Asianet News MalayalamAsianet News Malayalam

പണം തട്ടുന്ന മണി മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കതിരെ ജാഗ്രത പാലിക്കണമെന്ന് നിയമസഭാ സമിതി

മണി മാര്‍ക്കറ്റിംഗ്  കമ്പനിയുടെ പേരില്‍ തട്ടിയെടുത്ത പണം തിരികെ ലഭിക്കുന്നതിനും കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന  തങ്കം , സിനില എന്നിവരുടെ പരാതിയില്‍ ശക്തമായ അന്വേഷണം നടത്താനും പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

assembly committee against money marketing companies
Author
Kozhikode, First Published Nov 15, 2018, 6:36 PM IST

കോഴിക്കോട്: ജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന മണിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിയമസഭാസമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു.  സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിയമസഭാ സമിതി സിറ്റിംഗില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ഒമ്പത് കേസുകള്‍ പരിഗണിച്ചു. 

മണി മാര്‍ക്കറ്റിംഗ്  കമ്പനിയുടെ പേരില്‍ തട്ടിയെടുത്ത പണം തിരികെ ലഭിക്കുന്നതിനും കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന  തങ്കം , സിനില എന്നിവരുടെ പരാതിയില്‍ ശക്തമായ അന്വേഷണം നടത്താനും പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 358 കോടിയോളം രൂപയുടെ തട്ടിപ്പാണ് വിവിധ ഇടങ്ങളില്‍ നിന്നായി മണി മാര്‍ക്കറ്റിംഗ് കമ്പനി തട്ടിയിരിക്കുന്നത്. പരാതിക്കാരിയുടെ പെന്‍ഷന്‍ ,റേഷന്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച പ്രശ്‌നം കാലതാമസമില്ലാതെ തീര്‍പ്പാക്കാനും സമിതി നിര്‍ദ്ദേശിച്ചു. 

സമിതിക്കു മുന്നില്‍ പരിഗണിച്ച ഒന്‍പതു കേസുകളില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. പഞ്ചായത്തില്‍ നിന്നും വീട് ലഭിക്കുന്നതിന് ലീല എന്നിവരുടെ പരാതിയും, വീട് പണിയാന്‍ അനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് റീത്ത എന്നിവര്‍ നല്‍കിയ പരാധിയുമാണ് തീര്‍പ്പാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹെമറ്റോളജിസ്റ്റിന്റെയും പീഡിയാട്രിക് ഓങ്കോളജിസ്റ്റിന്റെയും  സേവനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള പരാതിയില്‍  സൗകര്യം നടപ്പിലാക്കാന്‍  5 കോടി രൂപ ആവശ്യമാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കാന്‍ സമിതി തീരുമാനിച്ചു. 

അധ്യാപികക്കെതിരെ സഹഅധ്യാപകന്‍ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സാക്ഷിയായതിലുള്ള പ്രതികാരമായി  ആ അധ്യാപകനും പി.ടി.എ പ്രസിഡന്റും ഹര്‍ജിക്കാരിക്കെതിരെ വ്യാജപരാതി നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരടക്കം എട്ടംഗസംഘം മാനസികമായ തളര്‍ത്തുന്ന രീതിയില്‍ ചോദ്യം ചെയ്‌തെന്നുമുള്ള പരാതിയില്‍ ഒരാഴ്ചക്കകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

ഭിക്ഷാടനം , അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സമിതി ഇതിനോടകം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗവ.ചില്‍ഡ്രന്‍സ് ഹോം, അഗതി മന്ദിരം, മഹിളാ മന്ദിരം എന്നിവിടങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തി. അന്തേവാസികളുടെ ആവശ്യങ്ങളും സമിതി ചോദിച്ചറിഞ്ഞു. സമിതി അംഗങ്ങളായ പ്രതിഭ ഹരി എം.എല്‍.എ, ഇ.കെ വിജയന്‍ എം.എല്‍.എ, അബ്ദുള്‍ ഹമീദ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ , ജില്ലാകലക്ടര്‍ സാംബശിവ റാവു, എ.ഡി.എം രോഷ്ണി നാരായണന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍ രാജേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയശ്രീ, ജില്ലാ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ ലിന്‍സി  വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios