Asianet News MalayalamAsianet News Malayalam

മാലിന്യപ്രശ്നം പറഞ്ഞ് സംസ്കാരം തടഞ്ഞു; വൃദ്ധയുടെ മൃതദേഹം 3 ദിവസമായി മോര്‍ച്ചറിയില്‍

കൊല്ലം പുത്തൂരിലാണ് സംഭവം. സെമിത്തേരിയില്‍ നിന്ന് മലിനജലം എത്തുന്നെന്ന് ആരോപിച്ചാണ് സംസ്കാരം നാട്ടുകാര്‍ തടഞ്ഞത്.

funeral blocked by locals at kollam
Author
Kollam, First Published May 16, 2019, 6:19 PM IST

കൊല്ലം: കൊല്ലത്തെ പുത്തൂരില്‍ വൃദ്ധയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. ഇതേ തുടർന്ന് മൂന്ന് ദിവസമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് അന്നമ്മ എന്ന വൃദ്ധയുടെ മൃതദേഹം.

80 വര്‍ഷത്തിലധികം പഴക്കമുള്ള സെമിത്തേരിയാണ് പുത്തൂര്‍ ജെറുസലേം മാര്‍ത്തോമാ പള്ളിയിലുള്ളത്. സ്ഥല സൗകര്യം കുറഞ്ഞു വരുന്നതിനാല്‍ അടുത്തുള്ള കുറച്ച് ഭൂമി കൂടി പള്ളി അധികൃതര്‍ വാങ്ങി. ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സംസ്കരിക്കുമ്പോള്‍ മലിനജലം ഒഴുകി കിണറുകളിലേക്ക് എത്തുന്നുവെന്ന് നാട്ടുകാര്‍ പരാതിയുമായെത്തി. രണ്ട് വര്‍ഷത്തിനിടയില്‍ ശവസംസ്കാരങ്ങള്‍ ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ല. അതിനിടെ ചൊവ്വാഴ്ചയാണ് 40 വര്‍ഷമായി ഇടവകാംഗമായ അന്നമ്മ മരിക്കുന്നത്. അന്നമ്മയുടെ മൃതദേഹം സംസ്കാരത്തിനായി എത്തിച്ചപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു.

അന്നമ്മയുടെ മക്കളായ ഏലിയാമ്മയും ഷേർളിയും ഇടവക വികാരിയെ സമീപിച്ചെങ്കിലും പരിഹാരമായില്ല. നാട്ടുകാരില്‍ ഒരാള്‍ സംസ്കാരം നടത്തുന്നതിനെതിരെ കോടതിയെ സമീപിച്ചതിനാല്‍ തങ്ങള്‍ നിസഹായരാണെന്നാണ് പള്ളി അധികൃതരുടെ മറുപടി. സമീപത്തുള്ള മാര്‍ത്തോമസഭയുടെ മറ്റൊരു സെമിത്തേരിയെ സമീപിച്ചെങ്കിലും അവിടെയും അനുവാദം കിട്ടിയില്ല. പ്രശ്നപരിഹാരത്തിന് അന്നമ്മയുടെ മക്കളും ബന്ധുക്കളും കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios