Asianet News MalayalamAsianet News Malayalam

കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു

ആമകള്‍ക്കുണ്ടാകുന്ന അഞ്ജാത രോഗം കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്. കൈനകരി, ചമ്പക്കുളം, നെടുമുടി എന്നിവിടങ്ങളില്‍ ജൂലൈയില്‍ അജ്ഞാത രോഗത്താല്‍ ആമകള്‍ ചത്തൊടുങ്ങിയിരുന്നു

tortoises dies in kuttanad
Author
Kuttanad, First Published Oct 17, 2018, 9:30 PM IST

ഹരിപ്പാട്:  കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു. അജ്ഞാത രോഗത്താല്‍ മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്. ആമയെ പിടിക്കലും വിപണനം നടത്തലും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലും, ഹോട്ടലുകളിലും, ഹോം സ്റ്റേകളിലും, ഹൗസ്ബോട്ടുകളിലും ഇഷ്ടഭോജ്യമാണ് ആമയിറച്ചി.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആമപിടുത്തവും വിപണനവും നടക്കുന്നത്. കിലോയ്ക്ക് 350 രൂപയോളം വിലയാണ് ഈടാക്കുന്നത്. 270 ഇനം വംശജാതികളാണ് ആമകള്‍ക്കുള്ളത്. കരയാമ, വെളുത്താമ എന്നീ രണ്ട് തരത്തിലുള്ള ആമകളാണ് ഇവിടെ സുലഭമായി ലഭിക്കുന്നത്.

കുളങ്ങളിലോ, പാടശേഖരങ്ങളിലോ വെള്ളത്തിന് സമീപമുള്ള സ്ഥലങ്ങളിലോ ആണ് വന്യജീവിയുടെ പട്ടികയില്‍പ്പെടുന്ന ഉരഗ വര്‍ഗ്ഗത്തില്‍പ്പെട്ട ആമകളെ കണ്ടുവരുന്നത്. ആമകള്‍ക്കുണ്ടാകുന്ന അഞ്ജാത രോഗം കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്.

കൈനകരി, ചമ്പക്കുളം, നെടുമുടി എന്നിവിടങ്ങളില്‍ ജൂലൈയില്‍ അജ്ഞാത രോഗത്താല്‍ ആമകള്‍ ചത്തൊടുങ്ങിയിരുന്നു. എന്നാല്‍, ഈ ആഴ്ചകളിലാണ് ചെറുതന, പള്ളിപ്പാട്, വീയപുരം തുടങ്ങിയ പ്രദേശങ്ങളിൽ നിത്യേനയെന്നോണം നിരവധി ആമകള്‍ ചത്തൊടുങ്ങിയത്.

പാടശേഖരങ്ങളുടെ ഓരത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടെതോടെയാണ് അഴുകിയ നിലയില്‍ ആമകളെ നാട്ടുകാര്‍  കണ്ടെത്തിയത്. കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്ക് മുമ്പ് മാരാരിക്കുളം വടക്ക് പഞ്ചായത്തിലും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതല്‍ ആമകള്‍ ചത്തു പൊങ്ങിയത്. ഈ പ്രദേശങ്ങളില്‍ ജന്തുശാസ്ത്ര വിദ്യാര്‍ഥികളുടേയും പ്രകൃതി സ്‌നേഹികളുടേയും സഹായത്തോടെ ഫീല്‍ഡ് സര്‍വ്വേയും കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ അനുവാദത്തോടെ മൃഗ ഡോക്ടര്‍മാരും പഠനങ്ങള്‍ക്ക് സ്വയം തയ്യാറായി വന്നിരുന്നു.

ആമയിറച്ചി കഴിച്ച ഇതര ജീവികള്‍ ചത്ത് വീണത് ജനങ്ങളില്‍ ഭീതിപരത്തുന്നുണ്ട്. ആമയിറച്ചി കഴിച്ചെന്നു സംശയിക്കുന്ന നായ ഇവിടെ ചത്തിരുന്നു. കഞ്ഞിക്കുഴി കണ്ണര്‍കാട്ട് ആമയെ ആഹാരമാക്കിയ തെരുവ് നായയാണ് ചത്തതെന്ന് നാട്ടുകാര്‍ പറയുന്നു.

എന്നാല്‍, ആമ ഇറച്ചി കഴിച്ചതാണ് നായ ചാകാന്‍ കാരണമെന്നത് സംബന്ധിച്ചു സ്ഥിരീകരണമില്ല. തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോറട്ടറിയില്‍ അയച്ച ചത്ത ആമയെ പരിശോധിച്ചെങ്കിലും മാംസം അഴുകിയതിനാല്‍ ഫലം കണ്ടെത്താനായില്ല.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് നിന്ന് കണ്ടെത്തിയ രോഗം ബാധിച്ച രണ്ട് ആമകളില്‍ ഒന്ന് നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. ജലാശയങ്ങളിലെ മലിനീകരണമാണ് ആമകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്നും വിവരമുണ്ട്.

എന്നാല്‍, ശുദ്ധജലത്തിലും ആമകള്‍ ചത്ത് പൊങ്ങുന്നതും  നിത്യസംഭവമാണെ നാട്ടുകാര്‍ പറയുന്നു. കുട്ടനാട്ടില്‍ പക്ഷിപ്പനി കാരണം താറാവുകളും, കോഴികളും ചത്തൊടുങ്ങിയിരുന്നു. അതുപോലെ മത്സ്യങ്ങള്‍ക്ക് അഴുകല്‍ രോഗവുംപിടിപെട്ടിരുന്നു. പുല്ല്, പഴം, ഇല, ചെറുമീനുകള്‍ എന്നിവ ഭക്ഷിക്കുന്ന ആമകള്‍ ഉപദ്രവകാരികളല്ല. ഔഷധ ഗുണമുള്ള ഇറച്ചിയാണിതിന്‍റേത്. വംശനാശ ഭീഷണി നേരിടുന്ന ആമകളെ സംരക്ഷിക്കാനും രോഗകാരണം തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍. 

Follow Us:
Download App:
  • android
  • ios