Asianet News MalayalamAsianet News Malayalam

കുട്ടനാട്ടില്‍ വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങള്‍ വെള്ളക്കെട്ടില്‍, ഏക്കര്‍ കണക്കിന് കൃഷി നശിച്ചു

കുട്ടനാട്ടിൽ രണ്ടാം കൃഷി വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങൾക്ക് കനത്ത മഴ വില്ലനാകുന്നു. 

flooded acres of paddy fields in Kuttanad
Author
Kerala, First Published Oct 22, 2019, 12:14 AM IST

ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷി വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങൾക്ക് കനത്ത മഴ വില്ലനാകുന്നു. ആകെ 8000 ഹെക്ടർ പാടശേഖരത്താണ് ഇപ്പോൾ വിളവെടുപ്പ് നടക്കുന്നത്. എന്നാൽ അതെല്ലാം വെള്ളക്കെട്ടിലാണ്. മഴ ശക്തമാകുന്നതിന് മുമ്പ് തന്നെ വിളവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കർഷകരും കൃഷിവകുപ്പും. 

എന്നാൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്നത് വിളവെടുപ്പിനെ ബാധിച്ചുകഴിഞ്ഞു. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിന് ശേഷം കൊയ്ത്ത് ആരംഭിക്കാനാണ് തീരുമാനം. പൊന്നാട് പെരുന്തുരുത്ത് കരി പാടശേഖരത്തിൽ വിളവെടുക്കുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ശക്തമായ മഴയിലും തീവ്രമായി വീശുന്ന കാറ്റിലും 200 ഏക്കറോളം വരുന്ന നെൽകൃഷി പൂർണമായും നശിച്ചു.

വൻതുക മുടക്കി കൃഷിയിറക്കിയ കർഷകർക്ക് പ്രതികൂല കാലാവസ്ഥ വൻ തിരിച്ചടിയായിരിക്കുകയാണ്. വിളവെടുക്കാൻ പരുവമായ നെല്ല് ആയതിനാൽ കിളിർത്തു തുടങ്ങിയതായും കർഷകർ പറയുന്നു. 
നഷ്ടപ്പെട്ട വിളകൾക്ക് നഷ്ടപരിഹാരം നൽകുന്ന സംബന്ധിച്ചുള്ള നടപടികളും കൃഷിവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. 

കൊയ്ത്ത് യന്ത്രങ്ങൾ പാടശേഖരങ്ങളിൽ താഴ്ന്ന് പോകുന്നതും കൊയ്ത്ത് സുഗമമായി പുരോഗമിക്കുന്നതിന് തിരിച്ചടിയാകുന്നുണ്ട്. നിലവിൽ 14 യന്ത്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമേ കൃഷിവകുപ്പ് നൽകിയ മൂന്ന് യന്ത്രങ്ങളും കർഷകർക്ക് സഹായകമാകുന്നുണ്ട്. 

അതേസമയം, രണ്ടാം കൃഷി നടത്തുന്ന കായൽ പാടശേഖരങ്ങൾക്ക് മടവീഴ്ച ഭീഷണിയും നിലനിൽക്കുന്നുണ്ട്. കൃഷിക്കൊരുക്കിയ കുട്ടനാട്ടിലെ  രാമരാജപുരം കായൽ നിലത്ത് ഇന്ന് മട വീണു. തൊട്ടു പിറകെ നീലംപേരൂർ കിളിയകാവ് വടക്ക് പാടത്തും  മട വീണു
മംഗലം മാണിക്യ മംഗലം കായലിലും ഇന്ന് ഉച്ചയ്ക്ക് മടവീണു.

Follow Us:
Download App:
  • android
  • ios