ചെന്നിത്തല പള്ളിയോടം ഇന്ന് തിരുവാറന്മുളയിലേക്ക്
വിവിധ ക്ഷേത്രങ്ങളിൽ വഞ്ചിപ്പാട്ട് പാടി ദർശനം നടത്തി വഴിപാടുകൾ കഴിച്ചശേഷമാണ് പൂരുട്ടാതി നാളില്‍ ഇന്ന് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടുന്നത്.
മാന്നാർ: ചെന്നിത്തല പള്ളിയോടം തിരുവാറന്മുളയപ്പന്റെ സന്നിധിയിലേക്ക് തിരുമുൽക്കാഴ്ചയുമായി ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ നിന്നും ഇന്ന് യാത്ര പുറപ്പെടും. ആചാരാനുഷ്ഠാനങ്ങളുടെ നിറവിൽ അച്ചൻകോവിലാറ്റിൽ നിന്നും തിരുവാറന്മുളയിലേക്ക് തുഴഞ്ഞെത്തുന്ന ഏക പള്ളിയോടമായ ചെന്നിത്തല പള്ളിയോടം, ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അച്ചൻകോവിൽ, കുട്ടമ്പരൂർ, പമ്പ എന്നീ മൂന്ന് നദികളിലൂടെ ഒന്നരദിവസം സഞ്ചരിച്ചാണ് ചെന്നിത്തല പള്ളിയോടം ആറന്മുളയിലെത്തുന്നത്.
വിവിധ ക്ഷേത്രങ്ങളിൽ വഞ്ചിപ്പാട്ട് പാടി ദർശനം നടത്തി വഴിപാടുകൾ കഴിച്ചശേഷമാണ് പൂരുട്ടാതി നാളില്‍ ഇന്ന് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. യാത്രാമദ്ധ്യേ പള്ളിയോടം ദർശിക്കാനും വഴിപാടുകൾ സമർപ്പിക്കുന്നതിനും നൂറുകണക്കിന് ഭക്തരാണ് കാത്തുനിൽക്കുന്നത്. ചെന്നിത്തലക്കാരുടെ തിരുവോണം പള്ളിയോടം യാത്ര പുറപ്പെടുന്ന ദിവസമായ ഇന്നാണ്. ആചാരപരമായ മൂന്ന് വെടി മുഴക്കത്തോടെയാണ് പള്ളിയോടത്തിന്റെ പുറപ്പാട്. രാവിലെ 8 മണിക്ക് ആദ്യത്തെ വെടിമുഴക്കത്തോടെ പള്ളിയോടത്തിൽ കർപ്പൂരാരാധന നടത്തും. 8.30ന് രണ്ടാമത്തെ വെടിമുഴക്കത്തോടെ തിരുവാറന്മുള ദർശനത്തിന് ഭക്തജനങ്ങൾ പള്ളിയോടത്തിൽ കയറി അച്ചൻ കോവിലാറ്റിൽ പ്രദക്ഷിണം വയ്ക്കുന്നു.
Read also: തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി, നഗരവീഥികൾ കീഴടക്കാൻ പെൺപുലികളും
തിരിച്ചു കടവിലെത്തി കൃത്യം 10 മണിക്ക് മൂന്നാമത്തെ വെടിമുഴക്കത്തോടെ വായ്ക്കുരവ, നാമജപം, വഞ്ചിപ്പാട്ട് എന്നിവയിൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങളുടെ ആശീർവാദവും സ്വീകരിച്ച ശേഷം ദേവപ്രശ്നവിധിപ്രകാരം ഉതൃട്ടാതി നാളിൽ തിരുവാറന്മുളയപ്പന് സമർപ്പിക്കുന്നതിനായി കരയോഗത്തിന്റെ വഴിപാടായ അവൽ, കദളിക്കുല, ധനക്കിഴി, താംബൂലം എന്നിവ പ്രത്യേകമായി ഭക്തിപുരസരം പള്ളിയോടത്തിലെത്തിച്ച് പള്ളിയോടം തിരുവാറന്മുള യാത്രയ്ക്ക് പുറപ്പെടും.
കഴിഞ്ഞവർഷമുണ്ടായ ദുരന്ത പശ്ചാത്തലത്തിൽ ഏറെ സുരക്ഷാ മുൻകരുതലുകളാണ് ഇക്കുറി കൈക്കൊണ്ടിട്ടുള്ളതെന്ന് ചെന്നിത്തല തെക്ക് എൻഎസ്എസ് കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് യാത്രയ്ക്ക് പുറപ്പെടുന്നത്. പള്ളിയോടത്തിൽ പോകുന്നവർക്കായി പള്ളിയോട കടവിൽ രണ്ടുഘട്ടങ്ങളിലായി നീന്തൽ ടെസ്റ്റുകൾ നടത്തുകയുംസുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് മാവേലിക്കര ഫയർസ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തുകയുമുണ്ടായി.