Asianet News MalayalamAsianet News Malayalam

കോഴിക്കോട് വീണ്ടും ലഹരിവേട്ട; മയക്കുമരുന്ന് ഗുളികകളും ഹാൻസും പിടിച്ചെടുത്തു

വെള്ളയിൽ പൊലീസിന്റെ പതിവ് പട്രോളിംഗിനിടെ പൊലീസ് ജീപ്പ് കണ്ട ഉടൻ ജംഷീർ വാഹനം എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞു നിർത്തി വാഹനം പരിശോധിച്ചതിൽ നിന്നുമാണ് നൈട്രോസെപാം ഗുളികകളും ഹാൻസും  കണ്ടെടുത്തത്

banned tobacco products seized
Author
Kozhikode, First Published May 12, 2019, 11:30 AM IST

കോഴിക്കോട്: നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. 180 മയക്കുമരുന്ന് ഗുളികകളും 270 പാക്കറ്റ് ഹാൻസ് പായ്ക്കറ്റുകളുമാണ് യുവാവില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കോഴിക്കോട് നഗരത്തിലെ ഭട്ട് റോഡ് ബീച്ച്, വെള്ളയിൽ, ഗാന്ധിറോഡ് ബീച്ച് തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കൊണ്ടുവന്ന നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ഗുളികകളുമായി വെള്ളയിൽ നാലുകുടിപറമ്പ് ഫാത്തിമ മൻസിലിൽ ജംഷീർ (37) ആണ് അറസ്റ്റിലായത്.

കോഴിക്കോട് നഗരത്തിലെ ബീച്ച് റോഡിൽ ലയൺസ് പാർക്കിനടുത്ത് വെച്ചാണ് നിരോധിത ലഹരി മരുന്നായ 180 നൈട്രോസെപാം ഗുളികകളും 270 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും സഹിതം ഇയാളെ  വെള്ളയിൽ പൊലീസും ഡൻസാഫും (ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) ചേർന്ന് പിടികൂടിയത്.

പെയിന്റിംഗ് തൊഴിലാളിയായ  ജംഷീർ കൂടുതല്‍ പണത്തിന് വേണ്ടിയാണ്  ലഹരിമരുന്നുകൾ വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ബീച്ചിന്റെ വിവിധ ഭാഗങ്ങൾ, വെള്ളയിൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടെന്ന് സിറ്റി പോലീസ് ചീഫ് എ വി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ  നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ വി പ്രഭാകരന്റെ കീഴിലുള്ള ഡൻസാഫ് സ്ക്വാഡ് അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.  

വെള്ളയിൽ പൊലീസിന്റെ പതിവ് പട്രോളിംഗിനിടെ പൊലീസ് ജീപ്പ് കണ്ട ഉടൻ ജംഷീർ വാഹനം എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞു നിർത്തി വാഹനം പരിശോധിച്ചതിൽ നിന്നുമാണ് നൈട്രോസെപാം ഗുളികകളും ഹാൻസും  കണ്ടെടുത്തത്. നഗരപ്രദേശങ്ങളിലെ കടകളിൽ നിയമവിരുദ്ധമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തുന്നവർക്ക് ഹാൻസ് എത്തിച്ചു നൽകുന്നത് ജംഷീറാണ്.

വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ അസീസ്, സീനിയർ സിപിഒ സജീവൻ, സിപിഒ സുനിൽ കുമാർ, ഡ്രൈവർ സിപിഒ ശ്രീജിത്ത് ആൻറി നാർക്കോട്ടിക്  സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ  നവീൻ എൻ, ജോമോൻ കെ എ, രജിത്ത് ചന്ദ്രൻ, സുമേഷ് എ വി എന്നിവരടങ്ങുന്ന സംഘമാണ് ലഹരി മരുന്നു സഹിതം പ്രതിയെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios