Asianet News MalayalamAsianet News Malayalam

പ്രളയത്തോടൊപ്പം ഇല്ലാതായി വരയാലുകാരുടെ യാത്രമാര്‍ഗം; മാസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരമില്ല

കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കണ്ണോത്തുമലയിലെ റോഡും ഓവുപാലവും തകരുകയായിരുന്നു. ഇതോടെ വരയാല്‍ പ്രദേശം ഒറ്റപ്പെട്ടു. പ്രദേശത്തെ വിദ്യാര്‍ഥികളും ഓഫീസ് സംബന്ധമായ ജോലിയെടുക്കുന്നവരുമാണ് ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്

wayanad varayal  peoples road broken in flood
Author
Kalpetta, First Published Nov 24, 2018, 4:57 PM IST

കല്‍പ്പറ്റ: ഓഫീസിലും സ്‌കൂളിലുമൊക്കെ പതിവായി വൈകി എത്തേണ്ടി വരുന്ന വരയാല്‍ പ്രദേശത്തുകാരുടെ ദുരിതം ഇനിയും തീര്‍ന്നില്ല. പ്രളയം ഏറ്റവുമധികം നാശം വിതച്ചത് വടക്കേ വയനാട്ടിലെ വരയാല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്. പ്രളയത്തോടൊപ്പം ഇല്ലാതായതാണ് ഈ പ്രദേശത്തേക്കുള്ള ഏക കെ.എസ്.ആര്‍.ടി.സി ബസ്. മാനന്തവാടിയില്‍ നിന്ന് വരയാലിലേക്കായിരുന്നു സര്‍വീസ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബസോട്ടം പുനഃസ്ഥാപിച്ച് നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല.

കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കണ്ണോത്തുമലയിലെ റോഡും ഓവുപാലവും തകരുകയായിരുന്നു. ഇതോടെ വരയാല്‍ പ്രദേശം ഒറ്റപ്പെട്ടു. പ്രദേശത്തെ വിദ്യാര്‍ഥികളും ഓഫീസ് സംബന്ധമായ ജോലിയെടുക്കുന്നവരുമാണ് ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാര്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഉപയോഗിച്ച് ഓവുപാലം താല്‍ക്കാലികമായി നന്നാക്കിയിരുന്നു. എന്നാല്‍ ബസുള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് ഇപ്പോഴും ഇതുവഴി ഓടാന്‍ കഴിയില്ല.

ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഓവുപാലത്തിലൂടെ ഇപ്പോള്‍ കടന്നുപോകുന്നത്. സ്വന്തം വാഹനമുള്ളവരെല്ലാം അതുപയോഗിക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ തൊഴിലാളികളും അവരുടെ മക്കളും കടത്ത പ്രയാസത്തിലാണ്. വലിയ വാഹനങ്ങള്‍ക്ക് ഓടണമെങ്കില്‍ കോണ്‍ക്രീറ്റ് ഓവുപാലം തന്നെ നിര്‍മ്മിക്കണം. ബസ് സര്‍വീസ്  നിര്‍ത്തിയതോടെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ട സാഹചര്യമാണ് പ്രദേശവാസികള്‍ക്ക്. ശനി, ഞായര്‍ ഒഴികെ രാവിലെയും വൈകീട്ടുമായി രണ്ട് സര്‍വീസുകളായിരുന്നു കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിരുന്നത്. വരയാലിനെ കൂടാതെ എടമന, കണ്ണോത്തുമല എന്നിവിടങ്ങളിലുള്ളവരും ഈ ബസിനെയാണ് ആശ്രയിക്കുന്നത്.

വരയാല്‍ പ്രദേശത്തെ മാനന്തവാടി-തലശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന 41-ാം മൈലിലെ പാലവും കനത്ത മഴയില്‍ തകര്‍ന്നിരുന്നു. അതിനാല്‍ ഈ വഴി യാത്ര ചെയ്യാനും കഴിയില്ല. കണ്ണോത്തുമല വഴി വരയാലിലേക്ക് ബസോടിക്കാന്‍ കഴിയില്ലെങ്കില്‍ വെണ്‍മണി വഴി വരയാലിലേക്ക് സര്‍വ്വീസ് നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇത് അംഗീകരിച്ചിട്ടില്ല.

വെണ്‍മണി വഴി ചുറ്റിക്കറങ്ങി ബസിന് വരയാലിലേക്ക് പോകാന്‍ സമയവും ചിലവും ഏറെയാണ്. കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചാല്‍ ഉടന്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് മാനന്തവാടി എ.ടി.ഒ പി.എന്‍.സുനില്‍കുമാര്‍ പറഞ്ഞു. അതേ സമയം കണ്ണോത്തുമലയില്‍ ഓവുപാലം നിര്‍മ്മിക്കുന്നതിന് നാല് ലക്ഷം രൂപ അനുവദിച്ചതായും നടപടികള്‍ പൂര്‍ത്തിയായാല്‍ പാലത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios