Asianet News MalayalamAsianet News Malayalam

കല്‍പ്പറ്റയിലേക്ക് എളുപ്പത്തിലെത്താവുന്ന പുല്‍പ്പള്ളി-കേണിച്ചിറ റോഡ് തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തില്‍

കയറ്റത്തിന്റെ മധ്യഭാഗത്ത് എത്തുന്നതോടെ കുഴികളില്‍ വീണ് ചരക്ക് വാഹനങ്ങളടക്കം നിന്നുപോകുകയാണ്. ഏറെ ശ്രമകരമായാണ് യാത്രാ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്. 

pulpally kenichira road re construction
Author
Pulpally, First Published Nov 22, 2018, 7:16 PM IST

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ നിന്ന് വയനാടിന്റെ ഭരണസിരാകേന്ദ്രമായ കല്‍പ്പറ്റയിലേക്ക് ദിവസവും നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത്. എന്നാല്‍ രാവിലെ ഓഫീസ് സമയത്തിന് എത്തി കാര്യങ്ങള്‍ സാധിച്ച് മടങ്ങാന്‍ പുലര്‍ച്ചെ അഞ്ച് മണിക്കെങ്കിലും വീട്ടില്‍ നിന്നിറങ്ങേണ്ട ഗതികേടിലാണ് പുല്‍പ്പള്ളിക്കാര്‍. പുല്‍പ്പള്ളി-കേണിച്ചിറ വഴി എളുപ്പത്തില്‍ കല്‍പ്പറ്റയിലേക്ക് എത്താവുന്ന റോഡ് തകര്‍ന്നതോടെ കൂടുതല്‍പേരും സുല്‍ത്താബത്തേരി വഴി യാത്ര മാറ്റിയിരിക്കുകയാണ്. പുല്‍പ്പള്ളി-കേണിച്ചിറ റോഡില്‍ കല്ലുവയല്‍ ഭാഗത്ത് റോഡ് ശരിക്കും തോടായി മാറിയെന്നതാണ് അവസ്ഥ. 

ഇവിടെ മണല്‍വയലിലേക്കുള്ള കയറ്റം കൂടിയായതോടെ വലിയ വാഹനങ്ങള്‍ പോലും കുടുങ്ങുന്നതാണ് സ്ഥിതി. കയറ്റത്തിന്റെ മധ്യഭാഗത്ത് എത്തുന്നതോടെ കുഴികളില്‍ വീണ് ചരക്ക് വാഹനങ്ങളടക്കം നിന്നുപോകുകയാണ്. ഏറെ ശ്രമകരമായാണ് യാത്രാ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്. കൂടുതല്‍ ഭാഗങ്ങളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. റോഡിന്റെ വശങ്ങളില്‍ ആഴമേറിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ സൈഡ് നാല്‍കുന്നതിന് ബുദ്ധിമുട്ടാണ്. 

കടന്നുപോകാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ ഗതാഗത തടസം നിത്യസംഭവമായി. വിദ്യാര്‍ഥികളുമായി പോകുന്ന ബസുകള്‍ സമയത്തിന് ഓടിയെത്താന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. ടാര്‍ ഇളകിപ്പോയി മണ്ണ് മാത്രമായതോടെ പൊടിശല്യം അനുഭവിക്കുകയാണ് റോഡരികിലുള്ള വീട്ടുകാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് റോഡിന്റെ തകര്‍ച്ചയെങ്കിലും നിലവില്‍ വിവരിക്കാനാവാത്ത ദുരിതമാണ് ഇതുവഴിയുള്ള യാത്രനല്‍കുന്നത്. കല്‍പ്പറ്റയിലേക്കുള്ള എളുപ്പവഴിയായിട്ടും ഇത്തരം പരിഗണന അധികൃതര്‍ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ മറ്റു റോഡുകളുടെ അവസ്ഥയും മറിച്ചല്ല.

Follow Us:
Download App:
  • android
  • ios