Asianet News MalayalamAsianet News Malayalam

ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്ത സംഭവം; പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്

ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത പ്രതികൾ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു.

two were attacked uber taxi driver in thrissur police identified accused
Author
Thrissur, First Published Oct 16, 2019, 9:55 PM IST

തൃശ്ശൂര്‍: തൃശ്ശൂരില്‍ യൂബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത കേസിലെ പ്രതികളെ രണ്ടാം ദിവസവും പിടികൂടാനാകാതെ പൊലീസ്. രണ്ടു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഡിഐജി എസ് സുരേന്ദ്രൻ പറഞ്ഞു. കാർ തട്ടിയെടുത്ത് മറിച്ചു വിൽക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് നിഗമനം. ഊബര്‍ ടാക്സി ആപിലേക്ക് ‍വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രതികൾ ആലുവ സ്വദേശികളാണ്. പ്രതികളുടെ അറസ്റ്റ് വൈകില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ കാറുമായി സഞ്ചരിച്ച ആമ്പല്ലൂർ മുതല്‍ കാലടി വരെയുളള വിവിധ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. പാലിയേക്കര ടോള്‍ പ്ലാസയിലെ സിസിടിവി ക്യാമറയില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും പ്രതികളുടെ മുഖം വ്യക്തമല്ല.

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത പ്രതികൾ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു. കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് പ്രതികൾ ടാക്സി തട്ടിയെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More:തൃശ്ശൂരില്‍ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു; പൊലീസ് പിന്തുടര്‍ന്ന് ടാക്സി പിടികൂടി, പ്രതികള്‍ രക്ഷപ്പെട്ടു

ആക്രമണത്തിന് ശേഷം ഡ്രൈവറെ റോഡില്‍ തള്ളി കാറുമായി അക്രമികള്‍ മുങ്ങുകയായിരുന്നു. പിന്നീട് പുതുക്കാട് പൊലീസില്‍ ഡ്രൈവര്‍ വിവരമറിയച്ചതോടെ കാലടിയില്‍ വച്ച് പൊലീസ് വാഹനം പിടികൂടി. എന്നാല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനുള്ള കൃത്യമായ പ്ലാനിംഗോടെയാണ് പ്രതികള്‍ ടാക്സില്‍ കയറിയതെന്നാണ് പൊലീസ് നിഗമനം. 
  

Follow Us:
Download App:
  • android
  • ios