Asianet News MalayalamAsianet News Malayalam

വിൽപ്പന അർദ്ധരാത്രിയിൽ, എക്സൈസിനെ കണ്ടപ്പോൾ വിഴുങ്ങാൻ ശ്രമം, 'മഞ്ഞുമ്മൽ മച്ചാൻസ്' ഐസ് മെത്തുമായി പിടിയിൽ

രാജസ്ഥാനിൽ മർച്ചന്‍റ് നേവി കോഴ്സ് ചെയ്യുന്ന ഷബിൻ, അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കളമശ്ശേരി, ഏലൂർ, മഞ്ഞുമ്മൽ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നുവെന്ന് എക്സൈസ്

Manjummal Machans Including Merchant Navy Student Arrested with Methamphetamine in kochi
Author
First Published Apr 19, 2024, 3:10 PM IST

കൊച്ചി: ഐസ് മെത്ത് എന്ന് വിളിക്കുന്ന മാരക മയക്കുമരുന്നുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ. 'മഞ്ഞുമ്മൽ മച്ചാൻ' എന്ന ലഹരി സംഘത്തിലെ പ്രധാനിയായ ഏലൂർ മഞ്ഞുമ്മൽ സ്വദേശി ഷബിൻ ഷാജി (26 ), ആലുവ ചൂർണ്ണിക്കര സ്വദേശി അക്ഷയ് വി എസ്  (27) എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത് പഞ്ചാബിൽ നിന്നാണെന്നും പിന്നിൽ വൻ റാക്കറ്റെന്ന് സൂചനയുണ്ടെന്നും എക്സൈസ് പറഞ്ഞു.

രാജസ്ഥാനിൽ മർച്ചന്‍റ് നേവി കോഴ്സ് ചെയ്യുന്ന ഷബിൻ, അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കളമശ്ശേരി, ഏലൂർ, മഞ്ഞുമ്മൽ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നുവെന്ന് എക്സൈസ് പറയുന്നു. രണ്ടാഴ്ച മുൻപ് വൈറ്റില ചക്കരപ്പറമ്പിൽ നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും 3 കിലോ കഞ്ചാവും 18 മയക്കുമരുന്നു ഗുളികകളുമായി രണ്ട് പേരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്‍റ് സ്ക്വാഡ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മഞ്ഞുമ്മൽ മച്ചാൻ എന്ന പേരിൽ എറണാകുളം ടൗൺ ഭാഗത്ത്  മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും എക്സൈസ് പറഞ്ഞു. തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ടി അനികുമാറിന്‍റെ നേതൃത്വത്തിൽ ഫോൺകോൾ വിവരങ്ങളും സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി പരിശോധിച്ച് ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു. 

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 10 ഗ്രാം മെത്താംഫിറ്റാമിനാണ് കണ്ടെടുത്തത്. അർദ്ധരാത്രിയോടെ ഇവർക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ് മയക്കുമരുന്ന് കൈമാറിയിരുന്നത്. പതിവ് പോലെ പുലർച്ചെ ഒരു മണിയോടെ മഞ്ഞുമ്മൽ കടവ് ഭാഗത്ത് മയക്കുമരുന്ന് കൈമാറാൻ എത്തിയ ഇരുവരും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് പിടികൂടിയെന്ന് എക്സൈസ് സംഘം പറഞ്ഞു.

പിടിയിലായപ്പോള്‍ അക്രമാസക്തനായ ഷബിൻ ഷാജി കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് വിഴുങ്ങാൻ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും  ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം നടന്നില്ലെന്നും എക്സൈസ് പറഞ്ഞു. ഷബിനും അക്ഷയും വരാപ്പുഴ എക്സൈസ് റേഞ്ചിൽ നേരത്തെയും മയക്കുമരുന്ന് കേസിലെ പ്രതികളാണ്. 

വാടക വീട്ടിലേക്ക് ദുരൂഹ ലഗേജ് നീക്കം, വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് മെത്ത് ലാബ്, 150 കോടിയുടെ എംഡിഎംഎ പിടികൂടി

വരാപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എം പി പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിലെ പ്രിവന്‍റീവ് ഓഫീസർ എൻ ഡി ടോമി, ഇന്‍റലിജൻസ് പ്രിവന്‍റീവ് ഓഫീസർ എൻ ജി അജിത്ത്കുമാർ, വരാപ്പുഴ റേഞ്ചിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി യു ഋഷികേശൻ, പ്രിവന്‍റീവ് ഓഫീസർ അനീഷ് കെ ജോസഫ്, സിഇഒമാരായ അനൂപ് എസ്, സമൽദേവ്, വനിതാ സിഇഒ തസിയ കെ എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios