Asianet News MalayalamAsianet News Malayalam

പ്രളയ പുനരധിവാസം; എറണാകുളം മാതൃകയ്ക്ക് കളക്ടറുടെ കയ്യടി

പ്രളയം രൂക്ഷമായി ബാധിച്ച എറണാകുളം ജില്ലയില്‍ 2186 വീടുകളാണ് പൂർണമായും തകർന്നത്. സഹായധനം ആദ്യഘഡുവായി 1340 പേർക്ക് 12.74 കോടി രൂപവിതരണം ചെയ്തു കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെ കെയർഹോം പദ്ധതിപ്രകാരം അപേക്ഷിച്ച 403 പേരില്‍ 337 പേർക്ക് പുതിയ വീട് നിർമിച്ചു നല്‍കും

collector safirulla praises flood relief of ernakulam
Author
Kochi, First Published Dec 28, 2018, 10:34 AM IST

കൊച്ചി: പ്രളയ പുനരധിവാസ പ്രവർത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ എറണാകുളം ജില്ല സംസ്ഥാനത്ത് തന്നെ മുന്‍പന്തിയിലെന്ന് ജില്ലാകളക്ടർ മുഹമ്മദ് വൈ സഫീറുള്ള. പ്രളയബാധിതർക്ക് വായ്പ ലഭ്യമാക്കുന്നതടക്കം പല പദ്ധതികളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് എറണാകുളം ഏറെ മുന്നിലെന്നും കളക്ടർ അറിയിച്ചു.

പ്രളയം രൂക്ഷമായി ബാധിച്ച എറണാകുളം ജില്ലയില്‍ 2186 വീടുകളാണ് പൂർണമായും തകർന്നത്. സഹായധനം ആദ്യഘഡുവായി 1340 പേർക്ക് 12.74 കോടി രൂപവിതരണം ചെയ്തു കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെ കെയർഹോം പദ്ധതിപ്രകാരം അപേക്ഷിച്ച 403 പേരില്‍ 337 പേർക്ക് പുതിയ വീട് നിർമിച്ചു നല്‍കും, ബാക്കിയുള്ളവരുടെ കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ എന്‍ ജി ഒ കളുടെ സഹായത്തോടെ 81 വീടുകളുടെ നിർമാണവും പുരോഗമിക്കുന്നു.

ജില്ലയില്‍ ഭാഗകമായി തകർന്നത് 86341 വീടുകള്‍. ഇവർക്കുള്ള ധനസഹായ വിതരണം രണ്ട് മാസത്തിനകം പൂർത്തിയാക്കും. ഇതുകൂടാതെ സഹായമാവശ്യപ്പെട്ട് ലഭിച്ച 30239 അപേക്ഷകളിലടക്കം നടപടികള്‍ ഉറപ്പാക്കാനായി 60 അംഗ സംഘം പ്രവർത്തിക്കും. ജില്ലയില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവർക്ക് കുടുംബശ്രീ മുഖാന്തിരം റീസർജന്‍റ് വായ്പയിലൂടെ 225 കോടി രൂപ വിതരണം ചെയ്തു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഈയിനത്തില്‍ ചിലവഴിച്ചതും ജില്ലയിലാണ്. വായ്പാ വിതരണത്തില്‍ ജില്ല 60 ശതമാനം പുരോഗതി കൈവരിച്ചു. പ്രളയത്തില്‍ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിനായി 44 കോടിരൂപയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാർഷിക, ജലസേചന, വ്യാവസായിക മേഖലകളിലും പുനരധിവാസ പ്രവർത്തനങ്ങള്‍ മുന്നോട്ടുപോവുകയാണെന്നും കളക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios