Asianet News MalayalamAsianet News Malayalam

കല്ലുത്താന്‍ കടവ് കോളനി നിവാസികളുടെ ദുരിതത്തിന് അവസാനം; പുതിയ ഫ്ലാറ്റുകള്‍ നാളെ കൈമാറും

  • കല്ലുത്താന്‍ കടവ് കോളനി നിവാസികള്‍ നാളെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറും
  • പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 
people in kalluthan kadavu will shift to new flat tomorrow
Author
Kozhikode, First Published Nov 1, 2019, 9:32 PM IST

കോഴിക്കോട്: ചെളിയിലും ചോര്‍ന്നൊലിക്കുന്ന കൂരയിലും താമസിച്ചിരുന്ന കല്ലുത്താന്‍ കടവ് കോളനി നിവാസികളുടെ താമസം ഇനി ബഹുനില ഫ്ളാറ്റില്‍. കോഴിക്കോട്ടെ പ്രധാന ചേരി പ്രദേശമായ കനോലി കനാലിന്റെ സമീപത്തെ ചതുപ്പില്‍, കല്ലുത്താന്‍കടവിലെ കൂരകളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കാണ് നാളെ മുതല്‍ പുതിയ വാസസ്ഥലം ഒരുങ്ങുന്നത്.

ചെറിയ മഴ ചെയ്താല്‍ പോലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇനി സ്വൈര്യമായി അന്തിയുറങ്ങാം. പ്ലാസ്റ്റിക് കവറും ഫ്‌ളെക്‌സുകളും മേല്‍ക്കൂരയാക്കിയ കൂരയെന്നു പോലും പറയാന്‍ കഴിയാത്ത സ്ഥലങ്ങളിലായിരുന്നു കല്ലുത്താന്‍കടവിലെ കോളനിയില്‍ മിക്കവരും താമസിച്ചിരുന്നത്. മഴ പെയ്താല്‍ പ്രദേശത്ത് വെള്ളം കയറുന്നതോടെ ദുരിതാശ്വാസക്യാംപുകളിലാകുമായിരുന്നു ഇവരുടെ ജീവിതം. ഇതിനെല്ലാം പരിഹാരമാകുമെന്നതിന്റെ സന്തോഷത്തിലാണ് കോളനിവാസികള്‍.

കല്ലുത്താന്‍ കടവിലെ 89 നിവാസികളും മുതലക്കുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങളുമാണ് ഫ്‌ളാറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറുന്നത്. കോളനി പൊളിച്ചുമാറ്റുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിച്ച് പാളയം മാര്‍ക്കറ്റ് ഇവിടേക്ക് മാറ്റാനാണ് കോഴിക്കോട് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്.

ചേരി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ബഹുനില ഫ്‌ളാറ്റ് നവംബര്‍ രണ്ടിന് ശനിയാഴ്ച വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. മാര്‍ക്കറ്റ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാവും. എം.പിമാരായ എം.കെ രാഘവന്‍, എളമരം കരീം, വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം, എം.എല്‍.എമാരായ എം.കെ മുനീര്‍, എ പ്രദീപ് കുമാര്‍, വി.കെ.സി മമ്മദ് കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios