Asianet News MalayalamAsianet News Malayalam

ഹോട്ടലുകളിൽ മുറിയെടുക്കുമെങ്കിലും ലക്ഷ്യം വേറെ; പല സ്റ്റേഷനുകളിൽ കേസുകൾ, എല്ലാം ഓൺലൈൻ ഗെയിമിങിനും ആർഭാടത്തിനും

മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും കിട്ടിയാൽ പെട്ടെന്ന് തന്നെ പണം പിന്‍വലിക്കുകയോ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുകയോ ബെറ്റ് ആപ്പുകളിലൂടെ ഗെയിം കളിക്കുകയോ ചെയ്തു പണം തട്ടിയെടുക്കുകയാണ് നാഗരാജിന്റെ രീതി.

taking room in hotels but not just to stay everything was for online gaming and luxury life afe
Author
First Published Mar 30, 2024, 4:27 AM IST

മേപ്പാടി: റിസോര്‍ട്ടിലെത്തിയ ഡല്‍ഹി സ്വദേശിയോട് ചങ്ങാത്തം കൂടി മൊബൈല്‍ ഫോണും പഴ്‌സും കവര്‍ന്നതിന് പിടിയിലായ നാഗരാജ് മോഷണം 'പ്രഫഷനാ'ക്കിയ ആളെന്ന് പോലീസ്. ഒരിക്കല്‍ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിക്കപ്പെട്ട് ജയില്‍വാസമനുഭവിച്ചിട്ടും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും 'തൊഴിലി'നിറങ്ങുകയായിരുന്നു. കേരളത്തിന് അകത്തും പുറത്തും സമാന രീതിയില്‍ നിരവധി കേസുകളുള്ള പ്രതിയാണ് നാഗരാജ്. 

കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍, കര്‍ണാടകയിലെ വിരാജ് പേട്ട, ബാംഗ്ലൂര്‍ സൈബര്‍ സ്റ്റേഷന്‍, ഹൈദരാബാദ് അഫ്സല്‍ ഗന്‍ച്, ഉത്തരകന്നഡയിലെ ബഗല്‍കോട്ട് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മൂന്നുമാസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി വിവിധ നഗരങ്ങളില്‍ താമസിച്ച് മോഷണം നടത്തി വരികയുമായിരുന്നു. ലോഡ്ജുകള്‍, ടൂറിസ്റ്റ് ഹോം, ഡോര്‍മെട്രികള്‍ എന്നിവയില്‍ മുറിയെടുത്ത് അവിടെ നിന്നും മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 

ഇത്തരത്തില്‍ കൈക്കലാക്കുന്ന മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും ഉപയോഗിച്ച് പെട്ടെന്ന് തന്നെ പണം പിന്‍വലിക്കുകയോ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുകയോ ബെറ്റ് ആപ്പുകളിലൂടെ ഗെയിം കളിക്കുകയോ ചെയ്തു പണം തട്ടിയെടുക്കുകയാണ് ഇയാളുടെ രീതി. പണവും മറ്റു മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള മുതലുകള്‍ നഷ്ടപ്പെടുന്ന ആളുകള്‍ എ.ടി.എം കാര്‍ഡ്, സിം കാര്‍ഡ് എന്നിവ ബ്ലോക്ക് ചെയ്താല്‍ ഫോണ്‍ ഒ.എല്‍.എക്സ് മുഖാന്തരം വില്‍പ്പന നടത്തും. 

വ്യാജ ആധാര്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് വീണ്ടും മോഷണം നടത്തുകയും ചെയ്യും. ഇങ്ങനെ കിട്ടുന്ന തുക കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയും ഓണ്‍ലൈന്‍ ഗെയിം കളിക്കുകയുമാണ് ഇയാള്‍ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളില്‍ നാഗരാജ് ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന് പുറമെ മേപ്പാടി എസ്.ഐ എം.പി. ഷാജി, പോലീസ് ഉദ്യോഗസ്ഥരായ കെ.കെ. വിപിന്‍, ബാലു നായര്‍, ഷഫീര്‍, ഷാജഹാന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios