Asianet News MalayalamAsianet News Malayalam

25 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ കായംകുളത്ത് പിടിയില്‍

ഇരുവരും ചേര്‍ന്ന് വ്യാപകമായ രീതിയില്‍ മുതുകുളം ഭാഗത്ത് ചാരായം നിര്‍മ്മിച്ച് കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ മൊത്തവില്‍പ്പന നടത്തിവരുന്നതായി എക്‌സൈസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നു

two persons arrested with 25 liter arrack in kayamkulam
Author
Kayamkulam, First Published Feb 25, 2019, 8:55 PM IST

കായംകുളം: ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് മുതുകുളം ഭാഗത്ത് സംയുക്തമായി നടത്തിയ റെയ്ഡില്‍ 25 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. മുതുകുളം തെക്ക് പടന്നയില്‍ വീട്ടില്‍ അനി എന്ന അനില്‍കുമാര്‍ (42), പുലത്തറയില്‍ വീട്ടില്‍ ബാബുക്കുട്ടന്‍ (46) എന്നിവരെയാണ് ചാരായം കടത്തവെ അറസ്റ്റ് ചെയ്തത്. അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള ബജാജ് ഡിസ്‌കവര്‍ ബൈക്കില്‍ ഇരുവരും 25 ലിറ്റര്‍ ചാരായവുമായി വരവെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 6.15 ഓടെയായിരുന്നു ഇവര്‍ പിടിയിലായത്. 

ഇരുവരും ചേര്‍ന്ന് വ്യാപകമായ രീതിയില്‍ മുതുകുളം ഭാഗത്ത് ചാരായം നിര്‍മ്മിച്ച് കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ മൊത്തവില്‍പ്പന നടത്തിവരുന്നതായി എക്‌സൈസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നു. 22 ന് ഇവരുടെ അയല്‍വാസിയായ കാര്‍ത്തിക ഭവനം വീട്ടില്‍ രാജേന്ദ്രന്റെ വീട്ടില്‍ നിന്നും 50 ലിറ്റര്‍ കോട കണ്ടെത്തി കേസ്സെടുത്തിരുന്നു. തുടര്‍ന്ന് ഷാഡോ എക്‌സൈസിന്റെ നിരീക്ഷണം ഈ പ്രദേശങ്ങളില്‍ ശക്തിപ്പെടുത്തിയിരുന്നു. രാജേന്ദ്രനില്‍ നിന്നും ലഭിച്ച വിവരത്തിന്റേയും തുടര്‍ന്ന് നടത്തിയ പരിശോധനയിലുമാണ് ഇരുവരും  പിടിയിലാകുന്നത്. 

ഇന്ന് പുലര്‍ച്ചെ 2 മണിമുതല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്ത് നിരീക്ഷണത്തിലായിരുന്നു. പുലര്‍ച്ചെ ചാരായം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനായി വരവെയാണ് ഇരുവരും പിടിക്കപ്പെട്ടത്. 10 ലിറ്ററിന്റെ രണ്ട് കന്നാസുകളിലും 5 ലിറ്ററിന്റെ ഒരു കന്നാസിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ 5 വര്‍ഷമായി രണ്ടുപേരും ചേര്‍ന്ന് വന്‍തോതില്‍ പണം മുടക്കി ചാരായം ധാരാളമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്നുള്ള പരിശോധനയിലാണ് ചാരായ നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയത്. 

ബാബുക്കുട്ടന്റെ വീടിന്റെ പരിസരത്ത് വെള്ളക്കെട്ടില്‍ ഇറക്കിയ നിലയില്‍ ചാരായം നിര്‍മ്മിക്കുന്നതിനുള്ള 40 ലിറ്ററിന്റെ അലുമിനിയം കലം, 25 ലിറ്ററിന്റെ ചരുവം, 15 ലിറ്ററിന്റെ ഇല്ലിക്കുട്ടി എന്നീ വാറ്റുപകരണങ്ങളും കോട സൂക്ഷിച്ചിരുന്ന 35 ലിറ്ററിന്റെ രണ്ട് പ്ലാസ്റ്റിക് കന്നാസുകളും കണ്ടെത്തി. വെള്ളക്കെട്ടിന് സമീപം പൊന്തക്കാട്ടിലായി എല്ലാ സൌകര്യത്തോടും കൂടിയ ചാരായ ഉല്‍പ്പാദന കേന്ദ്രവും, സമീപത്തെ തോട്ടില്‍ നിന്നും വെള്ളം എത്തിക്കാനുള്ള സംവിധാനമടക്കം വന്‍ അടുപ്പുകളും വിറക് വാറ്റ് കേന്ദ്രത്തില്‍ സൂക്ഷിച്ചുപയോഗിച്ചിരുന്നതായും കണ്ടെത്തി.

Follow Us:
Download App:
  • android
  • ios