്ലാത്ത വീടുകളില്‍ പലതും നാശനഷ്ടത്തിന്റെ ശതമാനത്തില്‍ താഴെയാണ്. ഒരു തരത്തിലുമുള്ള നാശനഷ്ടം ഇല്ലാത്തവരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇങ്ങനെ പലതരത്തിലുള്ള അപാകതകളാണ് പട്ടികയിലുള്ളത്. എല്ലാ വാര്‍ഡുകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ട്. അപേക്ഷകള്‍ സ്വീകരിച്ചത് വില്ലേജ് ഓഫീസുകള്‍ മുഖേനയാണ്. 

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അപേക്ഷകള്‍ പരിശോധിച്ചതും, പട്ടിക തയ്യാറാക്കിയതും ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥരാണ്. അസി.എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് പട്ടിക തയ്യാറാക്കാന്‍ ഗ്രാമപ്പഞ്ചായത്ത് ചുമതല നല്‍കിയത്. അതേ സമയം സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങള്‍ കാരണം ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അപാകതകള്‍ പരിഹരിച്ച് പുതിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി കെ. സലീം അറിയിച്ചു. ഏതായാലും ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  പലരും പരാതി നല്‍കി കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios