Asianet News MalayalamAsianet News Malayalam

കഴിഞ്ഞ വർഷം സപ്ലൈകോയ്ക്ക് നൽകിയത് 55 ചാക്ക് നെല്ല്, ഇത്തവണ 7 ചാക്ക്, നെഞ്ചുപൊട്ടി കർഷകർ

ത്യശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും അരിമ്പൂര്‍ പഞ്ചായത്ത് പരിധിയിലുമായി  പരന്നുകിടക്കുന്ന ചേറ്റുപുഴ കിഴക്കേ കോള്‍ പാടശേഖരത്തില്‍ കൃഷിയിറക്കിയ കര്‍ഷകരുടെ കൃഷിയാണ് നഷ്ടത്തിലായത്. കാലംതെറ്റി പെയ്ത മഴയും നെല്‍ച്ചെടികളിലുണ്ടായ ബാക്ടീരിയ ബാധയുമാണ് കര്‍ഷകരുടെ പ്രതീക്ഷകളെ പാടെ തകര്‍ത്തത്.

paddy farmers in huge loss after paddy harvest too poor in this season in thrissur
Author
First Published Apr 24, 2024, 11:58 AM IST

തൃശൂർ: കൊയ്ത്ത് കഴിഞ്ഞപ്പോള്‍ നെഞ്ചുപൊട്ടി കര്‍ഷകര്‍. ചേറ്റുപുഴ കിഴക്കേ കോള്‍ പടവിലെ കര്‍ഷകരാണ് കൊയ്ത് കിട്ടിയ നെല്ലിന്റെ അളവുകണ്ട് ഞെട്ടിയത്. വിളവെടുപ്പോടെ ദുരിതത്തിന് അറുതിയാവുമെന്ന് കരുതിയ നെൽ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്.

ത്യശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും അരിമ്പൂര്‍ പഞ്ചായത്ത് പരിധിയിലുമായി  പരന്നുകിടക്കുന്ന ചേറ്റുപുഴ കിഴക്കേ കോള്‍ പാടശേഖരത്തില്‍ കൃഷിയിറക്കിയ കര്‍ഷകരുടെ കൃഷിയാണ് നഷ്ടത്തിലായത്. കാലംതെറ്റി പെയ്ത മഴയും നെല്‍ച്ചെടികളിലുണ്ടായ ബാക്ടീരിയ ബാധയുമാണ് കര്‍ഷകരുടെ പ്രതീക്ഷകളെ പാടെ തകര്‍ത്തത്. മുന്‍ വര്‍ഷങ്ങളില്‍ ഈ പടവില്‍ 65 വിളവ് വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ വെറും ആറ് വിളവാണ് ലഭിച്ചത്. ഒന്നര ഏക്കറില്‍ കൃഷി  ഇറക്കിയ കര്‍ഷകനു ലഭിച്ചത് വെറും ഏഴു ചാക്ക് നെല്ല്. 

കഴിഞ്ഞ വര്‍ഷം   സപ്ലൈകോയ്ക്ക് 55 ചാക്ക് നെല്ല് കൊടുത്തപ്പോള്‍ ഇത്തവണ വെറും ഏഴു ചാക്ക്  നെല്ലാണ് കിട്ടിയത്. ഒരു ചാക്കില്‍ 55 കിലോവച്ച് ഏഴു ചാക്കില്‍ 385 കിലോയാണ് ഭൂരിഭാഗം കര്‍ഷകര്‍ക്കും   ലഭിച്ചത്. ഒരേക്കര്‍  നിലം കൊയ്യാന്‍ 2500 രൂപയാണ് ചാര്‍ജ്. അത് കരയിലെത്തിക്കാന്‍ മറ്റു ചെലവ് വേറെ.  കിട്ടിയ നെല്ല് കൊയ്ത്ത് ചെലവിനു പോലും തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കോളിലെ ചണ്ടികളും പാഴ്‌ച്ചെടികളും  മാറ്റന്‍ പല കര്‍ഷകര്‍ക്കും പതിനായിര കണക്കിന് രൂപയാണ് ചെലവുവന്നത്.   അതിനുശേഷം നിലം ഉഴുതുമറിച്ച്  നിരത്താന്‍ രണ്ടുതവണ പാടത്ത് ട്രാക്ടര്‍  ഇറക്കി പണിയണം. ഇത്തളും മറ്റുമിട്ട് നിലത്തെ പുളി കളഞ്ഞ് വിത്തിട്ട്  നെല്‍ച്ചെടിയാക്കി അത് നടാന്‍ വരുന്ന  തൊഴിലാളികള്‍ക്ക് ഏക്കറിന് 5000 ത്തോളം  രൂപ കൂലി കൊടുക്കണം. വളര്‍ച്ചയുടെ   വിവിധ ഘട്ടങ്ങളില്‍ രാസവളങ്ങളും   നല്‍കണം. അതിനും നല്ലൊരു തുക വരും.  നെല്‍ക്കതിരുകള്‍ വളരുന്നതിനൊപ്പം  തന്നെ വളര്‍ന്നുവരുന്ന കളകള്‍ നശിപ്പിക്കാനും പറിച്ച് നടാനും വലിയ തുക  വേണം. 

വളര്‍ച്ചയുടെ സമയത്ത് ധാരാളം  വെള്ളം ആവശ്യമുള്ളതുകൊണ്ട് ഇവിടേക്ക്  വെള്ളം എത്തിക്കാനും പണം  ആവശ്യമാണ്. ഇത്തരം സാമ്പത്തിക  പ്രശ്‌നം മുന്നില്‍ കണ്ട് കര്‍ഷകര്‍ മുന്‍കൂട്ടി പണം വായ്പയെടുത്താണ് കൃഷി ചെയ്യുന്നത്. വായ്പയെടുത്ത തുക കൊയ്ത്ത് കഴിഞ്ഞ് നെല്ലിന്റെ വില  കിട്ടുമ്പോള്‍ പലിശ സഹിതം തിരികെ  നല്‍കുകയാണ് പതിവ്. എന്നാല്‍  ഇത്തവണ വാങ്ങിയ തുകയുടെ പലിശ പോലും കൊടുക്കാന്‍ സാധിക്കാത്ത  അവസ്ഥയാണ്. 

സെപ്റ്റംബര്‍ മാസത്തിലുണ്ടായ കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരുന്നു കൃഷി. അന്ന്  വെള്ളം പമ്പുചെയ്ത് നീക്കംചെയ്യാന്‍  ആവശ്യമായ സംവിധാനം ഇവിടെയില്ലാത്തത് കൃഷിക്ക് ദോഷമായി. പിന്നീട്  വേഗത്തില്‍ കൃഷിക്ക് വെള്ളമെത്തിക്കാനും  സാധിക്കാത്തത് പ്രതിസന്ധിയുണ്ടാക്കി.  ഒരു പമ്പ്‌സെറ്റ് കൂടി  ഉണ്ടായിരുന്നുവെങ്കില്‍ ആവശ്യാനുസരണം  വെള്ളം കൃഷിക്കും പുറത്തേക്ക് കളയാനും  സാധിക്കുമായിരുന്നു. 

റീ കേരള ബില്‍ഡ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 എച്ച്.പി യുടെ മോട്ടോര്‍ പമ്പ്‌സെറ്റ് ജില്ലാ ഭരണ കൂടം അനുവദിച്ചിരുന്നു. എന്നാല്‍   ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിടം പാടത്ത്  നിര്‍മിച്ചുവെങ്കിലും കഴിഞ്ഞ മൂന്ന്  വര്‍ഷമായി മോട്ടോര്‍ പമ്പ്‌സെറ്റ് സ്ഥാപിക്കാന്‍ കേരള ലാന്റ് ഡവലപ്‌മെന്റ്   കോര്‍പ്പറേഷന്‍ അധികൃതര്‍ തയാറായിട്ടില്ല. പാടശേഖരത്തില്‍ കൃഷി പൂര്‍ണമായും ബാക്ടീരിയ മൂലവും നശിച്ച് പോകുകയും ചെയ്ത സംഭവത്തില്‍ ഇനിയെന്ത് എന്ന ചിന്തയിലാണ് ചേറ്റുപുഴ കിഴക്കേ കോള്‍ പടവിലെ കര്‍ഷകര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios