Asianet News MalayalamAsianet News Malayalam

വില്‍പന വിദ്യാര്‍ഥികള്‍ക്ക്; കഞ്ചാവുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മാറാട് നടുവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികള്‍ ഉൾപ്പെടെയുള്ളവർക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പൊലീസിന്‍റെ പിടിയിലായ പ്രഭാകരൻ

man arrested for marijuana sale
Author
Nadakkave, First Published Nov 19, 2018, 9:56 PM IST

കോഴിക്കോട് : ജില്ലയിൽ പല പ്രദേശങ്ങളിലും വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ. കോഴിക്കോട് നടുവട്ടം തോണിച്ചിറ സ്വദേശി കമ്മണ്ടേരി പ്രഭാകരൻ (56 ) ആണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്.

സ്റ്റേഷൻ പരിധിയിലെ കെഎസ്ആർടിസി ബസ് സ്റ്റാന്‍റ്  പരിസരത്ത് വെച്ച് നടക്കാവ് എസ്ഐ നിധീഷിന്‍റെ നേതൃത്വത്തിലുളള നടക്കാവ് പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ആന്‍റി നാർകോട്ടിക് സ്ക്വാഡും ചേർന്നാണ് പ്രതിയെ കുടുക്കിയത്.  1.200  കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു.  

ഞായറാഴ്ച വൈകീട്ട് പതിവ് പട്രോളിങ്ങിനിടെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അസ്വാഭാവികമായ സാഹചര്യത്തിൽ പ്രഭാകരനെ കണ്ടതോടെ പൊലീസ് തടഞ്ഞ് നിർത്തുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ്  പ്ലാസ്റ്റിക് കവറിന് അകത്ത് നിന്ന് ഒരു കിലോയിലധികം കഞ്ചാവ് കണ്ടെത്തുന്നത്.  

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മാറാട് നടുവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികള്‍ ഉൾപ്പെടെയുള്ളവർക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പൊലീസിന്‍റെ പിടിയിലായ പ്രഭാകരൻ. നിയമവിരുദ്ധമായി കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

വർഷങ്ങളായി കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചു വരുന്ന ഇയാൾ തനിക്ക് മദ്യവും മയക്കുമരുന്നും  ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കഞ്ചാവ് കച്ചവടം നടത്തുന്നത്. 

അവിവാഹിതനായ പ്രതി അന്യസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച ശേഷം ചെറിയ പായ്ക്കറ്റുകളിലാക്കി വില്‍ക്കുകയാണ് പതിവ്. തനിച്ചു താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ച ശേഷം വിദ്യാർഥികള്‍ ഉൾപ്പെടെയുള്ളവര്‍ക്ക് ആവശ്യാനുസരണം എത്തിച്ച് നല്‍കുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios