ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി; 'അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു'

പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി. 

food safety department Onam special inspections at kerala checkposts joy

തിരുവനന്തപുരം: ഓണക്കാലത്ത് ചെക്കുപോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

'മൊബൈല്‍ ലാബുകളടക്കം ചെക്കുപോസ്റ്റുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുമായി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധിക്കും. ടാങ്കറുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ലാബുകളില്‍ പരിശോധന നടത്തുന്നതാണ്. രാസവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിളുകള്‍ വകുപ്പിന്റെ എന്‍.എ.ബി.എല്‍ ലാബില്‍ വിശദ പരിശോധനക്കായി കൈമാറും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും.' ഇതോടൊപ്പം ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം, സസ്യ എണ്ണകള്‍ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. 


ഓണക്കിറ്റ് വിതരണം 28 വരെ

തിരുവനന്തപുരം: മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് ഇന്ന് മുതല്‍ റേഷന്‍ കടകള്‍ വഴി ഭാഗികമായി ലഭ്യമായി തുടങ്ങുമെന്ന് മന്ത്രി ജിആര്‍ അനില്‍. കിറ്റില്‍ ഉള്‍പ്പെടുത്തിയ കശുവണ്ടി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എല്ലാ ജില്ലകളിലും പൂര്‍ണ്ണതോതില്‍ എത്തിച്ചേര്‍ന്നിട്ടില്ല. അതിനാല്‍ 25 മുതല്‍ മാത്രമേ പൂര്‍ണ്ണ തോതില്‍ ഭക്ഷ്യ കിറ്റ് വിതരണം നടക്കുകയുള്ളൂ. 28 വരെ ഭക്ഷ്യകിറ്റ് വിതരണം ഉണ്ടായിരിക്കുമെന്നും ഒരു എ.എ.വൈ കാര്‍ഡ് ഉടമയ്ക്കും കിറ്റ് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി അനില്‍ അറിയിച്ചു.

 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്‌കിനെ ജയിപ്പിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നു, ഇന്ന് രണ്ട് പൊതുയോഗങ്ങൾ 
 

Latest Videos
Follow Us:
Download App:
  • android
  • ios