Asianet News MalayalamAsianet News Malayalam

ടാർ വില കുതിച്ചുയർന്നതോടെ കരാറുകാർ പിന്മാറി: അടിയന്തരമായി തീർക്കേണ്ട റോഡ് നിർമ്മാണം പാതിവഴിയില്‍

ഒരു വീപ്പ ടാറിന് കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ ആയിരം രൂപയോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ കരാറുകൾ ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് കരാറുകാർ. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിനാണ് പ്രധാനമായും ടാർവില തിരിച്ചടിയാവുന്നത്.

tar price hike affect road construction
Author
Trissur, First Published Nov 16, 2018, 4:51 PM IST

തൃശൂർ: കുതിച്ചുയർന്ന ടാർ വിലയെ തുടർന്ന് കരാറുകാർ പ്രവൃത്തികളിൽ നിന്ന് പിന്മാറി. ഇതോടെ അടിയന്തരമായി തീർക്കേണ്ട റോഡ് നിർമ്മാണ പ്രവൃത്തികൾ നിലച്ചു. പദ്ധതി വിഹിത വിനിയോഗം നടത്താനാവാതെ തദ്ദേശ സ്ഥാപനങ്ങളും വിഷമത്തിലായി. പ്രളയത്തിൽ റോഡുകൾ തകർന്ന സാഹചര്യത്തിൽ, പദ്ധതിയിൽ റോഡുകൾക്ക് വലിയ പ്രാധാന്യമാണ് നൽകിയത്. മൊത്തം പദ്ധതിത്തുകയുടെ അമ്പത് ശതമാനത്തോളം റോഡ്‌ നിർമാണ പദ്ധതികൾക്കാണ് നീക്കിവച്ചിട്ടുള്ളത്. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. പദ്ധതികൾ മെല്ലെപ്പോകുന്നത് പദ്ധതി പ്രവർത്തനത്തെ ആകെ ബാധിക്കുന്നതാണ് തദ്ദേശ സ്ഥാപനങ്ങളെ വലക്കുന്നത്. 

ഒരു വീപ്പ ടാറിന് കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ ആയിരം രൂപയോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ കരാറുകൾ ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് കരാറുകാർ. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിനാണ് പ്രധാനമായും ടാർവില തിരിച്ചടിയാവുന്നത്. ടാറിന് നൽകുന്ന ദർഘാസ് വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം കരാറുകാർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. വി.ജി.1-30 വിഭാഗത്തിൽപ്പെട്ട  ഒരു ടാർ  വീപ്പയ്ക്ക് 5262 രൂപയാണ് കരാറുകാരന് ലഭിക്കുക. നിലവിലെ വിപണി വില 7889 രൂപ. വീപ്പയൊന്നിന് 2627 രൂപ കരാറുകാരൻറെ കയ്യിൽ നിന്ന് മുടക്കണം.മറ്റൊരു ഇനം ടാറായ എസ്.എസ്. ഒന്നിന് കരാർ വിലയെക്കാൾ വിപണിയിൽ 2247 രൂപ കൂടുതലാണ്. ആർ.എസ്. ഒന്ന് ടാറിന് ദർഘാസ് വില 5369 രൂപയും വിപണി വില 9362 രൂപയുമാണ്. 

നഷ്ടം നികത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടത്തും റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും നിലച്ചിരിക്കുകയാണ്. ക്വാറി ഉത്‌പന്നങ്ങളുടെയും മറ്റും വില ഉയർന്നു നിൽക്കുന്നതിനിടെയാണ് ടാർ വില വർധന. ടാര്‍ വിലയുടെ ക്രമാതീതമായ വർധനവ് വിശദീകരിച്ചും, പ്രതിസന്ധിയറിയിച്ചും സര്‍ക്കാര്‍ കരാറുകാരുടെ സംഘടന മുഖ്യമന്ത്രിക്കും, പൊതുമരാമത്ത്, ധന മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനുസരിച്ചാണ് ടാറിന്‍റെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുള്ളത്. 

സര്‍ക്കാര്‍ നിശ്ചയിച്ച പദ്ധതി തുകയില്‍ നിന്ന് വലിയ വര്‍ധനവാണ് ടാര്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. എസ്റ്റിമേറ്റ് നിരക്കിൽത്തന്നെ പ്രവൃത്തി ചെയ്യണമെന്ന് കർശനമായി നിർദേശിച്ചാൽ, അത് റോഡുകളുടെ ഗുണനിലവാരത്തെ ബാധിക്കും.നഗരസഭകളിലെ പ്രധാന റോഡുകൾ ടെൻഡർ വിളിച്ചിട്ട് എടുക്കാൻ ആളില്ല. ടെൻഡർ ആയിക്കഴിഞ്ഞ പ്രവൃത്തികൾ തുടങ്ങാനും കരാറുകാർ മടിക്കുകയാണ്. എന്തെങ്കിലും ഒരു തീരുമാനം സർക്കാരിൽനിന്ന് ഉണ്ടാവുമെന്നാണ് തദ്ദേശ സ്ഥാപന ഭരണസമിതികളും കരാറുകാരുമെല്ലാം പ്രതീക്ഷിക്കുന്നത്. 

പ്ലാൻഫണ്ടിൽ ടാറിന് ഉൾപ്പെടുത്തിയിട്ടുള്ള തുകയെക്കാൾ എത്ര അധികം വേണ്ടിവരുമെന്ന് കണക്കാക്കി, ആ തുക തനത് ഫണ്ടിൽനിന്ന് നൽകാൻ കഴിയുമോ എന്ന ആലോചനകളും തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ, അങ്ങനെ തുക അനുവദിച്ചാൽ പിന്നീടത് ഓഡിറ്റ് വിമർശനത്തിന് വഴിവയ്ക്കാൻ സാധ്യതയുള്ളതിനാൽ തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലാണ്. പൊതുമരാമത്ത് നിര്‍മ്മാണ പ്രവൃത്തിയില്‍ ഒരു കോടി രൂപയില്‍ താഴെയുള്ളവയ്ക്ക് ടാര്‍ എടുത്തുകൊടുക്കുമെന്നത് കരാറുകാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ക്ക് ടാര്‍ കരാറുകാര്‍ തന്നെ വാങ്ങണം. 

കൂടാതെ അധിക ജി.എസ്.ടിയും കരാറിനുള്ള മുദ്രപത്രങ്ങള്‍ കൂടിയ വിലയിലുള്ളവ വേണമെന്ന നിബന്ധനയും കരാറുകാരെ ബാധിച്ചിട്ടുണ്ട്. നേരത്തെ കരാര്‍ ഏറ്റെടുക്കുമ്പോള്‍ ആകെ 200 രൂപയുടെ മുദ്രപത്രം മതിയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ പദ്ധതിക്ക് നൂറ് രൂപ നിരക്ക് വീതമാണ് വേണ്ടിവരുന്നത്. തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ നല്‍കേണ്ട അവസ്ഥയാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സർക്കാർ ശ്രമത്തിനിടെ കരാറുകാരുടെ നിസഹകരണം  തദ്ദേശ സ്ഥാപനങ്ങളെ ബാധിച്ചേക്കും.


 

Follow Us:
Download App:
  • android
  • ios