Asianet News MalayalamAsianet News Malayalam

ജൈവകൃഷിക്കൊപ്പം പൂവന്‍കോഴിയും, മത്സ്യങ്ങളും; വേറിട്ട കൃഷിരീതിയുമായി സാനുമോന്‍

ആറ് ഏക്കറില്‍ തക്കാളി മുതല്‍ പച്ചമുളക് വരെയും കോളിഫ്ളവര്‍ മുതല്‍ കുക്കുമ്പര്‍ വരെയും നല്ല രീതിയില്‍ വിളയിച്ച് കച്ചവടം നടത്തി  ജീവിതം ഹരിതവര്‍ണ്ണമാക്കുകയാണ് ഈ യുവ കര്‍ഷകന്‍. 

sanumon farming
Author
Cherthala, First Published Feb 18, 2019, 9:28 PM IST

ചേര്‍ത്തല: പതിനാറുവര്‍ഷമായി മണ്ണുമായി ഇഴകി ചേര്‍ന്ന ജീവിതമാണ് കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ പാപ്പറമ്പില്‍ സാനുമോന്‍റേത് (41). ആറ് ഏക്കറില്‍ തക്കാളി മുതല്‍ പച്ചമുളക് വരെയും കോളിഫ്ളവര്‍ മുതല്‍ വെള്ളരിക്ക വരെയും നല്ല രീതിയില്‍ വിളയിച്ച് കച്ചവടം നടത്തി  ജീവിതം ഹരിതവര്‍ണ്ണമാക്കുകയാണ് ഈ യുവ കര്‍ഷകന്‍. 

സ്വന്തമായുള്ള ഒരു ഏക്കറും ബാക്കി അഞ്ച് ഏക്കര്‍ പാട്ടത്തിനുമെടുത്താണ് ജൈവ കൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴിയില്‍ മണ്ണിനോട് പടപൊരുതി സാനു പൊന്നുവിളയിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികള്‍ കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വകുപ്പിന്റെ ഏ ഗ്രേയ്‍ഡ് സ്റ്റാള്‍ വഴിയും മൊത്ത വിതരണക്കാര്‍ക്കുമാണ് വില്‍പ്പന നടത്തുന്നത്.

ചെങ്ങന്നൂര്‍ ഫാമില്‍ നിന്നും ദിവസങ്ങള്‍ പ്രായമായ പൂവന്‍ കോഴിയെ വാങ്ങി നാല് മാസം പ്രായമാക്കിയ ശേഷം നല്ല വിലയ്ക്ക് വില്‍ക്കും. ഇതോടൊപ്പം മത്സൃ കൃഷിയുമുണ്ട്. കാരി, ചെമ്പല്ലി, തിലോപ്പിയ എന്നിവയും നല്ല രീതിയില്‍ വളര്‍ത്തി വിളവെടുക്കുന്നുണ്ട്.  2014ല്‍ ബ്ലോക്കിന്‍റെ നേതൃത്വത്തില്‍ നല്‍കുന്ന ആത്മ അവാര്‍ഡ്, 2015 കേരള സര്‍ക്കാരിന്‍റെ കേരള യുവ കര്‍ഷകന്‍, 2016ല്‍ ആലപ്പുഴ ജില്ലയിലെ ജൈവകര്‍ഷകന്‍, ഈ വര്‍ഷത്തെ അക്ഷയ ശ്രീ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ സാനുമോനെ  തേടിയെത്തി. 

രണ്ട് തൊഴിലാളികളും സഹായത്തിനുണ്ട്. അധ്യാപികയായ ഭാര്യ അനിതയും അവധി ദിവസങ്ങളില്‍ സാനുവിന് പിന്‍തുണയുമായി കൃഷിയിടത്തുണ്ടാകും. മക്കള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിഷേക്, യൂ കെ ജി വിദ്യാര്‍ത്ഥിനി അമേയ.
 

Follow Us:
Download App:
  • android
  • ios