Asianet News MalayalamAsianet News Malayalam

അധികാരികളുടെ അനാസ്ഥയില്‍ കേരള സ്റ്റേറ്റ് ഹാന്‍റിക്രാഫ്റ്റ് അപ്പെക്സ് സൊസൈറ്റിയുടെ സുരഭി ഷോറൂം അടച്ചുപൂട്ടി

അഞ്ചു വര്‍ഷം മുന്‍പാണ്  ഇവിടെ അവസാനമായി വേണ്ട വിധത്തിൽ കരകൌശല ഉല്‍പ്പനങ്ങളുടെ സ്റ്റോക്ക് ലഭിച്ചതെന്ന് ആരോപണമുണ്ട്. നിലവിൽ കെട്ടിടത്തിനുള്ളിൽ ഉള്ള മിക്ക കരകൗശല ഉൽപന്നങ്ങളും വലയും പൊടിയും പിടിച്ചു നശിക്കുകയാണ്. വൈദ്യുതി ബില്ല് കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിലും ഷോറൂമിൽ വൈദ്യുതി ലഭ്യമല്ല. മീറ്റർ ബോർഡും വയറിങ്ങും ഒക്കെ മഴവെള്ളം ഇറങ്ങി നശിച്ചു. 

handy craft apex society surabhi showroom
Author
Thiruvananthapuram, First Published Oct 22, 2018, 8:59 AM IST

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർകാറുകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഹാന്‍റിക്രാഫ്റ്റ് അപ്പെക്സ് സൊസൈറ്റിയുടെ കോവളം സുരഭി ഷോറൂം അധികാരികളുടെ അനാസ്ഥയില്‍ പൂട്ടി. തീരത്തെത്തുന്ന വിദേശികളെ ആകര്‍ഷിക്കാന്‍ കോടികൾ ചിലവാക്കി നിർമിച്ച മൂന്നു നില കെട്ടിടം ഇന്ന് കാടുപിടിച്ചു ചോര്‍ന്നൊലിച്ചു തകര്‍ച്ചയുടെ  വക്കിലാണ്. കെട്ടിടത്തിന്‍റെ മുകള്‍ നിലകളില്‍ പാമ്പും മരപ്പട്ടിയും വരെ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ടൂറിസം സീസണിൽ ലക്ഷങ്ങൾ സര്‍ക്കാരിന് വരുമാനം ലഭിക്കുന്ന പദ്ധതിയാണ് അധികൃതരുടെ കെടുകാര്യസ്ഥത കാരണം നശിക്കുന്നത്. 

അഞ്ചു വര്‍ഷം മുന്‍പാണ്  ഇവിടെ അവസാനമായി വേണ്ട വിധത്തിൽ കരകൌശല ഉല്‍പ്പനങ്ങളുടെ സ്റ്റോക്ക് ലഭിച്ചതെന്ന് ആരോപണമുണ്ട്. നിലവിൽ കെട്ടിടത്തിനുള്ളിൽ ഉള്ള മിക്ക കരകൗശല ഉൽപന്നങ്ങളും വലയും പൊടിയും പിടിച്ചു നശിക്കുകയാണ്. വൈദ്യുതി ബില്ല് കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിലും ഷോറൂമിൽ വൈദ്യുതി ലഭ്യമല്ല. മീറ്റർ ബോർഡും വയറിങ്ങും ഒക്കെ മഴവെള്ളം ഇറങ്ങി നശിച്ചു. വിശാലമായ മൂന്നു നില കെട്ടിടത്തിലെ താഴത്തെ നിലയുടെ കുറച്ചു ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കാൻ കഴിയുന്നത്. കാട്  പിടിച്ചു കിടക്കുന്ന പരിസരവും പൊളിഞ്ഞു കിടക്കുന്ന കെട്ടിടവും കണ്ടാൽ തന്നെ ആരും ഭയന്നു അകത്തു കയറില്ല. ഇപ്പോൾ അകത്ത് പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ കെട്ടിടത്തിന് മുന്നിൽ പുല്ലും ചെടിയും വളർന്ന് കിടക്കുകയാണ്. 

ലക്ഷങ്ങൾ വിലമതിക്കുന്ന ഫർണിച്ചറുകൾ തുരുമ്പെടുത്തു നശിച്ചു കിടക്കുന്നു. കരകൗശല തൊഴിലാളികൾക്കു പരിശീലനവും, അവരുടെ ഉത്പന്നങ്ങൾ പ്രദർശനത്തിന് വച്ചു വിപണനം നടത്താനും എന്ന ഉദ്ദേശത്തോടെ 23 വർഷങ്ങൾക്കു മുൻപ് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ചാണ് പദ്ധതി തുടക്കമിട്ടത്. കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിലും അഴിമതി നടന്നതായി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌  ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഫര്‍ണീച്ചറുകളും നശിച്ചു തുടങ്ങിയിരിക്കുന്നു. നാട്ടുകാർക്കും തൊഴിലാളികൾക്കും പ്രയോജനം ഇല്ലാതെ ഇങ്ങനെ കിടക്കുന്ന ഈ സുരഭി ഷോറൂം സർക്കാർ ഇടപെട്ട്  പുനരുജ്ജീവിപ്പിക്കണമെന്നാണ് ഏവരുടെയും അഭിപ്രായം. 

കോവളത്ത് മറ്റു സ്വകാര്യ കരകൗശലശാലകൾ ലക്ഷങ്ങൾ വരുമാനം കൊയ്യുമ്പോൾ തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത അവസ്തയിലേക് മാറിയിരിക്കുകയാണ് കോവളം സുരഭി. ഒരുപാട് ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ നൽകാനും വരുമാനം കണ്ടെത്താനും കഴിയുന്ന ഈ ഷോറൂം വ്യവസായ വകുപ്പും ടൂറിസം വകുപ്പും സമഗ്രമായി ഏറ്റെടുതത് നല്ല രീതിയിൽ നടത്തിയാല്‍ ഇതിലൂടെ ലക്ഷങ്ങളാണ്  ഒരു  വര്‍ഷം സര്‍ക്കാര്‍ ഘജനാവിലെക്ക് എത്തുക.

Follow Us:
Download App:
  • android
  • ios