Asianet News MalayalamAsianet News Malayalam

ചിന്നക്കനാലില്‍ രണ്ടേക്കര്‍ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു; ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്

ചിന്നക്കനാല്‍ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് സമീപത്തുള്ള സര്‍വ്വേ നമ്പര്‍ 20/1ല്‍പ്പെട്ട സ്ഥലമാണ് ഒഴിപ്പിച്ചത്. കയ്യേറി നിര്‍മ്മിച്ചിരുന്ന കെട്ടിടവും ദൗത്യസംഘം പൊളിച്ച് നീക്കി. 

revenue department clear land encroachment in munnar
Author
Munnar, First Published Dec 6, 2018, 11:16 PM IST

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലില്‍ അനധികൃത കയയ്യേറ്റത്തിനെതിരേ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്. ചിന്നക്കനാലില്‍ രണ്ടേക്കര്‍ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു. ചിന്നക്കനാല്‍ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് സമീപത്തുള്ള സര്‍വ്വേ നമ്പര്‍ 20/1ല്‍പ്പെട്ട സ്ഥലമാണ് ഒഴിപ്പിച്ചത്. കയ്യേറി നിര്‍മ്മിച്ചിരുന്ന കെട്ടിടവും ദൗത്യസംഘം പൊളിച്ച് നീക്കി. റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങള്‍കൊണ്ട് ശ്രദ്ദേയമായ ചിന്നക്കനാലില്‍ വീണ്ടും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ റവന്യൂ വകുപ്പ് കര്‍ശന നടപടികള്‍ ആരംഭിച്ചു. 

ചിന്നക്കനാലില്‍ ആദിവാസിയെന്ന വ്യാജേന കയ്യേറിയ രണ്ടേക്കര്‍ ഭൂമിയിലെ കയ്യേറ്റം റവന്യൂവകുപ്പും ദത്യ സംഘവും ചേര്‍ന്ന് ഒഴിപ്പിച്ചു. പുതിയതായി ചുമതലയേറ്റ സബ്കളക്ടര്‍ രേണു രജ് കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന്റെ തൊട്ടുപിന്നാലെയാണ് റവന്യു വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ചിന്നക്കനാല്‍ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് സമീപത്തുള്ള സര്‍വ്വേ നമ്പര്‍ 20/1ല്‍പെട്ട സ്ഥലത്ത് കൊന്നത്തടി സ്വദേശി തെള്ളിപ്പടിയില്‍ ബിജു എന്നായള്‍ സ്ഥലം കയ്യേറുകയും ഇവിടെ കെട്ടിടം നിര്‍മ്മിച്ച് താമസവും ആരംഭിച്ചിരുന്നു. 

കൂടാതെ സ്ഥലം മുറിച്ച് വില്‍ക്കന്നതിനും ശ്രമം നടത്തിയിരുന്നു.  ഇയാളുടെ ഭാര്യ ആദിവാസിയാണെന്ന് പറഞ്ഞാണ് കയ്യേറ്റം നടത്തിയത്. എന്നാല്‍ ഭാര്യ കെ എസ് ആആര്‍ ടിസിയിലെ ജീവനക്കാരിയാണെന്നും ഇയാള്‍ ആദിവാസിയല്ലെന്നും മാത്രവുമല്ല സ്ഥലം റവന്യൂ ഭൂമിയാണെന്നും റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒഴിഞ്ഞ് പോകുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു. 

എന്നാല്‍ നോട്ടീസ് കയ്യില്‍ കിട്ടിയിട്ടും ഒഴിഞ്ഞ് പോകാന്‍ തയ്യാറാകാതെ വന്നതോടെയാണ് ദേവികുളം തഹസില്‍ദാര്‍ രാജേന്ദ്രന്റെ നേത്വത്തിലുള്ള റവന്യൂ സംഘംവും ദൗത്യസേന അംങ്ങളും ചേര്‍ന്ന് നേരിട്ടെത്തി കയ്യേറ്റം ഒഴിപ്പിച്ചത്. റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയോടെ വൈദ്യുത കണക്ഷനടക്കം ലഭിച്ചിരുന്നു. കെ എസ് ഈ ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി വിശ്ചേദിച്ചതിനുശേഷമാണ് കെട്ടിടമടക്കം പൊളിച്ച് നീക്കിയത്. വരുംദിവസങ്ങളിലും കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായനിലപാട് സ്വീകരിക്കുവാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
 

Follow Us:
Download App:
  • android
  • ios