Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ലഭിക്കണമെന്ന് ആവശ്യപ്പെട്ട്, മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് തര്‍ക്കങ്ങൾ തുടങ്ങിയത്. 

clash between the relatives of a deceased man hospital employees regarding the time of post mortem examination
Author
First Published Apr 24, 2024, 3:32 AM IST

തൃശൂര്‍: തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് വിഭാഗത്തില്‍ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം. ഉച്ചയ്ക്ക് രണ്ടിന് ശേഷം വരുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിക്കില്ലെന്ന ജീവനക്കാരുടെ നിലപാടാണ് തര്‍ക്കത്തിന് കാരണം. ഉച്ചയ്ക്ക് രണ്ടിന് മുമ്പ് മൃതദേഹങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന നിലപാട് ജീവനക്കാരെടുത്തതാണ് തര്‍ക്കത്തിന് കാരണമായത്.

ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് ഇടപെട്ട് എത്തിയ മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് എത്തിയത്. ഈ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധ്യമല്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു. സാധാരണ നിലയിൽ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയാറാണ്. മാനുഷിക പരിഗണന നല്‍കിയാണ് ഡോക്ടര്‍മാര്‍ അതിനു തയാറാവുന്നത്. ഡോക്ടര്‍മാരുടെ ഈ നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സഹായിക്കുന്ന ജീവനക്കാര്‍ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സേവനം സാധ്യമല്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ലഭിക്കണമെന്ന് ആവശ്യപ്പെട്ട്, മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് തര്‍ക്കങ്ങൾ തുടങ്ങിയത്. അടുത്ത ദിവസം തന്നെ ഇതിനു കൃത്യമായ ധാരണ ഉണ്ടാക്കുമെന്നും ഫോറന്‍സിക് വിഭാഗം അറിയിച്ചു. അതേസമയം രണ്ട് മണിക്ക് ശേഷം വന്ന മൃതദേഹങ്ങള്‍ ഇന്നലെയും പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഫ്രീസറിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

Follow Us:
Download App:
  • android
  • ios