Asianet News MalayalamAsianet News Malayalam

കന്നഡ അറിയാത്ത അധ്യാപകനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം; നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം

കാസർകോട്ടെ കന്നഡ മീഡിയം സ്കൂളിൽ അധ്യാപക നിയമനത്തിനെതിരെ വിദ്യാർത്ഥികളുടെ പരാതി. കന്നഡ നന്നായറിയാത്തയാളെ നിയമിച്ചെന്നാണ് പരാതി. അധ്യാപകനെ സ്കൂളിൽ കടത്താതെ വിദ്യാർത്ഥികൾ.

kasargod school students protest against teacher recruitment
Author
Kasaragod, First Published Nov 2, 2019, 1:56 PM IST

കാസർകോട്: കന്നഡ ഭാഷ സംസാരിക്കാനോ എഴുതാനോ അറിയാത്തയാൾക്ക് കാസർകോട്ടെ കന്നഡ മീഡിയം സ്കൂളിൽ അധ്യാപക നിയമനം നൽകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. മൂഡംബയൽ ഗവണ്‍മെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് നിയമനം ലഭിച്ച അധ്യാപകനെ സ്കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ പ്രതിഷേധിച്ചത്.

കർണാടക അതിർത്തി പ്രദേശമായ മൂഡംബയൽ ഗവൺമെന്റ് ഹെസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് കഴിഞ്ഞ ദിവസമാണ് നിയമനം നടന്നത്. കന്നഡ മീഡിയം സ്കൂളാണിത്. മുഴുവൻ വിദ്യാർത്ഥികളും പഠിക്കുന്നത് കന്നഡ മാധ്യമത്തിലാണ്. ഇത്തരം സ്കൂളുകളിലെ അധ്യാപകർക്ക് കന്നഡ മീഡിയത്തിൽ പ്രാവീണ്യം വേണമെന്നാണ് ചട്ടം. കന്നഡ വായിക്കാനോ സംസാരിക്കാനോ അറിയാത്ത അധ്യാപകന് എങ്ങിനെ പഠിപ്പിക്കാനാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

കന്നഡ സ്കൂളുകളിലേക്ക് മാത്രമായുള്ള തസ്തികയാണിത്. നിയമനം നേടിയതിന് ശേഷം മറ്റു സ്കൂളുകളിലേക്ക് മാറുവാനും സാധ്യമല്ല. കന്നഡ അറിഞ്ഞിരിക്കണമെന്ന് വ്യവസ്ഥയിരിക്കെ എങ്ങിനെയാണ് ഇത്തരം നിയമനങ്ങൾ നടക്കുന്നതെന്നാണ് ചോദ്യം. നിയമനം റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Follow Us:
Download App:
  • android
  • ios