Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നിന്ന് ഇറങ്ങിപോയത് എന്തിന്; സിഎന്‍ ജയദേവന്‍റെ മറുപടി

തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തുടങ്ങിയ മൂന്നര മണി മുതല്‍ അവസാനിക്കുന്നതുവരെയും പൂര്‍ണമായും താന്‍ കണ്‍വന്‍ഷനില്‍ ഉണ്ടായി. ഇടയ്ക്കവച്ച് എഴുന്നേറ്റത് സമീപത്തിരുന്നവര്‍ വെള്ളം ചോദിച്ചപ്പോള്‍ വെള്ളം ഉണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘാടകരെന്ന നിലയില്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ചുമതലയാണ് ചായയോ വെള്ളമോ കൊടുക്കേണ്ടത്

thrissur lok sabha mp cn jayadevan replay on walkout
Author
Trissur, First Published Mar 12, 2019, 5:24 PM IST

തൃശൂര്‍: പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതിനാലല്ല, വേദിയില്‍ ഇരുന്നവര്‍ ദാഹം അറിയിച്ചപ്പോള്‍ സംഘാടകനെന്ന നിലയില്‍ വെള്ളം കൊടുപ്പിക്കാനായി സ്റ്റേജിന് പിറകിലേക്ക് പോയതാണെന്ന് സിപിഐ നേതാവ് സി എന്‍ ജയദേവന്‍ എംപിയുടെ വിശദീകരണം. രാജാജി മാത്യു തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ നിന്ന് സിപിഐയുടെ ഏക എംപി ഇറങ്ങിപ്പോയതായി വന്ന വാര്‍ത്തകളോട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു ജയദേവന്‍.

തനിക്കും പാര്‍ട്ടിക്കുമെതിരെ മാധ്യമങ്ങളിലൂടെ തുടരെ ഇത്തരം വാര്‍ത്തകള്‍ വരുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തയാണത്. മാധ്യങ്ങളുടെ യോജിച്ചുള്ള ഈ പ്രവര്‍ത്തനത്തെ മാധ്യമഗൂഢാലോചനയെന്നേ പറയാനാവൂ. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തുടങ്ങിയ മൂന്നര മണി മുതല്‍ അവസാനിക്കുന്നതുവരെയും പൂര്‍ണമായും താന്‍ കണ്‍വന്‍ഷനില്‍ ഉണ്ടായി. ഇടയ്ക്കവച്ച് എഴുന്നേറ്റത് സമീപത്തിരുന്നവര്‍ വെള്ളം ചോദിച്ചപ്പോള്‍ വെള്ളം ഉണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘാടകരെന്ന നിലയില്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ചുമതലയാണ് ചായയോ വെള്ളമോ കൊടുക്കേണ്ടത്. വെള്ളം കുപ്പിയുമായി തിരിച്ചുവന്ന താന്‍ ആവശ്യക്കാര്‍ക്ക് അത് നല്‍കുകയും ചെയ്തു.

സമ്മേളനം കഴിഞ്ഞ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രന്‍ നന്ദി പറയുമ്പോഴാണ് താന്‍ വേദിയില്‍നിന്നും ടൗണ്‍ഹാളിന്‍റെ വരാന്തയിലേക്ക് എത്തിയത്. അത് അവിടെ തന്നെ ചേരുന്ന തൃശൂര്‍ നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ്. പ്രതിഷേധത്തിന്‍റെ ഒരു പ്രശ്‌നവുമില്ല. പ്രസംഗിപ്പിച്ചില്ല എന്നതിലും യാതൊര്‍ഥവുമില്ല. കാരണം, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രസംഗിച്ച ഒരു വേദിയില്‍ പിന്നീട് ഒരു പ്രസംഗത്തിനു പ്രസക്തിയില്ലെന്നും ജയദേവന്‍ പറഞ്ഞു. രാജാജിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ തനിക്കും പങ്കുണ്ട്. കാരണം, അദ്ദേഹം തന്നേക്കാള്‍ പ്രഗത്ഭനാണ്. പാര്‍ലമെന്റില്‍ എത്തിയാല്‍ നല്ല രീതിയില്‍ അദ്ദേഹത്തിന് ആ വേദി നല്ല രീതിയില്‍ ഉപയോഗിക്കാനാവുമെന്ന് തനിക്കുറപ്പുണ്ട്. അതിനു പ്രധാന കാരണം ഭാഷാപരമായ അദ്ദേഹത്തിന്റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios