Asianet News MalayalamAsianet News Malayalam

യുവതിയുടെ ആത്മഹത്യ ഹാര്‍ട്ടറ്റാക്കാക്കി മാറ്റിയ സംഭവം;  കോടതി ആമീൻ അറസ്റ്റിൽ

തിരുമകന്‍ സെല്‍വിയുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും  ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജാക്കാട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്

idukki lady suicide; accused arrested
Author
Idukki, First Published Nov 10, 2018, 6:26 PM IST

ഇടുക്കി: ബൊസണ്‍വാലി ടി കമ്പനിയില്‍ യുവതിയുടെ ആത്മഹത്യ ഹാര്‍ട്ടറ്റാക്കി മാറ്റി മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരിച്ച സെല്‍വിയുടെ ഭര്‍തൃ സഹോദരനും ദേവികുളം മുനിസിഫ് കോടതി ആമിനുമായ തിരുമകനാണ് പിടിയിലായത്. സെല്‍വിയുടെ മരണകാരണം ഇയാളുടെ മോശം ഇടപെടലാണെന്ന് കാണിച്ച് സെല്‍വിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മരണം സംഭവിച്ച അന്നുമുതല്‍ ഇയാള്‍ ഒളിവിലുമായിരുന്നു.

ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതാണ് ബൈസണ്‍വാലി സെല്‍വിയുടെ മരണം. രാത്രിയില്‍ വീട്ടില്‍ നിന്നും കാണാതായ സെല്‍വിയെ കഴിഞ്ഞ ഇരുപത്തിനാലിന് വെളുപ്പിന് രണ്ടു മണിയോടെയാണ് വീടിന് സമീപപത്തെ കുളത്തില്‍ നിന്നും മരിച്ച നിലയിലാണ്  കണ്ടെത്തുന്നത്. ഭര്‍ത്താവ് തമിഴ് സെല്‍വന്‍ അടക്കമുള്ളവര്‍ സെല്‍വിയുടെ മരണം അറ്റാക്ക് മൂലമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപത്തി നാലിന് നാലുമണിയോടെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. 

എന്നാല്‍ സംസ്‌ക്കാരത്തിന് ശേഷം സെല്‍വിയുടെ മകന്‍ അമ്മയുടെ മൃതദഹം കുളത്തില്‍ നിന്നുമാണ് എടുത്തതെന്ന് സെല്‍വിയുടെ പിതാവ് ആറുമുഖനോട് പറയുകയും ചെയ്തു. സെല്‍വി മരിച്ചതറിഞ്ഞ് ഭര്‍ത്താവിന്‍റെ സഹോദരന്‍ തിരുമകന്‍ ഇവിടേയ്ക്ക് എത്താതെ ഒളിവില്‍ പോയത് സംശയത്തിനും ഇടവരുത്തി. തുടര്‍ന്നാണ് ആറുമുഖന്‍ രാജാക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസും വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന ആക്ഷപവും ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് ഇടുക്കി എസ് പിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് എസ് ഐ യുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തില്‍ ഒളിവില്‍ പോയ തിരുമകന്‍ സെല്‍വിയുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും  ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജാക്കാട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്.

തിരുമകന്‍റെ കയ്യില്‍ നിന്നും ഫോണ്‍ കണ്ടെട്ടുത്തിട്ടുണ്ട്. മാത്രവുമല്ല ഇയാള്‍ ഫോണില്‍ചിത്രങ്ങള്‍ പകര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ് ഐ പി ഡി അനൂപ് മോന്‍, എ എസ് ഐ സജി എന്‍ പോള്‍, ഉലഹന്നാന്‍, ഷാജു, ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

Follow Us:
Download App:
  • android
  • ios