Asianet News MalayalamAsianet News Malayalam

അമ്മയുടെ മൊഴിയില്‍ വൈരുധ്യം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ആത്മഹത്യയായിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ ഒരു ബന്ധുവും നാട്ടുകാരില്‍ ചിലരും സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പോലീസ് മരണം ആത്മഹത്യയാണെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

crime branch start investigation on 10th standard student death in wayanad
Author
Wayanad, First Published Nov 9, 2018, 8:38 AM IST

കല്‍പ്പറ്റ: പുല്‍പ്പള്ളി കാപ്പിസെറ്റില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പുല്‍പ്പള്ളി പോലീസ് ആത്മഹത്യയെന്ന് കരുതി അന്വേഷണം അവസാനിപ്പിച്ച കേസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയിലെ വൈരുധ്യത്തില്‍ പോലീസ് ഒരു വിധ സംശയവും പ്രകടിപ്പിച്ചില്ലെന്നും ഇതൊക്കെ മരണത്തില്‍ സംശയിക്കാവുന്നതാണെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കാപ്പിസെറ്റിലുള്ള വീട്ടിലെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളോടും ആക്ഷന്‍ കമ്മിറ്റി അംഗങ്ങളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഭാഗവും സംഘം പരിശോധിച്ചിരുന്നു. 2017 ഡിസംബര്‍ 14നാണ് മറ്റേക്കാട്ട് പുത്തന്‍പുരയില്‍ ഷാജിയുടെയും ദീപയുടെയും മകളായ ആദിത്യയെ വീടിന് സമീപത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആത്മഹത്യയായിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ ഒരു ബന്ധുവും നാട്ടുകാരില്‍ ചിലരും സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പോലീസ് മരണം ആത്മഹത്യയാണെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട ഹൈക്കോടതി പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ അസ്വാഭാവികത ഉണ്ടെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും നിരീക്ഷിച്ചു. 

Follow Us:
Download App:
  • android
  • ios