Asianet News MalayalamAsianet News Malayalam

റിസോര്‍ട്ട് ഉടമയെയും ജോലിക്കാരനെയും കൊന്നത് എന്തിന് വേണ്ടി; നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്

വെള്ളിയാഴ്ച്ച വൈകിട്ട് മുതല്‍ രാജേഷിനെയും മുത്തയ്യയെയും സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് വിവരമൊന്നും ലഭിയ്ക്കാതായിരുന്നു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് വരെ രാജേഷിന്റെ വാട്ട്‌സാപ്പ് ഓണ്‍ ലൈന്‍ ആയിരുന്നു. പിന്നീട് ബന്ധുക്കള്‍ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു

idukki resort owner murder case
Author
Idukki, First Published Jan 14, 2019, 8:05 PM IST

ഇടുക്കി: ചിന്നക്കനാലിനു സമീപം നടുപ്പാറയിലെ റിസോര്‍ട്ട് ഉടമയുടെയും ജോലിക്കാരന്‍റെയും മരണം കൊലപാതകമെന്ന് പൊലീസ്. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശികളായ ദമ്പതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തു. പ്രതി എന്ന് കരുതപ്പെടുന്ന കുളപ്പാറച്ചാല്‍ സ്വദേശിയായ ഡ്രൈവര്‍ക്കായി അന്വേഷണം തമിഴ്‌നാട്ടിലേയ്ക്കും വ്യാപിപ്പിച്ചു. 143 കിലോഗ്രാം ഉണക്ക ഏലക്കായ ഇയാള്‍ പൂപ്പാറയിലെ ഒരു കടയില്‍ വിറ്റിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എസ്റ്റേറ്റില്‍ നിന്നും കാണാതായ കാര്‍ മുരിക്കുംതൊട്ടിയില്‍ പള്ളിയുടെ പാര്‍ക്കിംഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുമുണ്ട്.

ചിന്നക്കനാല്‍ ഗ്യാപ്പ് റോഡിന് താഴ്ഭാഗത്തെ കെ കെ വര്‍ഗ്ഗീസ് പ്‌ളാന്റേഷന്‍സിന്റെയും റിസോര്‍ട്ടിന്റെയും ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ്ബ് വര്‍ഗ്ഗീസ്(രാജേഷ്-40), ഇയാളുടെ ജോലിക്കാരനായ പെരിയകനാല്‍ ടോപ് ഡിവിഷന്‍ എസ്റ്റേറ്റ് ലെയ്‌ന്‌സില്‍ താമസിയ്ക്കുന്ന മുത്തയ്യ(50) എന്നിവരെ ഞായറാഴ്ച പകല്‍ പതിനൊന്നോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തിലെ ഡസ്റ്റര്‍ കാറും, ഡ്രൈവര്‍ ബോബിനെയും കാണാനുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച്ച വൈകിട്ട് മുതല്‍ രാജേഷിനെയും മുത്തയ്യയെയും സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് വിവരമൊന്നും ലഭിയ്ക്കാതായിരുന്നു. എന്നാല്‍ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് വരെ രാജേഷിന്റെ വാട്ട്‌സാപ്പ് ഓണ്‍ ലൈന്‍ ആയിരുന്നു. പിന്നീട് ബന്ധുക്കള്‍ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മുത്തയ്യയുടെ ബന്ധുക്കളും മറ്റ് ജോലിക്കാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തവെ എസ്റ്റേറ്റിലെ ഏലക്കാ ഡ്രയര്‍ മുറിയില്‍ തലയ്ക്ക് പരിക്കുകളോടെ മുത്തയ്യയെയും, നെഞ്ചിലും തോളിലും വെടിയേറ്റതുപോലുള്ള മുറിവുകളോടെ ഏലച്ചെടികളുടെ ഇടയില്‍ രാജേഷിനെയും മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി വേണുഗോപാല്‍, മൂന്നാര്‍ ഡി വൈ എസ് പി സുനീഷ് ബാബു എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ശാന്തന്‍പാറ സി ഐ എസ് ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ നിന്നും രാജേഷിന്റെ കാറും, മൊബൈല്‍ ഫോണും, രണ്ട് ചാക്ക് ഉണക്ക ഏലക്കായും കാണാനില്ലെന്ന് വ്യക്തമായി. അടുത്തയിടെ ജോലിയ്ക്ക് ചേര്‍ന്ന ഡ്രൈവര്‍ ബോബിനെയും കാണാനുണ്ടായിരുന്നില്ല. നെടുങ്കണ്ടം ഭാഗത്തേയ്ക്ക് ഇയാള്‍ നീങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ഞായറാഴ്ച്ച വൈകിട്ടോടെ രാജകുമാരി മുരിക്കുംതൊട്ടി മരിയ ഗൊരോത്തി പള്ളിയുടെ വളപ്പില്‍ നിന്നും കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പള്ളിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കൊണ്ടുവന്നിട്ടത് ആരെന്ന് കണ്ടെത്താനാണ് ശ്രമം.

കൊല നടന്നതിന്റെ പിറ്റേന്ന് ശാന്തന്‍പാറ ചേരിയാറിലെ ഒരു വീട്ടില്‍ ബോബിന്‍ രാത്രി ഒളിച്ചു താമസിച്ചതായും പൊലീസിന് അറിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുടമകളായ ദമ്പതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതി പിടിയിലാകുമെന്നുമാണ് സൂചനകള്‍. പൂപ്പാറയിലെ ഒരുവ്യാപാരിയ്ക്ക് പ്രതി 143 കിലോഗ്രാം ഉണക്ക ഏലക്കായ വിറ്റതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സി ഐയുടെ നേതൃത്വത്തില്‍ എസ് ഐ മാരായ ബി വിനോദ് കുമാര്‍, കെ പി രാധാകൃഷ്ണന്‍, പി ഡി അനൂപ്മോന്‍ എന്നിവര്‍ ഉള്‍പ്പെട്ട രണ്ട് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കോട്ടയം ഫോറന്‍സിക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.മുത്തയ്യയുടെ സംസ്‌കാരം ഇന്നലെ വൈകിട്ടോടെ പവ്വര്‍ ഹൗസ് ശ്മശാനത്തില്‍ നടത്തി.

Follow Us:
Download App:
  • android
  • ios