Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പാഴ്സലായി വാഴപ്പിണ്ടി; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി

മുഖ്യമന്ത്രിക്ക് വാഴപിണ്ടി അയക്കുന്നത് തടയാൻ പൊലീസ് ശ്രമിച്ചു. വാഴപിണ്ടി പാഴ്സൽ ആയി കൈപ്പറ്റുന്നത് പൊലീസിനെ ഉപയോഗിച്ച് പോസ്റ്റൽ അധികൃതർ തടസപ്പെടുത്തി. പിന്നീട് സ്വകാര്യ പാഴ്സൽ സർവ്വീസ് മുഖേനയാണ് വാഴപിണ്ടി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തത്

youth congress protest against cm pinarayi
Author
Trissur, First Published Feb 22, 2019, 8:38 PM IST

തൃശൂർ: സാംസ്കാരിക നായകർക്ക് വാഴപ്പിണ്ടി സമർപ്പിച്ചതിന്‍റെ പേരിൽ പൊലീസ് കേസെടുത്തതോടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വാഴപ്പിണ്ടി അയയ്ക്കല്‍ സമരം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ വേഗത്തിലാക്കി. നഗരം ചുറ്റി പ്രകടനത്തോടെ തൃശൂർ സ്പീഡ് പോസ്റ്റോഫീസിലെത്തിയാണ് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി പാഴ്സല്‍ സമരം നടന്നത്.

മുഖ്യമന്ത്രിക്ക് വാഴപിണ്ടി അയക്കുന്നത് തടയാൻ പൊലീസ് ശ്രമിച്ചു. വാഴപിണ്ടി പാഴ്സൽ ആയി കൈപ്പറ്റുന്നത് പൊലീസിനെ ഉപയോഗിച്ച് പോസ്റ്റൽ അധികൃതർ തടസപ്പെടുത്തി. പിന്നീട് സ്വകാര്യ പാഴ്സൽ സർവ്വീസ് മുഖേനയാണ് വാഴപിണ്ടി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തത്. തൃശൂരിലെ യൂത്ത് കോൺഗ്രസ് ഇതൊരു ചലഞ്ചായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി വന്നുചേരുമെന്നാണ് സൂചന.

കാസർകോട്ടെ പെരിയ ഇരട്ടക്കൊലപാതക വിഷയത്തില്‍ സംസ്‌കാരിക നായകരുടെ മൗനത്തിൽ പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയിൽ വാഴപ്പിണ്ടി വെച്ച് പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ സാമൂഹ്യവിരുദ്ധരെന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വാഴപ്പിണ്ടി അയക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ സാഹിത്യ അക്കാദമിയിൽ അതിക്രമിച്ചു കയറി വാഴപ്പിണ്ടി സമരം നടത്തിയതിന്‍റെ പേരിൽ വാഴപ്പിണ്ടി സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയായിരുന്നു. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോൺ ഡാനിയൽ, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സുനിൽ ലാലൂർ തുടങ്ങി പത്തോളം പേർക്കെതിരെയാണ് ടൗൺ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. സമരത്തിനെതിരെ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നതിന് ശേഷമാണ് കേസ് എടുത്തത്. ഇതോടെ വാഴപ്പിണ്ടി സമരം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

സാംസ്‌കാരിക നായകരെ റോബോട്ടുകളെ പോലെ നിയന്ത്രിക്കുന്നവരാണ് സാഹിത്യ അക്കാദമിയിൽ പ്രതിഷേധം നടത്തിയവരെ അധിക്ഷേപിക്കുന്നതെന്ന് ഉദ്ഘാടകന്‍ ജോൺ ഡാനിയൽ പറഞ്ഞു. നട്ടെല്ലില്ലാത്ത മുഖ്യമന്ത്രിയും നട്ടെല്ലില്ലാത്ത സാംസ്കാരിക നായകരും കേരളത്തിന് ഒരുപോലെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സുനിൽ ലാലൂർ അധ്യക്ഷത വഹിച്ചു. നേതാക്കളായ നൗഷാദ് ആറ്റുപറമ്പത്ത്, പ്രഭുദാസ് പാണേങ്ങാടൻ, കുരിയൻ മുട്ടത്ത്, വി എസ് ഡേവിഡ്, ജെഫിൻ പോളി, ലിജോ പനക്കൽ, അബ്‌ദുൾ അസീസ്, ഷൈസൽഷാ എന്നിവർ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios