Asianet News MalayalamAsianet News Malayalam

ഈ പ്രവചനം ഫലിച്ചാൽ തെക്കൻ കേരളം തണുക്കും; 7 ജില്ലകളിൽ 5 ദിവസം മഴ വരുന്നു, കടലാക്രമണ സാധ്യത, ജാഗ്രത വേണം

ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനത്തിൽ പറയുന്നു.

imd predicts rainfall in several districts in kerala for next five days latest kerala weather update
Author
First Published Apr 28, 2024, 3:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം തെക്കൻ കേരളത്തിൽ വേനൽ ചൂടിന് ആശ്വാസമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ മയ് 2 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിട്ടുള്ളത്. 29, 30 തീയതികളിൽ തൃശൂരിലും മഴ സാധ്യതയുണ്ട്.

ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനത്തിൽ പറയുന്നു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും  അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ തീയതിയിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. 

Read More : സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്: മഞ്ഞ അലർട്ട്

Follow Us:
Download App:
  • android
  • ios