Asianet News MalayalamAsianet News Malayalam

ചരിത്രത്തെ വളച്ചൊടിച്ച് കുടുംബത്തെ അപമാനിച്ചു: മുല്ലപ്പള്ളിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം തേടി മനു സി പുളിക്കൽ

ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുഉള്ള പ്രസ്താവനയിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ചു എന്നാണ് അരൂരിലെ ഇടതു സ്ഥാനാർഥി മനു സി പുളിക്കലിന്റെ പരാതി. 

Manu C Pulikkal sent notice to Mullappally Ramachandran
Author
Aroor, First Published Oct 18, 2019, 11:37 PM IST

തിരുവനന്തപുരം: പുന്നപ്ര-വയലാർ സമരമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അരൂരിലെ ഇടതു സ്ഥാനാർഥി മനു സി പുളിക്കൽ വക്കീൽ നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുഉള്ള പ്രസ്താവനയിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ചു എന്നാണ് പരാതി. വയലാർ വെടിവെപ്പിന് ശേഷം ദിവാന്റെ പട്ടാളത്തിന് മനുവിന്റെ കുടുംബ വീടായ പുളിക്കൽ തറവാട്ടിൽ വിരുന്നൊരുക്കി എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

കമ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത കുടുംബത്തില്‍ പിറന്നയാളാണ് മനു സി പുളിക്കല്‍. പുന്നപ്ര–വയലാര്‍ വെടിവെപ്പിന് ശേഷം പട്ടാളത്തിന് കുടുംബം വിരുന്നൊരുക്കി. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. മനുവിന്‍റെ സ്ഥാനാര്‍ഥിത്വം കമ്യൂണിസ്റ്റുകാരോടുള്ള വഞ്ചനയെന്നുമായിരുന്നു മുല്ലപ്പള്ളി അരൂരില്‍ പറഞ്ഞത്.

അതേസമയം, മുല്ലപ്പള്ളിയുടെ പ്രസ്തവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും ഗാനരചയിതായും വയലാര്‍ രാമവര്‍മയുടെ മകനുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ രംഗത്തെത്തിയിരുന്നു. പുന്നപ്ര – വയലാര്‍ സമരത്തിന്റെ ചരിത്രം മുല്ലപ്പള്ളിക്ക് അറിയില്ലെന്ന് സജി ചെറിയാന്‍ എംഎല്‍എ കുറ്റപ്പെടുത്തി. സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണ്. മുല്ലുപ്പള്ളിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.  

Read More:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മുല്ലപ്പള്ളിയുടെ പരാമര്‍ശം; നുണയുടെ വെള്ളിനാണയങ്ങളെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ

മുല്ലപ്പള്ളിയുടെ വാക്കുകള്‍ നുണയുടെ വെള്ളിനാണയങ്ങള്‍ മാത്രമാണെന്ന് പറഞ്ഞാണ് വയലാര്‍ ശരത്ചന്ദ്ര വര്‍മ വിമശിച്ചത്. 50 വര്‍ഷമായി തനിക്കും അതിന് മുമ്പ് രാഘവപറമ്പില്‍ കുടുംബവും ആത്മബന്ധം പുലര്‍ത്തിയവരാണ് പുളിക്കല്‍ കുടുംബം. ആദ്യം പറഞ്ഞ നുണ നാണയങ്ങളില്‍ അദ്ദേഹം സ്വര്‍ണം പൂശുകയായിരുന്നു. സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍നിന്നുണ്ടായതെന്ന്  ശരത്ചന്ദ്ര വര്‍മ ഫേസ്ബുക്കിൽ കുറിച്ചു.

കേട്ടറിഞ്ഞത് വാസ്തവമാണോ എന്നന്വേഷിക്കാതെ എടുത്തുചാടാന്‍ പാടില്ലായിരുന്നു. മനുഷ്യാവകാശത്തിന് വേണ്ടി പോരാടിയ നൂറുകണക്കിനാളുകളെ വെടിവെച്ചിടാന്‍ കല്‍പ്പിച്ച അന്നത്തെ ദിവാന്‍ 1917ല്‍ നെഹ്റുവിനോടൊപ്പം കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയായി സ്ഥാനം വഹിച്ചൊരാള്‍ കൂടിയാണെന്നും ശരത്ചന്ദ്ര വര്‍മ വ്യക്തമാക്കി. 

 

 

Follow Us:
Download App:
  • android
  • ios