Asianet News MalayalamAsianet News Malayalam

സിപിഎം പിന്തുണയില്‍ ഭരണം വേണ്ട; സുല്‍ത്താന്‍ബത്തേരി നഗരസഭ ചെയര്‍മാനോട് രാജിവെക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നിര്‍ദേശം

വയനാട്ടില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി  സ്ഥാനാര്‍ഥി ആയതോടെയാണ് സിപിഎമ്മുമായുള്ള  ബാന്ധവം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (എം)ന് മേല്‍ സമര്‍ദ്ദമേറിയത്.

kerala congress m says no rule with cpm support in sulthan bathery corporation
Author
Kalpetta, First Published Apr 2, 2019, 3:26 PM IST

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) തുടരുന്ന ഭരണം അവസാനിപ്പിക്കാൻ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ചെയന്‍മാന്‍ സ്ഥാനം രാജിവെക്കാൻ ടി എല്‍ സാബുവിനോട് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി  സ്ഥാനാര്‍ഥി ആയതോടെയാണ് സിപിഎമ്മുമായുള്ള  ബാന്ധവം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (എം)ന് മേല്‍ സമര്‍ദ്ദമേറിയത്. ഇതോടെ സംസ്ഥാന നേതൃത്വം സാബുവിനെ ഫോണില്‍ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു.

യുഡിഎഫിലെ ഒരു പ്രധാനകക്ഷി തന്നെ സിപിഎമ്മുമായി സഹകരിച്ച് ഭരണം പങ്കിടുന്നതിലെ അനൗചിത്യം മുസ്ലീംലീഗ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പലതവണ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് സിപിഎമ്മിനോട് ചേർന്ന് നിന്ന് കേരള കോണ്‍ഗ്രസ് ഭരണം പങ്കിടുന്നത്. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ ഇക്കാര്യത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി. ഇതിനിടെ രാഹുല്‍ മത്സരിക്കാനെത്തുക കൂടി ചെയ്തതോടെ ഭരണം വേണ്ടെന്ന തരത്തിലേക്ക് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം മാറി ചിന്തിക്കുകയായിരുന്നു. 

പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി, ജോഷി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാപ്രസിഡന്റ് കെ ജെ ദേവസ്യ എന്നിവരാണ് സാബുവിനെ ഫോണില്‍ വിളിച്ച് രാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സാബു അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ്  സാബുവിന്റെ ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. ബിജെപി അംഗത്തില്‍ പ്രതീക്ഷ വെച്ചായിരുന്നു നീക്കമെങ്കിലും അവിശ്വാസം പ്രമേയ ചര്‍ച്ചക്ക് തൊട്ടുമുൻപ് ബിജെപി അംഗത്തെ അവരുടെ നേതൃത്വം തന്നെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

Follow Us:
Download App:
  • android
  • ios