Asianet News MalayalamAsianet News Malayalam

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ഗോഡൗണിൽ തീപിടുത്തം ; കെട്ടിടത്തിൽ ഉണ്ടായിരുന്നത് 28പേർ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ഗോഡൗണിൽ തീപിടുത്തം . 6 നിലകളുള്ള ഗോഡൗണിനാണ് തീപിടിച്ചത് . പുക ശ്വസിക്കുന്നത് അപകടകരമാണെന്നും സമീപവാസികളും മാധ്യമ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി 

fire breaks out near building near ernakulam south railway station
Author
Kochi, First Published Feb 20, 2019, 12:26 PM IST

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ഗോഡൗണിൽ തീപിടുത്തം . 6 നിലകളുള്ള ഗോഡൗണിനാണ് തീപിടിച്ചത് . ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു . ഒരു മണിക്കൂറായിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല . സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാൻ സാധ്യത കൂടുതലാണെന്ന് അധികൃതര്‍ . കൂടുതൽ ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് എത്തുന്നു . സമീപ കെട്ടിടങ്ങളിൽ ഉള്ളവരെ ഒഴിപ്പിച്ചു .  

നഗരത്തില്‍ നിന്ന് കുടിവെള്ള ടാങ്കറുകളില്‍ അടക്കം വെള്ളമെത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്നി ബാധ നിയന്ത്രിക്കാനായി സേനയുടെ സഹായം തേടിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെയാണ് കെട്ടിടത്തിന്റെ മധ്യ ഭാഗത്ത് അഗ്നി ബാധയുണ്ടായത്. റബ്ബര്‍ ഉല്‍പന്നങ്ങളാണ് തീ പിടിച്ച കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തില്‍ നിന്ന് ഉയരുന്ന കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 


പുക ശ്വസിക്കുന്നത് അപകടകരമാണെന്നും സമീപവാസികളും മാധ്യമ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തിനുള്ളിൽ ചെറുസ്ഫോടനങ്ങളും ഉണ്ടായി. റബറിനു തീപിടിച്ചത് അണയ്ക്കാനാകുന്നില്ല. തീവ്രഗന്ധവും അനുഭവപ്പെടുന്നു. 

വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു പ്രാഥമിക നിഗമനം. തീ അണയ്ക്കാന്‍ ഭാരത് പെട്രോളിയം, എയർപോർട്ട് അതോറിറ്റി  എന്നിവരുടെ സേവനം  തേടി ജില്ലാ ഭരണകൂടം.  കെട്ടിടത്തിൽ  ഉണ്ടായിരുന്നത് ആകെ 28പേരാണെന്നും. ഇവരില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടതായി കമ്പനി ജീവനക്കാർ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios