Asianet News MalayalamAsianet News Malayalam

പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന് ഖത്തറില്‍ പുരസ്കാരം

എടുപ്പിലും നടപ്പിലും വേഷത്തിൽ പോലും പരിസ്ഥിതി വാദിയായ പ്രൊഫ. ശോഭീന്ദ്രൻ പരിസ്ഥിതി രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ധനതത്വശാസ്ത്ര വിഭാഗം മേധാവിയായി പെൻഷൻ പറ്റിയ അദ്ദേഹം കോളേജ് സേവന കാലത്ത് തുടങ്ങിവച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ കോളേജിൽ ഇപ്പോഴും മുടങ്ങാതെ തുടർന്നു വരികയാണ്

Environmental activist proffeser shofeendran got qatar award
Author
Calicut, First Published Mar 4, 2019, 4:30 PM IST

കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന് രാഷ്ട്രാന്തര പ്രാധാന്യമുള്ള പരിസ്ഥിതി അവാർഡ്. "മനം ശുദ്ധമാക്കാം മണ്ണ് സുന്ദരമാക്കാം" എന്ന മുദ്രാവാക്യവുമായി മൈന്റ് ട്യൂൺ ഇക്കോ വേവ്സ് എന്ന സംഘടന നടത്തിയ രാജ്യാന്തര ക്യാംപെയിനിന്റെ സമാപനത്തിന്റെ ഭാഗമായി ഖത്തറിൽ നടത്തിയ ഗ്ലോബൽ സമ്മിറ്റിനോട് അനുബന്ധിച്ചായിരുന്നു പുരസ്കാരം നൽകിയത്. ഏഴു രാജ്യങ്ങളിലെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലീഡർമാർ അടങ്ങുന്ന വേദിയിൽ ആയിരുന്നു പുരസ്കാര വിതരണം. ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. സെയ്ഫ് അൽ ഹാജിരി പുരസ്കാര സമർപ്പണം നടത്തി. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആണ് നൽകിയത്.

എടുപ്പിലും നടപ്പിലും വേഷത്തിൽ പോലും പരിസ്ഥിതി വാദിയായ പ്രൊഫ. ശോഭീന്ദ്രൻ പരിസ്ഥിതി രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ധനതത്വശാസ്ത്ര വിഭാഗം മേധാവിയായി പെൻഷൻ പറ്റിയ അദ്ദേഹം കോളേജ് സേവന കാലത്ത് തുടങ്ങിവച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ കോളേജിൽ ഇപ്പോഴും മുടങ്ങാതെ തുടർന്നു വരികയാണ്. കൂടാതെ കോഴിക്കോട് ജില്ലയിലെ പാതകൾക്ക് ഇരുവശവും കാണുന്ന തണൽമരങ്ങളിൽ ഏറെയും അദ്ദേഹത്തിൻറെ കൈകൾ കൊണ്ട് നട്ടവയാണ്. പതിനഞ്ച് വർഷമായി താമരശ്ശേരി ചുരത്തിൽ നടത്തിവരുന്ന, വിദ്യാർഥികളുടെ പങ്കാളിത്തം പതിനയ്യായിരത്തിൽ എത്തിനിൽക്കുന്ന, പ്രകൃതി പഠനയാത്രയുടെ മുഖ്യസംഘാടകൻ കൂടിയാണ് ശോഭീന്ദ്രന്‍. 

പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ഗ്രീൻ കമ്യൂണിറ്റിയുടെ സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ആണ്. ഓപ്പറേഷൻ കനോലികനാൽ പ്രവർത്തനത്തിൽ നിത്യേന ചെന്ന്  ഇടപെടുമായിരുന്നു അദ്ദേഹം. ജില്ലയിലെ  വിദ്യാർത്ഥികളിൽ പ്രവർത്തിക്കുന്ന സേവ് പോലെയുള്ള നിരവധി പരിസ്ഥിതി സംഘടനകളുടെ ഗുരുസ്ഥാനീയൻ ആണ്. നിലവിൽ കേരള സർക്കാരിൻറെ വനം-വന്യജീവി ബോർഡ് അംഗമാണ്.ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രാ നാഷനൽ അവാർഡ്(2004),കേരള സർക്കാറിന്റെ വനമിത്രാ അവാർഡ്(2006),ഒയിസ്ക്ക വൃക്ഷസ്നേഹി അവാർഡ്(2007),ഹരിതബന്ധു അവാർഡ്(2010),സെലബ്രിറ്റി ടീച്ചർ എഡുക്കേഷൻ അവാർഡ്(ഡൽഹി 2012),ഭാരത വികാസ് സംഗം നാഷനൽ അവാർഡ്(2018) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios