Asianet News MalayalamAsianet News Malayalam

'2 മാസമായി രാവിലെ 5ന് ഇറങ്ങുന്നതാ, അശോകൻ വിശ്രമിക്കട്ടെ', നിശബ്ദപ്രചാരണ ദിനം യാത്ര KSRTC-യിലാക്കി രവീന്ദ്രനാഥ്

അഞ്ച് മണിക്ക് തുടങ്ങുന്ന യാത്രയല്ലേ, തൽക്കാലം അശോകൻ വിശ്രമിക്കട്ടെ, നിശബ്ദപ്രചാരണത്തിന് യാത്ര കെഎസ്ആര്‍ടിസിയിലാക്കി രവീന്ദ്രനാഥ്

c raveendranath took silent campaign day trip via KSRTC
Author
First Published Apr 25, 2024, 3:59 PM IST

തൃശൂർ: നിശബ്ദ പ്രചാരണ ദിവസം ഡ്രൈവർക്ക് വിശ്രമം നൽകി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത് പ്രൊഫ. സി രവീന്ദ്രനാഥ് വ്യാഴാഴ്ച രാവിലെ എട്ടോടെ തൃശൂരിൽ നിന്ന് ചേർത്തലയിലേക്കുള്ള കെഎസ്ആർടിസി ബസിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ആ യാത്രക്കാരൻ ഓടി കയറിയത്. ബസ് എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നതിനാൽ സീറ്റും നന്നേ കുറവായിരുന്നു. ഒടുവിൽ ഏറ്റവും പുറകിലുള്ള സീറ്റിലേക്ക് ഇരുന്ന അദ്ദേഹത്തെ നോക്കി അത്ഭുതം കൂറുകയായിരുന്നു തൊട്ടടുത്ത സീറ്റിലെ യാത്രക്കാർ. 

ചിരപരിചിതമായ മുഖമാണെങ്കിലും ഈ തെരഞ്ഞെടുപ്പ് കാലത്ത് നല്ല തിരക്കിനിടയിലും ഇദ്ദേഹം ബസിൽ കയറുന്നത് എന്തിനാണെന്ന് ചോദ്യമായിരുന്നു എല്ലാവരുടെയും മുഖത്ത്. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി  പ്രൊഫ. സി. രവീന്ദ്രനാഥായിരുന്നു ആ യാത്രക്കാരൻ. കഴിഞ്ഞ രണ്ടുമാസത്തോളമായി  വിശ്രമമില്ലാതെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ എം.കെ അശോകന് വിശ്രമിക്കാൻ അവസരം കൊടുത്തതായിരുന്നു അദ്ദേഹം. 

പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് മാസമായി രാവിലെ അഞ്ച് മണിക്കായിരുന്നു യാത്ര ആരംഭിച്ചിരുന്നത്. കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് ദിവസവും വൻ തിരക്കായിരിക്കുമെന്നതിനാൽ നിശബ്ദ പ്രചാരണത്തിന്റെ ദിവസമായിരുന്ന വ്യാഴാഴ്ച വൈകി വന്നാൽ മതി എന്നും അതുവരെയുള്ള യാത്ര താൻ നോക്കിക്കോളാം എന്നുമായിരുന്നു അശോകനോട് പൊതുഗതാഗത സംവിധാനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥി പറഞ്ഞത്. കഴിഞ്ഞ 17 വർഷമായി രവീന്ദ്രനാഥിന്റെ സന്തത സഹചാരിയാണ് അശോകൻ.

ചാലക്കുടിയിലെ ക്ലേരിയൻ കോൺവെന്റെ   കന്യാസ്ത്രീയായിരുന്ന സി. ഹെർമാസിന്റെയും നായരങ്ങാടി തണ്ടാം പറമ്പിൽ ദാസന്റെയും മരണാനന്തര കർമ്മങ്ങളിൽ  പങ്കെടുക്കാമെന്ന് വാക്ക് നൽകിയിരുന്നതിനാൽ ബസിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ  തൃശൂർ കേരളവർമ കോളേജിന് സമീപത്തെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ കെഎസ് ആർ ടി സി സ്റ്റാൻഡിൽ എത്തി ബസിൽ കയറി പോവുകയായിരുന്നു. അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ കണ്ടതോടെ ആദ്യം അമ്പരപ്പിൽ ആയെങ്കിലും പിന്നീട് കുശലാന്വേഷണങ്ങളും  രാഷ്ട്രീയം പറച്ചിലുമായി  മറ്റു യാത്രക്കാരും ഒപ്പം കൂടി. 

ചാലക്കുടിയിൽ മുൻ എംഎൽഎ ബി.ഡി ദേവസിയും, സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി കെഎസ് അശോകനും ചേർന്ന് സ്വീകരിച്ച് മറ്റൊരു വാഹനത്തിലായിരുന്നു സന്ദർശന സ്ഥലങ്ങളിലേക്ക് എത്തിച്ചത്. നിശബ്ദ പ്രചാരണത്തിന്റെ  മണിക്കൂറുകളിൽ മണ്ഡലത്തിലെ ചില മരണവീടുകളിലും മറ്റും സന്ദർശിക്കാനായിരുന്നു സി. രവീന്ദ്രനാഥ്  സമയം കണ്ടെത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പൊതുപര്യടനത്തിന് ലഭിച്ച വൻ ജനപിന്തുണ വോട്ടാക്കി മാറ്റാനും വൻ ഭൂരിപക്ഷത്തിൽ ജയിക്കാനുമാകുമെന്ന ആത്മാവിശ്വാസത്തിലാണ്  എൽഡിഎഫ്.

അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേന; പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ചു, വമ്പൻ ക്രമീകരണങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios