Asianet News MalayalamAsianet News Malayalam

ജിമ്മൻ കിച്ചു, കറക്കം ആഡംബര ബൈക്കിൽ, ഒപ്പം പെൺസുഹൃത്തും; മലപ്പുറത്തെ ന്യൂജെൻ കള്ളനെ ഒടുവിൽ പൊലീസ് പൊക്കി

200ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.  വിവിധ സ്റ്റേഷനുകളിലായി 30 ഓളം കേസുകളിൽ പ്രതിയാണ് പിടിയിലായ ജിമ്മൻ കിച്ചു.

malappuram parappanangadi petrol pump robbery case accused kishor arrested
Author
First Published May 1, 2024, 7:39 PM IST

മലപ്പുറം: അന്തർജില്ലാ മോഷ്ടാവ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോർ(ജിമ്മൻ കിച്ചു-25) പിടിയിൽ. പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്പ്പെടുത്തിയത്. പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവർച്ച നടത്തിവരികയായിരുന്നു ജിമ്മൻ കിച്ചുവെന്ന് പൊലീസ് പറഞ്ഞു.   

അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച്‌ മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. 200ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.  

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫറോക്ക്, മേപ്പയൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട കിഷോർ. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് ജില്ലയ്ക്കകത്തും പുറത്തുമായി അടുത്തിടെ നടന്ന 15-ഓളം മോഷണങ്ങള്‍ക്കും തുമ്പായി. ലഹരിക്ക് അടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച്‌ ആർഭാട ജീവിതമാണ് നയിച്ചിരുന്നത്.

കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈ.എസ്.പി. ടി.മനോജ്, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ്, സബ് ഇൻസ്പെക്ടർമാരായ പി.ആർ.ദിനേശ്കുമാർ, അജയൻ, എ.എസ്.ഐ.മാരായ വിവേക്, തുളസി, സോണിയ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐ.കെ.ദിനേശ്, പി.സലീം, ആർ.ഷഹേഷ്, കെ.കെ.ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More :  ലക്ഷ്യം ആലുവ, ദിവസം 100 പൊതി വരെ വിൽക്കും; പക്ഷേ മണ്ണുത്തിയിൽ വെച്ച് 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി

Follow Us:
Download App:
  • android
  • ios