പ്രിയപ്പെട്ടവർക്ക് ഓണക്കോടി സമ്മാനിക്കുമ്പോൾ ഒരുപാട് പേർക്ക് കൈത്താങ്ങാകാം; സ്നേഹത്തിന്‍റെ ഗിഫ്റ്റ് ബോക്സ്!
കൈത്തറി നെയ്ത്തുകാരെയും ഡൗൺ സിൻഡ്രോം ബാധിച്ചവരെയും പിന്തുണയ്ക്കുന്നതിനായി 'ഗിഫ്റ്റ് എ ട്രഡീഷൻ' എന്ന പേരിലാണ് കെഎസിവി ഓണം ഗിഫ്റ്റ് ബോക്സുകൾ അവതരിപ്പിക്കന്നത്.
പഞ്ഞ കർക്കിടകത്തിന്‍റെ ദുരിതം താണ്ടി ചിങ്ങം പിറക്കുമ്പോൾ മുതൽ നല്ലൊരു ഓണക്കോടിയുടെ സ്വപ്നവും മലയാളിയുടെ മനസിൽ മൊട്ടിടും. കാലമൊരുപാട് മാറിയെങ്കിലും ലോകത്തിന്‍റെ ഏത് കോണിലുള്ള മലയാളിക്കും ഓണക്കോടി ഇന്നും ആ ഗൃഹാതുര ഓർമ്മകളുടെ ഭാഗമാണ്. ഓണക്കോടിയിലൂടെ ആ ഓർമ്മകൾ ചേർത്ത് പിടിക്കുന്നതിനൊപ്പം കുറച്ച് കുരുന്നുകൾക്ക് കൈതാങ്ങ് കൂടിയായാലോ? അത്തരമൊരു പദ്ധതിയാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി) അവതരിപ്പിക്കുന്നത്.
കൈത്തറി നെയ്ത്തുകാരെയും ഡൗൺ സിൻഡ്രോം ബാധിച്ചവരെയും പിന്തുണയ്ക്കുന്നതിനായി 'ഗിഫ്റ്റ് എ ട്രഡീഷൻ' എന്ന പേരിലാണ് കെഎസിവി ഓണം ഗിഫ്റ്റ് ബോക്സുകൾ അവതരിപ്പിക്കന്നത്. സംസ്ഥാനത്തിന്‍റെ സ്വന്തം കൈത്തറികളിൽ നെയ്തെടുത്ത ഓണക്കോടികൾ കേരളത്തിന്റെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികൾക്ക് സഹായമൊരുക്കുന്നതിനായി ഓരോ ഗിഫ്റ്റ് ബോക്സിലും അവർ നിർമ്മിച്ച ഒരു മാലയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓണം ആഘോഷിക്കാനുതിനൊപ്പം കൈത്തറി വ്യവസായത്തിനും ഡൗൺ സിൻഡ്രോം ബാധിച്ചവർക്കും കൈതാങ്ങാകുക കൂടിയാണ് ഈ സമ്മാനപ്പെട്ടികൾ. ലോകത്തെവിടെ നിന്നും സമ്മാനം ഓർഡർ ചെയ്യുവാനും ഇന്ത്യയിലെവിടെയും എത്തിക്കാനുമുള്ള സൗകര്യവുമുണ്ട്. ക്രാഫ്റ്റ് വില്ലേജിന്‍റെ വെബ്‌സൈറ്റ് (www.kacvkovalam.org) വഴി ഓഗസ്റ്റ് 24ന് മുമ്പ് ഗിഫ്റ്റ് ബോക്‌സുകൾ തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാവുന്നതാണ്.
സൈറ്റ് വഴി തന്നെ പണമടയ്ക്കാനും കഴിയും. പ്രീമിയം വിഭാഗത്തിൽ രണ്ട് ഗിഫ്റ്റ് ബോക്സുകളും മറ്റൊന്നിൽ മൂന്നെണ്ണവും 2,000 രൂപ മുതൽ 25,000 രൂപ വരെയാണ്. ഇന്ത്യയിൽ ബാധകമായ ഡെലിവറി നിരക്കുകൾ ഉൾപ്പെടെയാണ് വില. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യുഎൽസിസിഎസ് ലിമിറ്റഡ് നടത്തുന്ന കേരള ടൂറിസത്തിന് കീഴിലുള്ള ടൂറിസം പ്രോജക്റ്റാണ് കെഎസിവി.
ഫോണിൽ സംസാരിച്ച് കൊണ്ട് മുഖ്യമന്ത്രിക്ക് സല്യൂട്ട്; പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം