Asianet News MalayalamAsianet News Malayalam

സംരക്ഷണ സമിതി രൂപീകരിച്ചതിന്റെ പിറ്റേദിവസം സെപ്റ്റിക് ടാങ്ക് മാലിന്യം തോട്ടിൽ; തിരിച്ചെടുപ്പിച്ച് നാട്ടുകാർ

പഞ്ചായത്ത് അധികൃതര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, തോട് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ ജെ.സി.ബിയും ടാങ്കര്‍ ലോറികളും ഉപയോഗിച്ച്  മാലിന്യം നീക്കം ചെയ്തു.

villagers formed a committee to protect fresh water stream but septic tank waste dumped on the next day itself
Author
First Published May 8, 2024, 4:29 PM IST

കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ പെരിങ്കല്ലന്‍ തോട്ടില്‍ വീണ്ടും സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. തോട് സംരക്ഷിക്കാനായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് വീണ്ടും ഈ മാലിന്യം തള്ളിയത്. തോടിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാളിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

വീണ്ടും മാലിന്യം തള്ളിയ വിവരം അറിഞ്ഞെത്തിയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിക്കുകയും മാള്‍ അധികൃതരോട് മാലിന്യം നീക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, തോട് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ ജെ.സി.ബിയും ടാങ്കര്‍ ലോറികളും ഉപയോഗിച്ച് ഇവര്‍ തന്നെ മാലിന്യം നീക്കം ചെയ്തു.

ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്ന പ്രധാന തോടാണ് പെരിങ്കല്ലന്‍തോട്. തെളിനീരായി ഒഴുകിയിരുന്ന തോട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലിനീകരണ പ്രശ്‌നം നേരിടുകയാണ്. നിരവധി തവണ നടപടികള്‍ സ്വീകരിച്ചിട്ടും പിഴ ചുമത്തിയിട്ടും സ്ഥിതി തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇതിനെതിരെ ഒളവണ്ണ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവിധ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തകരേയും സാമൂഹിക പ്രവര്‍ത്തകരേയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ത്തത്. പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി ചെയര്‍പേര്‍സണായും സാമൂഹ്യ പ്രവര്‍ത്തകന്‍ പി സുധീഷ് കണ്‍വീനറായും പതിനേഴംഗ പെരിങ്കല്ലന്‍തോട് സംരക്ഷണ സമിതി രൂപികരിക്കുകയും ചെയ്തു.  ഇതിന് തൊട്ടടുത്ത ദിവസം തന്നെയാണ് വീണ്ടും ഇവിടെ മാലിന്യം തള്ളിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios