Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കുള്ള 'വാഴപ്പിണ്ടി' ഫാന്‍സി 'കാര്‍ട്ടണി'ലെത്തും

'നട്ടെല്ലില്ലാത്തവര്‍ക്ക് വഴപ്പിണ്ടി' എന്ന തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചലഞ്ച് സമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി പാര്‍സല്‍ അയച്ചതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 

youth congress protest against cm pinarayi vijayan in twin murder case
Author
Thrissur, First Published Feb 23, 2019, 8:22 PM IST

തൃശൂര്‍: 'നട്ടെല്ലില്ലാത്തവര്‍ക്ക് വഴപ്പിണ്ടി' എന്ന തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചലഞ്ച് സമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി പാര്‍സല്‍ അയച്ചതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.37നാണ് എബിടി പാര്‍സല്‍ സര്‍വീസ് വഴിയാണ് മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി ഫേന്‍സി കാര്‍ട്ടണിലാക്കി അയച്ചിട്ടുള്ളത്. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ സുനില്‍ ലാലൂരിന്റെ പേരിലാണ് 130 രൂപ ചെലവില്‍ തൃശൂരില്‍ നിന്നുള്ള വാഴപ്പിണ്ടി പാര്‍സല്‍ ചെയ്തിരിക്കുന്നത്. തൃശൂരില്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍ കയറി സാംസ്‌കാരിക നായകര്‍ക്കായി വാഴപ്പിണ്ടി സമര്‍പ്പണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചതോടെയാണ് ഏറെ ശ്രദ്ധേയമായത്. കാസര്‍ക്കോട്ടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ മൗനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ആധാരം. വിമര്‍ശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി അയക്കാന്‍ ചലഞ്ച് ആഹ്വാനം ചെയ്യുകയായിരുന്നു.

അതേസമയം, വെള്ളിയാഴ്ച ഉച്ചയോടെ പ്രകടനമായി തൃശൂര്‍ ഹെഡ് സ്പീഡ് പോസ്‌റ്റോഫീസില്‍ നിന്ന് വാഴപ്പിണ്ടി അയയ്ക്കാനുള്ള ശ്രമം പൊലീസിനെ ഉപയോഗിച്ച് അധികൃതര്‍ തടഞ്ഞിരുന്നു. ഇതോടെ റെയില്‍വെ മെയില്‍ സര്‍വീസ് ആസ്ഥാനത്തേക്ക് പ്രകടനം നടന്നു. അവിടെയും പോസ്റ്റല്‍ സൗകര്യം തടയപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് എബിടി പാര്‍സല്‍ സര്‍വീസ് വഴി പ്രത്യേകം പാക്ക് ചെയ്ത് വാഴപ്പിണ്ടി മുഖ്യമന്ത്രിക്ക് അയച്ചിട്ടുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ഡാനിയല്‍ രസീത് സഹിതം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. 

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നത് പൊതുജനങ്ങള്‍ കാണുന്നുണ്ട്. വാഴപ്പിണ്ടി സമരം നടത്തിയതിന്റെ പേരിലുള്ള പൊലീസ് കേസ് ഭരണകൂട ഭീതിയാണ്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കാപാലികരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക നായകരും ചെയ്യുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

അതിനിടെ, കരുനാഗപ്പിള്ളി ആദിനാട് സംഘടിപ്പിക്കപ്പെട്ട എ പി കളയ്ക്കാട് അനുസ്മരണത്തിനെത്തിയ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനനെ പുതിയകാവില്‍ തടഞ്ഞു നിര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഔദ്യോഗിക വാഹനത്തില്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.

Follow Us:
Download App:
  • android
  • ios