Asianet News MalayalamAsianet News Malayalam

കെ കെ ശൈലജയും ഇടപെട്ടു; ലൈസാമ്മയുടെ ഹൃദയം ഇനി തമിഴ്നാട്ടില്‍ ജീവിക്കും

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണതകൾ മറികടക്കേണ്ടതുണ്ടായിരുന്നു . ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ പ്രശ്‌നത്തിലിടപെടുകയും പ്രതിസന്ധികൾ തരണം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു

laisammas heart will beat in tamilnadu
Author
Thiruvananthapuram, First Published Dec 8, 2018, 8:32 PM IST

തിരുവനന്തപുരം: ഒരുപാട് സ്വപ്നങ്ങള്‍ മണ്ണില്‍ ഉപേക്ഷിച്ച് ലെെസാമ്മ പോയപ്പോഴും അവരുടെ ഹൃദയമിടിപ്പുകള്‍ പോലും ഇനിയും ഈ ലോകത്തെ തൊട്ടറിയും. അവയവദാനത്തിന് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണതകള്‍ പോലും വകഞ്ഞ് മാറ്റി ലെെസാമ്മയുടെ ഹൃദയം ഇനി തമിഴ്നാട്ടിലാണ് ജീവിക്കുക.

വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചെമ്പനോട് പൂഴിത്തോട് ഇടമന്നയിൽ ജോണിന്റെ ഭാര്യ ലൈസാമ്മ (50)യുടെ ഹൃദയമുൾപ്പെടെ അഞ്ച് അവയവങ്ങളാണ് തമിഴ്നാട്ടിലും കേരളത്തിലുമായി ബന്ധുക്കളുടെ മഹാമനസ്കതയാൽ ദാനം ചെയ്തത്. കഴിഞ്ഞ ആറിന് മുടുക്കല്ലൂർ ആശുപത്രിയിൽ പോകവേ ബസിൽ നിന്ന് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ലെെസാമ്മ ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

തുടർന്ന് സംസ്ഥാന സർക്കാരിന് കീഴിൽ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെഎൻഒഎസിൽ ഇവരുടെ കുടുംബം അവയവദാനത്തിനുള്ള സമ്മതം അറിയിച്ചു.. ഒരു വൃക്കയും കരളും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകി.

എന്നാല്‍, ഹൃദയത്തിന് മാത്രം അനുയോജ്യരായവരെ കേരളത്തില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രാൻസ്റ്റാൻ എന്ന അവയവദാന ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ രോഗിയെ കണ്ടെത്തുന്നത്.

എന്നാല്‍, അത്ര എളുപ്പത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനം സാധ്യമല്ലായിരുന്നു. ഇതോടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ വിഷയത്തില്‍ ഇടപ്പെട്ടു. ഇതോടെ പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാന മാര്‍ഗം ഹൃദയം, ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചു.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണതകൾ മറികടക്കേണ്ടതുണ്ടായിരുന്നു . ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ പ്രശ്‌നത്തിലിടപെടുകയും പ്രതിസന്ധികൾ തരണം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവർ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രക്രിയ വിജയമായി.

മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച അമ്മയുടെ അവയവങ്ങൾ മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിന് പുത്തൻ പ്രതീക്ഷയാകമെന്നും അത് കണ്ട് അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേ ഉള്ളുവെന്നും നേഴ്സ് കൂടിയായ മകൾ ജോഷ്ന പറഞ്ഞു. മക്കൾ: ജോഷ്ന, ജോമിഷ് (വീഡിയോ എഡിറ്റർ), ജോമൽ(വിദ്യാർത്ഥി).

Follow Us:
Download App:
  • android
  • ios