Asianet News MalayalamAsianet News Malayalam

അനധികൃത പരസ്യബോര്‍ഡ് ; സമയബന്ധിതമായി മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി

ജില്ലയില്‍ റോഡരികുകളില്‍ അനധികൃതവും അപകടകരവുമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം നടപടി കര്‍ശനമാക്കും. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് നോട്ടീസ് നല്‍കിയവരില്‍ നിന്ന് പിഴയും ബോര്‍ഡ് നീക്കം ചെയ്യുന്നതിന് ചെലവായ തുകയും ഈടാക്കാനാണ് തീരുമാനം. 

District administration take action against Unauthorized advertisement
Author
Kozhikode, First Published Oct 25, 2018, 6:36 PM IST


കോഴിക്കോട്: ജില്ലയില്‍ റോഡരികുകളില്‍ അനധികൃതവും അപകടകരവുമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം നടപടി കര്‍ശനമാക്കും. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് നോട്ടീസ് നല്‍കിയവരില്‍ നിന്ന് പിഴയും ബോര്‍ഡ് നീക്കം ചെയ്യുന്നതിന് ചെലവായ തുകയും ഈടാക്കാനാണ് തീരുമാനം. 

പിഴ അടക്കാത്ത പക്ഷം  റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാകലക്ടര്‍ യു.വി. ജോസ്  കലക്‌ട്രേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ അറിയിച്ചു.  തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 16 മുതല്‍ ഒരാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ 4845 അനധികൃത പരസ്യ ബോര്‍ഡുകളാണ് മാറ്റിയത്. 

പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് 990 പരസ്യ ബോര്‍ഡുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തു. 31 പേര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ 28 നകം പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് പരസ്യ കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കുന്നതിനായി നാളെ  ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പരസ്യ കമ്പനി ഏജന്‍സികളുടെയും യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് ചേമ്പറില്‍ വിളിച്ചു ചേര്‍ക്കും. 

നിര്‍ദേശങ്ങള്‍ക്ക് ശേഷവും സമയബന്ധിതമായി ബോര്‍ഡ് പൂര്‍ണമായും മാറ്റുന്നില്ലെങ്കില്‍ സ്ക്വാഡുകളായി തിരിച്ച് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി ബോര്‍ഡുകള്‍ മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതിനാവശ്യമാകുന്ന ചെലവും അതത് കമ്പനികളില്‍ നിന്ന് തന്നെ ഈടാക്കും. അനധികൃതമായി സ്ഥാപിക്കപ്പെട്ട പരസ്യ ബോര്‍ഡുകള്‍ ഗതാഗത തടസത്തിനും അപകടത്തിനും ഉള്‍പ്പെടെ ഇടയാക്കുന്നതായുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. 

ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ചട്ടപ്രകാരം അനുമതി വാങ്ങിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മതം വികാരം വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ പോലുള്ളവ ചിത്രീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. 

ഉപയോഗം അവസാനിച്ച് പരമാവധി 7 ദിവസത്തിനുള്ളില്‍ എടുത്തുമാറ്റാത്ത ബോര്‍ഡുകളില്‍ അവ സ്ഥാപിച്ചവര്‍ക്കെതിരെ പിഴയും നിയമനടപടിയും സ്വീകരിക്കാമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്. യോഗത്തില്‍ എ.ഡി.എം റോഷ്‌നി നാരായണന്‍, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടര്‍ എന്‍ റംല, പോലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. 

Follow Us:
Download App:
  • android
  • ios