Asianet News MalayalamAsianet News Malayalam

പൊലീസും നഗരസഭയും തമ്മില്‍ തർക്കം; നവജാത ശിശുവിന്‍റെ മൃതദേഹം സംസ്കരിച്ചത് 36 മണിക്കൂർ വൈകി

സ്ഥലം വിട്ടുനൽകാനാകില്ലെന്ന് പറഞ്ഞ് നഗരസഭ അനുമതി വൈകിപ്പിച്ചപ്പോൾ എസ് ഐയുടെ നേതൃത്വത്തിൽ കുഴിവെട്ടിയാണ് മൃതദേഹം സംസ്കരിച്ചത്.

new baby cremation in ettumanoor municipality issues
Author
Kottayam, First Published Nov 8, 2019, 7:08 PM IST

കോട്ടയം: ഏറ്റുമാനൂരിൽ നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ്. പൊലീസും നഗരസഭയും തമ്മിലുള്ള തർക്കം കാരണം അതിരമ്പുഴ സ്വദേശിനിയുടെ ആൺകുഞ്ഞിന്‍റെ മൃതദേഹം സംസ്കരിക്കുന്നത് 36 മണിക്കൂർ വൈകി. സ്ഥലം വിട്ടുനൽകാനാകില്ലെന്ന് പറഞ്ഞ് നഗരസഭ അനുമതി വൈകിപ്പിച്ചപ്പോൾ എസ് ഐയുടെ നേതൃത്വത്തിൽ കുഴിവെട്ടിയാണ് മൃതദേഹം സംസ്കരിച്ചത്.

ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ചത്. അച്ഛൻ ഉപേക്ഷിച്ച് പോയ കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിക്കാൻ അതിരമ്പുഴ പഞ്ചായത്തിൽ ശ്മശാനമില്ലാത്തതിനാൽ പൊലീസിന്റെ അനുമതി തേടി. പഞ്ചായത്തിന്റെ കത്തുമായി ഇന്നലെ വൈകീട്ട് നാലിന് ഏറ്റുമാനൂർ നഗരസഭയിൽ പൊലീസ് എത്തിയെങ്കിലും സ്ഥലം ഇല്ലെന്ന് അറിയിച്ചു. ഒപ്പം ഇൻക്വസ്റ്റ്, എഫ് ഐ ആർ എന്നിവ ചോദിച്ചും സമയം വൈകിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് എല്ലാ രേഖകളും നൽകിയതോടെ അനുമതി നൽകിയെങ്കിലും സംസ്കാരത്തിന് സൗകര്യം നഗരസഭ ഒരുക്കിയില്ലെന്നാണ് പൊലീസിന്റെ പരാതി. കുഴി വെട്ടാൻ പോലും ആളെ വിട്ടു നൽകാതിരുന്നപ്പോൾ എസ് ഐ അനൂപ് സി നായരുടെ നേതൃത്വത്തിൽ മൃതദേഹം സംസ്കരിച്ചു.

എന്നാൽ, സ്ഥലം അനുവദിക്കുക മാത്രമാണ് നഗരസഭയുടെ ചുമതലയെന്നും മറ്റ് സൗകര്യങ്ങൾ ഒരുക്കേണ്ടത് അതിരമ്പുഴ പഞ്ചായത്താണെന്നുമാണ് അധ്യക്ഷന്റെ വിശദീകരണം. പഞ്ചായത്തിന്റെ സൗകര്യം തേടാതെ പൊലീസ് നാടകം കളിക്കുകയായിരുന്നുവെന്നും നഗരസഭ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് നഗരസഭ അധ്യക്ഷന്റെ വാഹനം പൊലീസിന് വിട്ടു നൽകാത്തതിലടക്കം പൊലീസും നഗരസഭയും തമ്മിലുള്ള ഉടക്കും മൃതദേഹം സംസ്കാരത്തർക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം. നഗരസഭയുടെ വീഴ്ച്ച ആരോപിച്ച് മുനിസിപ്പാലിറ്റിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. 

Follow Us:
Download App:
  • android
  • ios