Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ 15 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; 10 എണ്ണം ഉടന്‍ പ്രവര്‍ത്തനസജ്ജമാവും

 സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച 15 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 10 എണ്ണം ഉടന്‍ പ്രവര്‍ത്തനസജ്ജമാവും. 

new 15 family health centers open at wayanad
Author
Wayanad, First Published Feb 11, 2019, 8:26 PM IST

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച 15 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 10 എണ്ണം ഉടന്‍ പ്രവര്‍ത്തനസജ്ജമാവും. മേപ്പാടി, അമ്പലവയല്‍ സി എച്ച് സികളും പാക്കം, ബേഗൂര്‍, വാഴവറ്റ, കുറുക്കന്‍മൂല, സുഗന്ധഗിരി, എടവക, വെള്ളമുണ്ട, ചീരാല്‍, തൊണ്ടര്‍നാട്, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് പട്ടികയിലുള്ളത്. 

ഇതില്‍ പാക്കം, ബേഗൂര്‍, വാഴവറ്റ, കുറുക്കന്‍മൂല, സുഗന്ധഗിരി പി എച്ച് സികളില്‍ കെട്ടിടങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടി വരും. മറ്റിടങ്ങളില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നവീകരിച്ച് ഡോക്ടര്‍മാരെ നിയമിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റും. ഇതോടെ വൈകുന്നേരം വരെ പരിശോധനയും ചികില്‍സയും ലഭ്യമാവും. നിലവിലെ പരിശോധന ഉച്ചയോടെ അവസാനിപ്പിക്കുന്നതാണ് രീതി.

രോഗനിര്‍ണയത്തിനാവശ്യമായ ഉപകരണങ്ങള്‍, ലബോറട്ടറി സംവിധാനങ്ങള്‍, മരുന്നുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും മെച്ചപ്പെടും. നിലവില്‍ നൂല്‍പ്പുഴ, പൂതാടി, അപ്പപ്പാറ, വെങ്ങപ്പള്ളി എന്നിങ്ങനെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ദേശീയതലത്തില്‍ അംഗീകാരം നേടിയതാണ്. 

പുതുതായി പ്രഖ്യാപിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചോര്‍ന്നു. ആരോഗ്യകേന്ദ്രങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരും ജനപ്രതിനിധികളും ഒന്നിക്കേണ്ടതുണ്ടെന്നും സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രഖ്യാപിക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളെല്ലാം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios